വരുന്നു അടുത്ത ഉത്തേജനം; പാക്കിസ്ഥാനിലെ കലാപം, ബജാജ് ഫിന്‍ നല്കുന്ന മുന്നറിയിപ്പുകള്‍

പാശ്ചാത്യ ഓഹരി സൂചികകള്‍ താഴോട്ടു പോയെങ്കിലും ഏഷ്യന്‍ വിപണികള്‍ വ്യാഴാഴ്ച ഉണര്‍വില്‍ തുടങ്ങിയിട്ട് താഴോട്ടു പോയി. എസ് ജി എക്‌സ് നിഫ്റ്റി ഉയരത്തില്‍ നിന്നു താഴോട്ടു വീണതിലെ സൂചന ഇന്ത്യന്‍ വിപണിയുടെ തുടക്കം താഴ്ചയിലാകുമെന്നാണ്.

നാലാം ദിവസവും കയറ്റം

തുടര്‍ച്ചയായ നാലാം ദിവസവും ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഉയര്‍ന്നു ക്ലോസ് ചെയ്യുന്നതാണു ബുധനാഴ്ച കണ്ടത്. അതിനു മുമ്പ് സെന്‍സെക്‌സില്‍ 826 പോയിന്റിന്റെ വലിയ ചാഞ്ചാട്ടം കണ്ടു. എട്ടു ദിവസത്തിനിടെ മൂന്നു തവണ 12,000 കടന്നിട്ടും നിഫ്റ്റിക്ക് ആ നിലയില്‍ തുടരാനായില്ല എന്നതു ശ്രദ്ധേയമായി. 12,000 നു മുകളില്‍ ക്ലോസ് ചെയ്താലേ നിഫ്റ്റി ഉറച്ച ദിശാബോധം കാണിക്കൂ എന്നു നിരീക്ഷകര്‍ പറയുന്നു. വരും ദിവസങ്ങളിലും വിപണി ഗണ്യമായ ചാഞ്ചാട്ടം കാണിക്കുമെന്നാണു നിഗമനം.

യൂറോപ്പില്‍ ആരോഗ്യ-നിര്‍മാണ മേഖലകളിലെ തിരിച്ചടി വിപണികളെ ഒരു ശതമാനത്തിലധികം താഴ്ത്തി. അമേരിക്കയില്‍ ഉത്തേജക പദ്ധതിയുടെ രൂപരേഖ കിട്ടാത്തതിന്റെ അനിശ്ചിതത്വം മൂലം സൂചികകള്‍ താണു.

* * * * * * * *

ഉത്തേജകമോ വാചകമോ?

ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം മൂന്നാം ഘട്ട ഉത്തേജകത്തെപ്പറ്റി സൂചിപ്പിച്ചതു ശരിവച്ച് ധനമന്ത്രാലയത്തിലെ വ്യയ (എക്‌സ്‌പെന്‍ഡിച്ചര്‍) സെക്രട്ടറി തരുണ്‍ ബജാജ് വിശദീകരണം നല്‍കി. വിദേശ ഫണ്ടുകളുമായും കമ്പനികളുമായും പ്രധാനമന്ത്രി തന്നെ ചര്‍ച്ച നടത്തും. വലിയ മൂലധന നിക്ഷേപ വാഗ്ദാനം നേടുകയാണ് ലക്ഷ്യം. ഒരു ഡസനിലേറെ വിദേശ കമ്പനികള്‍ ഇതില്‍ പങ്കാളികളായേക്കും.

ഇതിന്റെ തുടര്‍ച്ചയായിട്ടാകും ഉത്തേജകം പ്രഖ്യാപിക്കുക. പണം ചെലവഴിക്കുന്നതിനേക്കാള്‍ നിക്ഷേപ പ്രോത്സാഹന നടപടികളാകും അതിലുണ്ടാവുക. വിദേശ നിക്ഷേപത്തിനു തടസമായുള്ള ചട്ടങ്ങള്‍ മാറ്റുക, നികുതിയിളവ് നല്‍കുക, കയറ്റുമതിക്കു പരോക്ഷ സബ്‌സിഡി നല്‍കുക തുടങ്ങിയവ അതിലുണ്ടാകും. മേയ് മാസത്തില്‍ ആത്മ നിര്‍ഭര്‍ ഭാരത് എന്ന പേരില്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് ' സമാനമാകും ഇത്.

ബജറ്റില്‍ നിന്നു പണച്ചെലവുള്ള കാര്യങ്ങള്‍ ഇത്തവണയും കുറവാകും. മൂലധനച്ചെലവ് വര്‍ധിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. പക്ഷേ അവ നിലവിലുള്ള പദ്ധതികളുടെ തുടര്‍ച്ചയക്കോ പ്രതിരോധ കാര്യങ്ങള്‍ക്കോ ആയിരിക്കും. കുറേ ദിവസം മുമ്പ് നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പദ്ധതിയിലും പ്രതിരോധ കാര്യങ്ങള്‍ക്കായിരുന്നു പ്രാധാന്യം. അതിര്‍ത്തിയിലെ സംഘര്‍ഷ നിലയെ തുടര്‍ന്നു നടക്കുന്ന സന്നാഹങ്ങള്‍ക്കുള്ളതാണ് ആ ചെലവുകള്‍.

* * * * * * * *

പാക്കിസ്ഥാനില്‍ കുഴപ്പങ്ങള്‍

പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള വാര്‍ത്തകള്‍ അവിടെ പ്രശ്‌നങ്ങള്‍ ഉരുണ്ടുകൂടുന്നതായി കാണിക്കുന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാനുള്ള വാറന്റില്‍ ഒപ്പിടീക്കാനായി പോലീസ് ഐ ജി യെ പട്ടാളം തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ചു ഭീഷണിപ്പെടുത്തിയത്രെ. ഇതോടെ പോലിസ് കൂട്ട അവധി എന്ന സമരമുറ സ്വീകരിച്ചു. പട്ടാള നടപടിയെപ്പറ്റി ഉന്നതതല അന്വേഷണം ഉത്തരവായശേഷമാണു സമരം പിന്‍വലിച്ചത്. എന്നാല്‍ ഇതിനിടെ ചില പട്ടാള - പോലിസ് ഏറ്റുമുട്ടലുകളും വിശദീകരണമില്ലാത്ത സ്‌ഫോടനങ്ങളുമുണ്ടായി.

പട്ടാളം ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നത് പാക്കിസ്ഥാനിലെ സ്ഥിരം ശാപമാണ്. പുതിയ സംഭവ വികാസങ്ങള്‍ ഇന്ത്യ സശ്രദ്ധം നിരീക്ഷിക്കുന്നുണ്ട്.

* * * * * * * *

റിസല്‍ട്ടുകള്‍

കമ്പനി റിസല്‍ട്ടുകളുടെ തുടക്കം ഇതു വരെ നന്നായിരുന്നു. കുഴപ്പം പിടിച്ചവ ഒടുവിലേ വരൂ.

സിമന്റ് മേഖലയില്‍ എ സി സി ക്കു പിന്നാലെ അള്‍ട്രാടെക്കും നല്ല ഫലം പുറത്തുവിട്ടു. വിറ്റുവരവ് എട്ടു ശതമാനം കൂടിയപ്പോള്‍ അറ്റാദായം ഇരട്ടിയിലേറെയായി. സിമന്റ് വില കൂട്ടിയാണു ലാഭം വര്‍ധിപ്പിച്ചത്. മറ്റു സിമന്റ് കമ്പനികളില്‍ നിന്നും നല്ല റിസല്‍ട്ട് പ്രതീക്ഷിക്കുന്നു.

ജെ കെ ടയറിന്റെ രണ്ടാം പാദ ലാഭം 34 ശതമാനം കുറഞ്ഞതു മറ്റു ടയര്‍ കമ്പനികളുടെ ഓഹരികളില്‍ താല്‍പര്യം കുറച്ചേക്കാം. എന്നാല്‍ ഉത്സവ കാലം പ്രമാണിച്ചു വാഹന ഉല്‍പ്പാദനം കൂടിയത് ചില sയര്‍ കമ്പനികളെ സഹായിക്കും.

* * * * * * * *

അമേരിക്കയില്‍ ഡിബേറ്റും ഉത്തേജക ട്വിസ്റ്റും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുളള അവസാന ടെലിവിഷന്‍ ഡിബേറ്റ് ഇന്നു രാത്രി നടക്കും. ഇതിലൂടെ നിര്‍ണായക സംസ്ഥാനങ്ങളില്‍ മുന്നിലെത്തി തെരഞ്ഞെടുപ്പ് ജയിക്കാം എന്നാണു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മോഹം.

ഇതിനിടെ ഉത്തേജക വിഷയത്തില്‍ ട്രംപ് ചുവടു മാറ്റി. 1.8 ലക്ഷം കോടി ഡോളറിന്റെ പദ്ധതിയില്‍ ഭരണ-പ്രതിപക്ഷ ധാരണ വരുമെന്നായപ്പോള്‍ അതു പോരെന്ന നിലപാടിലേക്കു ട്രംപ് മാറി. അടുത്ത ചുവടുമാറ്റം ഡിബേറ്റില്‍ ഉണ്ടാകുമോ എന്നു കാത്തിരിക്കാം.

* * * * * * * *

സ്വര്‍ണം കയറിയിറങ്ങി, ക്രൂഡ് താണു

ഡോളറിന്റെ ദൗര്‍ബല്യത്തെ തുടര്‍ന്ന് സ്വര്‍ണ വില ബുധനാഴ്ച 1931 ഡോളര്‍ വരെ കയറി. പക്ഷേ യു എസ് ഉത്തേജകം വൈകുമെന്ന സൂചനയില്‍ വ്യാഴാഴ്ച രാവിലെ 1916 ഡോളറിലേക്കു സ്വര്‍ണം താണു.

അമേരിക്കയിലെ ക്രൂഡ് ഓയില്‍ സ്റ്റോക്ക് വര്‍ധിച്ചതും ഉല്‍പ്പാദനം കുറയ്ക്കില്ലെന്ന അഭ്യൂഹവും ക്രൂഡ് വില താഴ്ത്തി. ബ്രെന്റ് ഇനം വീപ്പയ്ക്ക് 41.70 ഡോളറിലേക്കും ഡബ്‌ള്യു ടി ഐ ഇനം 39.85 ഡോളറിലേക്കും താണു.

* * * * * * * *

ഡോളര്‍ ഉയര്‍ന്നു

രൂപയുമായുള്ള വിനിമയത്തില്‍ ഡോളര്‍നേട്ടമുണ്ടാക്കി. ഇന്നലെ 12 പൈസ കൂടി ഡോളറിന് 73.58 രൂപയായി.

* * * * * * * *

ബജാജ് ഫിന്‍ നല്കുന്ന മുന്നറിയിപ്പുകള്‍

പൊതുമേഖലാ ബാങ്കുകളിലും എന്‍ബി എഫ്‌സി കളിലും കരുതലോടെ വേണം നീങ്ങാന്‍ എന്ന് ഈ പംക്തിയില്‍ മുമ്പ് പറഞ്ഞതു ശ്രദ്ധിക്കുമല്ലോ. ബജാജ് ഫിനാന്‍സിന്റെ രണ്ടാം പാദ ഫലം മുന്നറിയിപ്പിനെ സാധൂകരിക്കുന്നു. ഒപ്പം സമ്പദ്ഘടന ഇപ്പോഴും തളര്‍ച്ചയിലാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

ബജാജ് ഫിനാന്‍സിന്റെ അറ്റാദായം 36 ശതമാനം കുറഞ്ഞു. പുതിയ വായ്പകള്‍ കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലേതിന്റെ പകുതിയില്‍ താഴെയേ ഉള്ളൂ. നിഷ്‌ക്രിയ ആസ്തി (എന്‍പി എ ) 1.03 ശതമാനമേ ഉള്ളൂ എന്നതു മോട്ടോറിയം കാലത്തെ കുടിശികയുടെ പേരില്‍ എന്‍ പി എ ആയി പ്രഖ്യാപിക്കരുതെന്ന സുപ്രീം കോടതി വിധിയുടെ ഫലമാണ്.

താരതമ്യേന കരുത്തുറ്റ കമ്പനിയാണു ബജാജ് ഫിനാന്‍സ്. അവരുടെ നില ഇതെങ്കില്‍ ദുര്‍ബലരായ ധനകാര്യ കമ്പനികളുടെ നില എന്താകും?

* * * * * * * *

ഓണ്‍ലൈന്‍ വ്യാപാരം കുതിക്കുന്നതിനു പിന്നില്‍

ഈ വര്‍ഷം ഉത്സവകാല സെയ്ല്‍സ് ഓണ്‍ലൈന്‍ കമ്പനികള്‍ക്കു പ്രതീക്ഷയിലും മികച്ചതായി. റീറ്റൈയ്ല്‍ ചെയിനുകള്‍ക്കും പരമ്പരാഗത വ്യാപാരികള്‍ക്കും ഉത്സവകാലം ഒട്ടും തിളക്കം നല്‍കിയില്ല.

കാരണമന്വേഷിച്ചു അധികം വിഷമിക്കേണ്ടതില്ല. ജനം യാത്രകള്‍ കുറച്ചു; ഷോപ്പിംഗിനിടയിലെ സമ്പര്‍ക്കത്തെപ്പറ്റി അവര്‍ക്കു ഭയമുണ്ട്. അതിനാല്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലേക്കു കൂടുതല്‍ പേര്‍ തിരിഞ്ഞു.

ഓണ്‍ലൈന്‍ വ്യാപാരം മെട്രോ കളിലെ ആള്‍ക്കാരേക്കാള്‍ കൂടുതലായി രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ ആള്‍ക്കാരെ ഈ വര്‍ഷം ആകര്‍ഷിച്ചു. വര്‍ക്ക് ഫ്രം ഹോമും മറ്റും മെട്രോ കളില്‍ നിന്നു വലിയൊരു സംഖ്യയെ ചെറുനഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മാറാന്‍ സഹായിച്ചതിന്റെ കൂടി ഫലമാണത്.

* * * * * * * *

ഇന്ത്യ - ചൈന അകലം കുടുന്നു

സാമ്പത്തിക വളര്‍ച്ചയ്ക്കു പകരം തളര്‍ച്ച ഉണ്ടാകുന്നതിനു സാമ്പത്തിക പ്രത്യാഘാതം മാത്രമല്ല ഉള്ളത്. രാജ്യത്തിന്റെ നിലവാരം ഇടിയുന്നതോടൊപ്പം മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ പിന്നിലാവുകയും ചെയ്യും.

ഇന്ത്യയുടെ കാര്യത്തില്‍ ചൈനയുമായുള്ള താരതമ്യത്തില്‍ വലിയ തിരിച്ചടിയാണ് ഈ വര്‍ഷത്തെ ജിഡിപി തളര്‍ച്ച മൂലം ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ജിഡിപി ചൈനീസ് ജിഡിപിയുടെ അഞ്ചിലൊന്നായിരുന്നു. ഈ വര്‍ഷം ഇന്ത്യന്‍ ജിഡിപി 10.3 ശതമാനം കുറയുമ്പോേള്‍ ചൈനീസ് ജിഡിപി ഇന്ത്യയുടേതിന്റെ ആറു മടങ്ങാകും.

അതിര്‍ത്തിയില്‍ ബലാബല പരീക്ഷ നടക്കുന്നതിനിടെ അത്ര സുഖകരമല്ല ഈ താരതമ്യം.

* * * * * * * *

ഡോളറിനു ക്ഷീണം, സ്വര്‍ണം കയറി

അമേരിക്കന്‍ ഉത്തേജകം സംബന്ധിച്ച പ്രതീക്ഷ വര്‍ധിച്ചത് ഡോളറിനു തിരിച്ചടിയായി. വിവിധ കറന്‍സികളുമായുള്ള ഡോളറിന്റെ വിനിമയ നിരക്കിന്റെ സൂചിക താഴോട്ടു പോയി. ഉത്തേജകം വഴി കൂടുതല്‍ ഡോളര്‍ വിപണിയിലെത്തും എന്നതാണു കാരണം. ഡോളര്‍ താണപ്പോള്‍ സ്വര്‍ണ വില ഉയര്‍ന്നു. 1925 ഡോളറിലാണ് ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണം ഇന്ന്.

* * * * * * * *

റബര്‍വില കൂടുന്നതിനു ചൈന തടസമാകുമോ?

ബാങ്കോക്ക് വിപണിയില്‍ റബര്‍ വില ദിവസങ്ങളായി കൂടുകയാണ്. 142.87 രൂപയില്‍ നിന്ന് മൂന്നാഴ്ച കൊണ്ട് 162.60 രൂപയിലെത്തി ആര്‍ എസ് എസ് മൂന്നിന്റെ വില. ചൈനയില്‍ നിന്നുള്ള ആവശ്യം വര്‍ധിച്ചതാണു കാരണം. കോവിഡിനു ശേഷം ചൈനീസ് വ്യവസായ മേഖല നല്ല ഉണര്‍വിലേക്കു വരികയാണ്. സെപ്റ്റംബര്‍ പാദത്തില്‍ ചൈനീസ് വ്യവസായ വളര്‍ച്ച 6.9 ശതമാനമായിരുന്നു. ഈ ഉണര്‍വ് അലൂമിനിയം, സിങ്ക് , ചെമ്പ് തുടങ്ങിയ ലോഹങ്ങള്‍ക്കും റബര്‍ പോലുള്ള വ്യാവസായിക അസംസ്‌കൃത പദാര്‍ഥങ്ങള്‍ക്കും വില കൂടാന്‍ വഴിതെളിച്ചു. കോവിഡ് മൂലം തായ്‌ലന്‍ഡില്‍ റബര്‍ ഉല്‍പ്പാദനം കുറഞ്ഞതും കാരണമാണ്. ഇന്ത്യയിലും വില കൂടി. വിദേശത്തെ തോതില്‍ കൂടിയില്ലെന്നു മാത്രം.

പക്ഷേ, ഈ ഉയര്‍ച്ച തുടരണമെങ്കില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് മനസ് വയ്ക്കണം. ഇന്ത്യ - ചൈന അതിര്‍ത്തി ശാന്തമായാലേ ഇന്ത്യയില്‍ സാമ്പത്തിക ഉണര്‍വിനു വഴി തെളിയൂ. ലഡാക്കിലും അരുണാചല്‍ പ്രദേശിലും ഭീഷണിയായി ചൈനീസ് പട യഥാര്‍ഥ നിയന്ത്രണരേഖയിലും ചിലേടങ്ങളില്‍ രേഖ കടന്നും നില്‍ക്കുമ്പോള്‍ രാജ്യം അശാന്തവും അസ്വസ്ഥവുമാകും. മുലധന നിക്ഷേപത്തിനും വളര്‍ച്ചയ്ക്കും ഒട്ടും പറ്റിയ സാഹചര്യമല്ല ഇത്.

ഈ അവസ്ഥ മാറാന്‍ ഷി മനസു വച്ചാലേ പറ്റൂ. ചൈനീസ് സേന പിന്മാറിയാല്‍ അതിര്‍ത്തി ശാന്തമാകും. അപ്പോള്‍ നിക്ഷേപത്തിനു പറ്റിയ അന്തരീക്ഷമാകും. അപ്പോള്‍ റബര്‍ വിലയിലും നല്ല ഉണര്‍വുണ്ടാകും.

* * * * * * * *

ഇന്നത്തെ വാക്ക് : വകയിരുത്തല്‍

ബാങ്കുകളും ധനകാര്യ കമ്പനികളും തങ്ങള്‍ നല്‍കിയ വായ്പപകള്‍ക്കും നടത്തിയ നിക്ഷേപങ്ങള്‍ക്കും വരാവുന്ന നഷ്ടസാധ്യത പരിഗണിച്ച് നിശ്ചിത അനുപാതം തുക നീക്കിവയ്ക്കും. ഇതാണു വകയിരുത്തല്‍ (Provisioning).

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it