Begin typing your search above and press return to search.
'ഇക്കോട്ടോപ്പിയ' ജല സംരംക്ഷണത്തിന് ആപ്പ് വികസിപ്പിച്ച് മലയാളി വിദ്യാര്‍ത്ഥികള്‍
ഐബിഎം നടത്തിയ ഗ്ലോബല്‍ ഹാക്കത്തോണില്‍ ഇന്ത്യയില്‍ നിന്ന് 9 ടീമുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതില്‍ വിദ്യാര്‍ത്ഥികള്‍ മാത്രമുള്ള രണ്ട് ടീമുകള്‍. അതിലൊന്നിലുണ്ട് കേരളത്തിന് അഭിമാനിക്കാന്‍ വക. സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ടീം തൃശ്ശൂരിലെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജില്‍ നിന്നാണ്.
രണ്ടാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ മരിയ വിജി ജോര്‍ജ്, നേഹ സൂസന്‍ മനോജ്, എബില്‍ സാവിയോ, ഗോകുല്‍ ദിനേശ്, മരിയ തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ജല ഉപഭോഗം അളക്കുന്ന ഇക്കോടോപ്പിയ എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഗ്ലോബല്‍ ഹാക്കത്തോണിലെ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അധ്യാപകനായ അജയ് ജെയിംസിന്റെ പിന്തുണയോടെയാണ് ഇവര്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
ഇക്കോട്ടോപ്പിയ അഥവാ സുസ്ഥിര ഗ്രാമം
ഇക്കോട്ടോപ്പിയ എന്ന വാക്കിനര്‍ത്ഥം സുസ്ഥര ഗ്രാമം എന്നാണ്. ഏണസ്റ്റ് കോളന്‍ബാച്ച് 1975ല്‍ എഴുതിയ ഇക്കോട്ടോപ്പിയ എന്ന നോവലില്‍ നിന്നാണ് വാക്കിന്റെ ഉത്ഭവം. ജല ഉപഭോഗം കുറയ്ക്കുന്നതിലൂടെ ആ ഉദ്യമത്തിന് ആക്കം കൂട്ടുകയാണ് അഞ്ചുപേരുടെ ഈ സംഘം. വാട്ടര്‍ ടാങ്കിലും മഴവെള്ള സംഭരണിയിലും പിടിപ്പിക്കാവുന്ന രണ്ട് ഉപകരണങ്ങളിലൂടെയാണ് ആപ്പിലേക്ക് വിവരങ്ങള്‍ എത്തുന്നത്.
ടാങ്കില്‍ ഘടിപ്പിക്കുന്ന ഈ ഉപകരണം ഓരോ ദിവസത്തെയും മാസത്തിലെയും തുടങ്ങി പ്രതിവര്‍ഷം ഉപയോഗിക്കുന്ന ജലത്തിന്റെ അളവ് വരെ രേഖപ്പെടുത്തും. തുടര്‍ന്ന് ഈ വിവരങ്ങള്‍ ആപ്പലേക്ക് എത്തിക്കും. വൈഫൈയ്ക്ക് പകരം ചെലവു കുറഞ്ഞ ലോറാവാന്‍ (loRaWAN) ഗേറ്റ് വെയിലൂടെയാണ് ആപ്പിന്റെ പ്രവര്‍ത്തനം.
കേരളത്തിലെ ഒരു ജില്ലയില്‍ 6 ലക്ഷം വീടുകളില്‍ ഇക്കോട്ടോപ്പിയ ഉപയോഗിക്കുകയാണെങ്കില്‍ ഒരു മാസം രണ്ടായിരം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുമെന്നാണ് ആപ്പ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ വ്യക്തമായത്. അതായത് ഒരു വര്‍ഷം കൊണ്ട് ഒരു ജില്ലയില്‍ മാത്രം 15 ബില്യണ്‍ ലിറ്റര്‍ ജലം സംരക്ഷിക്കാം. കേവലം ഒരു പ്രോജക്ട് എന്നതിലുപരി ഇക്കോട്ടോപ്പിയയുമായി മൂന്നോട്ട് പോകാനാണ് ഈ വിദ്യാര്‍ഥികളുടെ തീരുമാനം. ഇതാനായുള്ള ഫണ്ടിംഗ് കണ്ടെത്താനുള്ള ശ്രമിത്തലാണിവര്‍.
ജലസംരക്ഷണം ലക്ഷ്യമിടുന്ന ഒരു സമൂഹം
ഓരോ പ്രദേശങ്ങളിലും ഇക്കോട്ടോപ്പിയ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ ഒരു ഗ്രൂപ്പ് ഉണ്ടായിരിക്കും. ആപ്പിലൂടെ മറ്റ് വീടുകളിലെ ജലഉപഭോഗവും അറിയാന്‍ സാധിക്കും. ഏറ്റവും കുറവ് ജലം പാഴാക്കുന്നവര്‍ക്ക് റാങ്കിങ്ങും റിവാര്‍ഡുകളും നല്‍കും. ഇത്തരത്തിലാണ് ഇക്കോട്ടോപ്പിയ വികസിപ്പിക്കുകയെന്ന് പ്രോജക്ടിന്റെ ഭാഗമായ മരിയ വിജി ജോര്‍ജ് പറയുന്നു. ഗ്ലോബല്‍ ഹാക്കത്തോണ്‍ കൂടാതെ എന്‍വിയോത്തോണില്‍ രണ്ടാം സ്ഥാനവും വിറ്റ്-എയ്‌സ് ടെക്കിന്റെ ഹാക്കത്തോണില്‍ ആദ്യ അഞ്ചില്‍ ഇടം നേടാനും ഇക്കോട്ടോപ്പിയക്കായി. നവംബര്‍ 16ന് ആണ് ഗ്ലോബല്‍ ഹാക്കത്തോണിന്റെ വിജയികളെ പ്രഖ്യാപിക്കുന്നത്.
Next Story
Videos