കൂട്ടക്കോപ്പിയടിക്ക് വഴിയൊരുക്കുന്ന ടെക്നോളജി; ചാറ്റ് ജിപിടി

സ്‌കൂള്‍/കോളേജ് കാലത്ത് കോപ്പിയടിക്കുന്നവര്‍ ഏറെയാണ്. ഹോംവര്‍ക്കും അസൈന്‍മെന്റും മുതല്‍ പരീക്ഷാഹാള്‍ വരെ നീളുന്ന കോപ്പിയടികള്‍ പലവിധമാണ്. ടീച്ചര്‍ തരുന്ന അസൈന്‍മെന്റുകളൊക്കെ പഠിക്കുന്ന കുട്ടികളുടെ നോക്കി എഴുതും. പരീക്ഷാ ഹാളിലാകട്ടെ തുണ്ട് വെച്ചും, പേപ്പര്‍മാറ്റിയുമൊക്കെ ആയിരിക്കും അഭ്യാസം. ടെക്നോളജിക്കൊപ്പം കോപ്പിയടിയുടെ രീതിയും മാറുകയാണ്.

ഒരു ഉദാഹരണം പറയാം. നോര്‍ത്തേണ്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഫിലോസഫി പ്രൊഫസര്‍ അടുത്തിടെ തന്റെ വിദ്യാര്‍ത്ഥികളോട് ബുര്‍ഖ നിരോധനത്തിനെ കുറിച്ച് ഒരു ഉപന്യാസം എഴുതാന്‍ ആവശ്യപ്പെട്ടു. അതില്‍ ഒരു കുട്ടി എഴുതിയ ഉപന്യാസം ആ പ്രൊഫസറെ അത്ഭുതപ്പെടുത്തി. ബുര്‍ഖ നിരോധനത്തിന്റെ ധാര്‍മ്മികതയെ കുറിച്ച് അതില്‍ വളരെ വ്യക്തമായി ഖണ്ഡിക തിരിച്ച് എഴുതിയിരിക്കുന്നു. എല്ലാ രീതിയിലും പെര്‍ഫക്ട്. സംശയം തോന്നിയ പ്രൊഫസര്‍ ആ വിദ്യാര്‍ത്ഥിയെ വിളിച്ച് കാര്യം തിരക്കി. അപ്പോഴാണ് അറിയുന്നത് ചാറ്റ് ജിപിടി ഉപയോഗിച്ച് എഴുതിയ ഉത്തരമാണതെന്ന്.

ഗൂഗിളൊക്കെ പോലുള്ള ഒരു സെര്‍ച്ച് എഞ്ചിന്‍ തന്നെയാണ് ചാറ്റ്ജിപിടി. പക്ഷെ സാധാരണ ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ തിരയുന്ന പോലെയല്ല. നമ്മള്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുന്ന ഒരു ചാറ്റ് ബോട്ടാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജി ഉപയോഗിച്ചാണ് ഈ ചാറ്റ്ബോട്ട് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ക്ക് ഒരു വിഷയത്തെ കുറിച്ച് ഉപന്യാസം എഴുതണോ, കഥ എഴുതണോ, ഓഫീസിലേക്ക് ലീവ് ലെറ്റര്‍ എഴുതണോ, അല്ലെങ്കില്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ നിങ്ങളുടെ മനസിനിണങ്ങുന്ന ഒരു പിറന്നാള്‍ സന്ദേശമയക്കണോ, എങ്കില്‍ വെറുതെ ആലോചിച്ച് സമയം കളയണ്ട. ചാറ്റ്ജിപിടിയോട് ചോദിച്ചാല്‍ മതി. ഇത്തരത്തില്‍ ലീവ് ലെറ്റര്‍ മുതല്‍ കംപ്യൂട്ടര്‍ കോഡുകള്‍വരെ ഈ ചാറ്റ്ബോട്ട് ചെയ്തുതരും.

കഴിഞ്ഞവര്‍ഷം നവംബറില്‍ പുറത്തിറങ്ങിയ ചാറ്റ്ജിപിടി, ടെക്നോളജിയിലൂടെ സമയം ലാഭിക്കാനും കാര്യങ്ങള്‍ ലളിതമാക്കാനും എത്രത്തോളം സാധിക്കും എന്നതിന് മികച്ച ഉദാഹരണമാണ്. ചാറ്റ്ജിപിടി തരുന്ന ഉത്തരങ്ങളിലെ ആധികാരികത ഉറപ്പിക്കാന്‍ സാധിക്കില്ലെങ്കിലും, തുടക്കമെന്ന നിലയില്‍ ഈ ചാറ്റ്ബോട്ട് മുന്നോട്ട് വെയ്ക്കുന്ന സാധ്യതകള്‍ വലുതാണ്. ബിസിനസ് മേഖലയില്‍ ഉള്‍പ്പടെ വ്യാപകമായി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ള ചാറ്റ്ജിപിടി ലോകത്താകമാനം ഒരു പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. അത് സ്‌കൂള്‍,കോളജ് വിദ്യാര്‍ത്ഥികളുടെ ചാറ്റ്ജിപിടി ഉപയോഗം ആണ്.

വിദ്യാര്‍ത്ഥികള്‍ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ചാറ്റ്ജിപിടിയെ കൂട്ടുപിടിച്ചപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ സ്‌കൂളുകളില്‍ നിരോധനം വരെ ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് സ്വന്തം മൊബൈലിലൂടെ ചാറ്റ്ജിപിടി ഉപയോഗിക്കാം എന്നതുകൊണ്ട് തന്നെ ഈ ന്യൂജെന്‍ കോപ്പിയടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തകൃതിയായി നടക്കുകയാണ്. ചാറ്റ് ജിപിടി ഉപയോഗം കുട്ടികളുടെ ചിന്താശേഷിയെ ഉള്‍പ്പെടെ ബാധിക്കുമെന്ന ആശങ്ക അധ്യാപാകര്‍ പങ്കുവെയ്ക്കുന്നു. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ആ പ്രൊഫസര്‍ സിലബസ് മാറ്റാനുള്ള ഒരുക്കത്തിലാണ്.

കേരളത്തില്‍ ചാറ്റ്ജിപിടി കോപ്പിയടി ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് എന്‍ഐടിയില്‍ കംപ്യൂട്ടര്‍ സയന്‍സിന് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി പറഞ്ഞത് ക്ലാസുകളില്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവര്‍ ഉണ്ടെന്നാണ്. എന്നാല്‍ അസൈന്‍മെന്റുകള്‍ ചെയ്യാന്‍ ആരും ചാറ്റ്ജിപിടിയെ ആശ്രയിക്കാറില്ലെന്നും സ്റ്റെപ്പുകളൊക്കെ വെറുതെ നോക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഈ വിദ്യാര്‍ത്ഥി പറഞ്ഞു. ഗൂഗിളില്‍ വിവരങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ സമയം കൂടുതല്‍ എടുക്കുമെന്നും ചാറ്റ്ജിപിടിയില്‍ ചോദിക്കുന്ന കാര്യത്തിന് മാത്രം ഉത്തരം കിട്ടുമെന്നതുമാണ് ഗുണമായി വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടിയത്.

ചാറ്റ്ജിപിടിക്ക് സമാനമായ വേറെയും എഐ ചാറ്റ്ബോട്ടുകളുണ്ട്. കാല്‍കുലേറ്റര്‍ വന്നപ്പോള്‍ കണക്കുകൂട്ടാന്‍ മറന്നുപോയവരുണ്ട്. മൊബൈല്‍ ഫോണുകള്‍ വന്നപ്പോള്‍ നമ്പറുകള്‍ കാണാതെ പഠിക്കുന്ന ശീലം നമ്മള്‍ ഉപേക്ഷിച്ചതാണ്. കീബോര്‍ഡില്‍ ഓട്ടോ കറക്ട് വന്നപ്പോള്‍ സ്‌പെല്ലിംഗുകള്‍ ഓര്‍ത്തെടുക്കാന്‍ പറ്റാത്തതിന്റെ പ്രശ്‌നങ്ങള്‍ പലരും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ ഉള്‍പ്പടെ സ്‌കൂളുകളും കോളജുകളും ചാറ്റ്ജിപിടി ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ സിലബസുകളില്‍ അടക്കം മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. എഡ്‌ടെക് കമ്പനികള്‍ക്കും, വളര്‍ന്നു വരുന്ന മറ്റ് ട്യൂഷന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും ഒരു പരിധി വരെ ഈ ചാറ്റ്ജിപിടി ഭീഷണിയാണ്.

എന്നാല്‍ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം ചര്‍ച്ചകളൊന്നും ഇതുവരെ ഉയര്‍ന്നുകേട്ടില്ല. വിഷയത്തില്‍ നമ്മളും അടിയന്തിര ശ്രദ്ധ നല്‍കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രം മുഖപ്രസംഗം എഴുതിയിരുന്നു. ടെക്നോളജി ജീവിതം കൂടുതല്‍ ആയാസരഹിതമാക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ അവ ഉയര്‍ത്തുന്ന ദൂഷ്യവശങ്ങളെക്കുറിച്ചും അവബോധം ഉണ്ടാകേണ്ടതുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ എങ്ങനെ മറികടക്കും എന്നുകൂടി ചിന്തിക്കണം.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it