Begin typing your search above and press return to search.
വാട്സാപ്പ് വഴിയുള്ള ആരോഗ്യ ഇൻഷുറൻസ് പ്രവർത്തിക്കുന്നത് എങ്ങനെ? നിങ്ങൾക്കും എടുക്കാമോ
ഡിജിറ്റല്‍ യുഗത്തില്‍ എല്ലാം അതിവേഗം എന്നാണല്ലോ. ആര്‍ക്കും നേരമില്ല. എല്ലാ സേവനങ്ങളും വിരല്‍ത്തുമ്പില്‍ കിട്ടണം. കെട്ടുകണക്കിന് ഫോമുകള്‍ പൂരിപ്പിച്ച് മണിക്കൂറുകള്‍ വരി നിന്ന് സേവനം ലഭ്യമാക്കാന്‍ ആര്‍ക്കും താല്പര്യമില്ല, പ്രത്യേകിച്ച് ന്യൂജന്‍ പിള്ളേര്‍ക്ക്. ഇത് നന്നായി അറിയാവുന്ന, യുവജന ഉപയോക്താക്കള്‍ ഏറെയുള്ള, വാട്‌സ്ആപ് കുഞ്ഞന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നു.
ഇപ്പോള്‍ ഇന്‍ഷൂറന്‍സ് രംഗത്തും 'ചെറുത്' തന്നെ വലുത്. ചെറിയ സൈസില്‍ ഉള്ള ലൈഫ് ഇന്‍ഷൂറന്‍സും നോണ്‍ ലൈഫ് ഇന്‍ഷൂറന്‍സും ഇപ്പോള്‍ ലഭ്യമാണ്. ഇതിനൊക്കെ നാമ മാത്രമായ പ്രീമിയമേ കാണൂ. ഓരോ പ്രത്യേക ആവശ്യത്തിനും ഇപ്പോള്‍ ഇന്‍ഷൂറന്‍സ് എടുക്കാം. ഡെങ്കി പനിക്ക് വേറെ, ഫിറ്റ്‌നസ് ഇന്‍ഷൂറന്‍സ് വേറെ, കൊതുകില്‍ നിന്ന് രക്ഷക്ക് മറ്റൊന്ന്, അങ്ങനെ പലതിനും. നാമ മാത്രമായ പ്രീമിയമേയുള്ളൂ എന്നത് മാത്രമല്ല ഇതിന്റെ ആകര്‍ഷണം. ഡിജിറ്റല്‍ പ്ലാറ്റുഫോമുകളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ഈ കുഞ്ഞാന്‍ ഇന്‍ഷൂറന്‍സുകള്‍ക്ക് സങ്കീര്‍ണ്ണമായ പേപ്പര്‍ വര്‍ക്കുകള്‍ ഒന്നും തന്നെയില്ല, മെഡിക്കല്‍ ടെസ്റ്റ് പോലും വേണ്ട. എല്ലാം ന്യൂജന്‍ പിള്ളേര്‍ക്ക് സൗകര്യമായി ഫോണില്‍ നിന്ന് ഡിജിറ്റല്‍ ആയി തന്നെ പൂര്‍ത്തീകരിക്കാന്‍ പറ്റും.
ധനകാര്യ സേവനങ്ങളിലെയും മറ്റ് സോഷ്യല്‍ ഇംപാക്ട് പ്രോഗ്രാമുകളിലെയും പൈലറ്റ് പ്രൊജക്റ്റുകള്‍ ഇന്ത്യയിലെ വാട്ട്‌സ്ആപ്പിന്റെ തന്ത്രത്തിന്റെ നെടുംതൂണുകളാണ്. ചെറുകിട ബിസിനസുകളുടെ ഡിജിറ്റൈസേഷന്‍, ബിസിനസ്സുകളുമായുള്ള ഉപഭോക്താക്കളുടെ ഇടപെടല്‍, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ തുടങ്ങിയ മേഖലകളിലൊക്കെ വാട്ട്‌സ്ആപ്പിന്റെ സ്വാധീനം ഗണ്യമായ തോതില്‍ നിലനില്‍ക്കുന്നുണ്ട്. ഉപയോക്തൃ അടിത്തറയുടെ വലുപ്പത്തിന്റെ കാര്യത്തില്‍ വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.
ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ഈ വര്‍ഷം അവസാനത്തോടെ കുഞ്ഞന്‍ ഇന്‍ഷൂറന്‍സ്, അഥവാ 'സാഷേസൈസ്' ആരോഗ്യ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ അതിന്റെ പ്ലാറ്റ്‌ഫോമിലൂടെ വില്‍ക്കാന്‍ പോകുന്നു.
മൈക്രോ പെന്‍ഷന്‍, എഡ്‌ടെക്, അഗ്രിടെക് എന്നീ മേഖലകളിലും വാട്ട്‌സ്ആപ്പ് പല പദ്ധതികളും ഇതിനകം തുടങ്ങിയിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്കിന്റെ ഫ്യൂവല്‍ ഫോര്‍ ഇന്ത്യ പരിപാടിയില്‍ സംസാരിച്ച വാട്‌സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് പറഞ്ഞു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ, ആക്‌സിസ് എന്നീ നാല് ബാങ്കുകളുമായി സഹകരിച്ച് പേയ്‌മെന്റ് സേവനങ്ങളുമായി കമ്പനി ഇതിനകം മുന്നോട്ട് പോയിട്ടുണ്ട്. പെന്‍ഷന്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടി പിന്‍ബോക്‌സ് സൊല്യൂഷന്‍സ്, എച്ച് ഡി എഫ് സി പെന്‍ഷന്‍ മാനേജ്‌മെന്റ് കമ്പനി, എസ് ബി ഐ ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയുമായി വാട്ട്‌സ്ആപ്പ് പങ്കാളികളാകും.
എല്ലാ മുതിര്‍ന്നവര്‍ക്കും അവരുടെ മൊബൈല്‍ വഴി ഏറ്റവും അടിസ്ഥാനപരവും നിര്‍ണായകവുമായ സാമ്പത്തിക ഉപജീവന സേവനങ്ങളിലേക്ക് പ്രവേശനം ഉണ്ടെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതിന് നിരവധി പൈലറ്റ് പദ്ധതികള്‍ ആലോചിച്ചു കൊണ്ടിരിക്കുകയാണ് വാട്ട്‌സ്ആപ്പ്.
ഈ വര്‍ഷാവസാനത്തോടെ ആളുകള്‍ക്ക് വാട്ട്‌സ്ആപ്പ് വഴി മിതമായ നിരക്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങാന്‍ കഴിയുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി അഭിജിത് ബോസ് പറഞ്ഞു. ഇന്ത്യയിലെ അനൗപചാരിക മേഖലയ്ക്കുള്ള പെന്‍ഷന്‍ സേവനങ്ങളിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഏറ്റവും ലളിതവും വിശ്വസനീയവും സ്വകാര്യതയുള്ളതും സുരക്ഷിതവുമായ അനുഭവം നല്‍കുക എന്ന കാര്യത്തിലാണ് തങ്ങളുടെ പ്രാഥമിക ശ്രദ്ധയെന്ന് ബോസ് പറഞ്ഞു.
ഇന്ത്യയിലെ ചെറുകിടബിസിനസ് ആവാസ വ്യവസ്ഥയെ കൂടുതല്‍ ഡിജിറ്റൈസ് ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് വാട്‌സാപ്പിന്റെ ലക്ഷ്യങ്ങളിലൊന്ന്.
40 കോടി ഉപയോക്താക്കള്‍ക്ക് പുറമേ, വാട്‌സ്ആപ്പിന്റെ ബിസിനസ് പതിപ്പിന് ഒന്നരക്കോടി ഉപയോക്താക്കളുണ്ട്. വാട്‌സ്ആപ്പിന്റെ പ്രത്യേക പതിപ്പായ വാട്‌സ്ആപ്പ് ബിസിനസ് ഷോപ്പ് ഉടമകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം, ഷോപ്പ് ഉടമകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കാറ്റലോഗുകള്‍ പുറത്തിറക്കിയിരുന്നു. ഈ മാസം ആദ്യം ഈ ബിസിനസ്സ് അപ്ലിക്കേഷനില്‍ കൂടുതല്‍ പുതിയ ഫീച്ചറുകള്‍ ചേര്‍ത്തു.
വാട്‌സ്ആപ്പിന്റെ പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കള്‍ക്ക് വലുതും ചെറുതുമായ അവരുടെ പ്രിയപ്പെട്ട കച്ചവട സ്ഥാപനങ്ങളുമായി കണക്റ്റുചെയ്യാനും സാധനങ്ങള്‍ വാങ്ങാനും എളുപ്പമാക്കുക എന്നതാണ് വാട്‌സ്ആപ്പിന്റെ ശ്രദ്ധ പതിയുന്ന മറ്റൊരു മേഖല.
വാട്‌സ്ആപ്പിലെ ആര്‍ക്കും തങ്ങളുമായി ഇടപഴകുന്നതിനും നല്ല അനുഭവങ്ങള്‍ നല്‍കുന്നതിനുമുള്ള മാര്‍ഗമായി ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും വിദ്യാഭ്യാസ കമ്പനികളും ചെറുതും വലുതുമായ വ്യാപാരികളും സര്‍ക്കാരും വാട്‌സ്ആപ്പിലെ ബിസിനസ് ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (എ പി ഐ) ഉപയോഗിച്ചു.
'ഞങ്ങള്‍ ഈ ബിസിനസ്സ് എ പി ഐയില്‍ നിക്ഷേപം തുടരും. പുതിയ ഫീച്ചറുകളുമായി വളരെ ഫ്‌ലെക്‌സിബിള്‍ ആയ ഉപഭോക്തൃ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഇന്ത്യയിലെ പാരിസ്ഥിതിക വ്യവസ്ഥയ്ക്ക് പറ്റിയ രീതിയില്‍ കസ്റ്റമൈസ് ചെയ്ത സേവനങ്ങള്‍ തങ്ങള്‍ വാഗ്ദാനം ചെയ്യുമെന്ന് അഭിജിത് ബോസ് പറഞ്ഞു.
എല്ലാ വിഭാഗം ആള്‍ക്കാര്‍ക്കിടയിലും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കാനാണ് വാട്‌സാപ്പിന് താല്പര്യം. പ്രത്യേകിച്ചും ഇന്ത്യയിലെ താഴെക്കിടയിലുള്ള ഉപയോക്താക്കള്‍ക്കായി. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബറില്‍ 13.87 കോടി രൂപയുടെ 310,000 ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ക്ക് വാട്‌സ്ആപ്പ് വേദിയായി.
Next Story
Videos