ന്യൂ ഇയറിന് കുറഞ്ഞ ചെലവില്‍ ട്രിപ്പ് പോകണോ? ഇതാ അഞ്ച് കിടിലന്‍ സ്ഥലങ്ങള്‍

ക്രിസ്മസ്-ന്യൂ ഇയര്‍ വെക്കേഷനായിട്ട് ട്രിപ്പ് പോകാനാണ് പലരുടെയും പ്ലാന്‍. സ്ഥിരം പോകുന്ന റൂട്ടുകളെല്ലാം നോക്കി മടുത്തെങ്കില്‍ ഇതാ പോക്കറ്റ് കാലിയാക്കാതെ കോടമഞ്ഞും കൊണ്ട് യാത്ര ചെയ്യാനുള്ള അഞ്ച് കിടിലന്‍ ഇടങ്ങള്‍ പരിചയപ്പെടുത്താം. മൂന്നാറും വാഗമണും പോയി മടുത്തവരെങ്കില്‍ ഈ സ്‌പോട്ടുകള്‍ പരീക്ഷിക്കാവുന്നതാണ്.

1. കല്‍ക്കണ്ടമാണ് മാമലക്കണ്ടം

കോതമംഗലത്തു നിന്നും മാമലക്കണ്ടം, മൂന്നാര്‍ യാത്രയോ കോതമംഗലം-തട്ടേക്കാട് വഴി,കുട്ടമ്പുഴ, ഉരുളന്തണ്ണി, മാമലക്കണ്ടം യാത്രയോ തെരഞ്ഞെടുക്കാവുന്നതാണ്. അതിരാവിലെ എറണാകുളത്ത് നിന്ന് പോയാല്‍ രാത്രി തിരികെ എത്താവുന്ന വണ്‍ഡേ ട്രിപ്പായോ കോതമംഗലത്തെത്താന്‍ കഴിയുന്ന മറ്റ് ജില്ലക്കാര്‍ക്ക് അവിടെ നിന്ന് മാമലക്കണ്ടവും മൂന്നാറും ചുറ്റുന്ന രണ്ട് ദിവസത്തെ യാത്രയായോ പദ്ധതി ഇടാം. മനോഹരമായൊരു അനുഭവമാണ് മാമലക്കണ്ടം.

ടിപ്: ഗൂഗ്ള്‍ മാപ്പില്‍ മാമലക്കണ്ടം ഹൈസ്‌കൂള്‍ ഇട്ട് പോകാം. വേണ്ടത്ര താമസ സൗകര്യങ്ങളില്ലാത്തതിനാല്‍ മൂന്നാര്‍ ഭാഗത്ത് താമസിക്കാനുള്ള പദ്ധതി ഇടാം

2. കാറ്റ് കൊള്ളാന്‍ കവ

പാലക്കാടന്‍ കാറ്റിനെ പ്രകീര്‍ത്തിക്കാത്ത യാതാപ്രേമികളുണ്ടാകില്ല. പാലക്കാടന്‍ കാറ്റും കൊണ്ട് സായാഹ്നം പങ്കിടാന്‍ കഴിയുന്ന ഉഗ്രന്‍ സ്‌പോട്ടാണ് കവ.

മലമ്പുഴ ഡാം കണ്ടിട്ടില്ലാത്തവര്‍ക്ക് ഡാം കാഴ്ചകളും കവ വ്യൂ പോയിന്റിലെ സായാഹ്നവും ചേര്‍ത്ത് ഒന്നോ രണ്ടോ ദിവസത്തെ ട്രിപ്പ് പ്ലാന്‍ ചെയ്യാം.

ടിപ്: മലമ്പുഴ റൂട്ടില്‍ കവ വ്യൂ പോയിന്റ് ഗൂഗ്ള്‍ മാപ്പില്‍ സെറ്റ് ചെയ്ത് പോകാം.

3. പച്ച നിറഞ്ഞ നെല്ലിയാമ്പതി

പാലക്കാട് ജില്ലയില്‍ കണ്ടിരിക്കേണ്ട മറ്റൊരു ഇടമാണ് നെല്ലിയാമ്പതി. ഓരോ വളവിലും തിരിവിലും മഞ്ഞും മഴയും ഇളം വെയിലും സംഗമിക്കുന്ന പ്രകൃതിയാണു നെല്ലിയാമ്പതി. നൂറ്റാണ്ടുകള്‍ പിന്നിട്ട വൃക്ഷരാജാക്കന്മാരുടെ നടുവിലൂടെ നീണ്ടു കിടക്കുന്ന റോഡില്‍ അദ്ഭുതക്കാഴ്ചകള്‍ നിരവധിയാണ്. കാടിന്റെ നിശബ്ദസംഗീതം കേട്ടു സഞ്ചാരികള്‍ കൈകാട്ടിയില്‍ എത്തി ചേരുന്നു. നെല്ലിയാമ്പതിയിലെ ആദ്യത്തെ ജംക്ഷനാണു കൈകാട്ടി. ഇവിടെ നിന്നു വലത്തോട്ടുള്ള റോഡ് മണലാരോ തേയിലത്തോട്ടത്തിലേക്ക്. ഇടത്തോട്ടു തിരിഞ്ഞാല്‍ നെല്ലിയാമ്പതി പട്ടണം. നെല്ലിയാമ്പതിയില്‍ നിന്ന് ഒരു പാതയേയുള്ളൂ; പോബ്‌സണ്‍ തെയിലത്തോട്ടങ്ങളിലൂടെ സീതാര്‍കുണ്ടിലേക്ക്. ഇതാണ് നെല്ലിയാമ്പതിയുടെ പ്രധാന ആകര്‍ഷണം. സീതാര്‍കുണ്ട്, കേശവന്‍ പാറ, പാടഗിരി, പോത്തു പാറ, പലകപ്പാറ, തെയിലത്തോട്ടങ്ങള്‍ തുടങ്ങി ധാരാളം കാഴ്ചകളാണ് നെല്ലിയാമ്പതിയില്‍ കാത്തിരിക്കുന്നത്.

ടിപ്: രാവിലെ നെല്ലിയാമ്പതിയില്‍ എത്തുന്നതാണ് സൗകര്യം, വൈകുന്നേരം പ്രവേശനമില്ല. ആനയിറങ്ങുന്ന ഇടമായതിനാല്‍ തന്നെ നെല്ലിയാമ്പതിയില്‍ അമിത വേഗത ഒഴിവാക്കാം.

4. കൃഷ്ണപുരം കൊട്ടാരം

ആലപ്പുഴയില്‍ കായലും കടലും മാത്രം കാണാന്‍ പോയവരോട്, അവിടെ ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരം നിങ്ങള്‍ വിട്ടു പോകരുത്, കൃഷ്ണപുരം പാലസ്. കായംകുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കൃഷ്ണപുരം കൊട്ടാരം കേരള പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഒരു ചരിത്ര സ്മാരകമാണ്. ആലപ്പുഴ ജില്ലയിലെ കായംകുളത്തുനിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് കൃഷ്ണപുരം കൊട്ടാരം. ദേശീയപാതയില്‍ കൃഷ്ണപുരം മുക്കട ജംക്ഷനില്‍നിന്ന് 500 മീറ്റര്‍ സഞ്ചരിച്ചാല്‍ കൊട്ടാരത്തിലെത്താം. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള പത്മനാഭപുരം കൊട്ടാരത്തിന്റെ അതേ മാതൃകയിലാണത്രേ കൃഷ്ണപുരം കൊട്ടാരവും. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കൊട്ടാരത്തില്‍ പിന്നീട് മണിച്ചിത്രത്താഴ് സിനിമയുടെ ചില ഭാഗങ്ങളുള്‍പ്പെടെ ചിത്രീകരിച്ചതും ചരിത്രം.

ടിപ്: കൊട്ടാരം കണ്ട് നേരെ മണ്‍റോ തുരുത്തോ ആലപ്പുഴയിലെ സ്റ്റേയോ തിരഞ്ഞെടുത്താല്‍ രണ്ട് ദിവസം അടിപൊളിയാക്കാം.

5. കാടു കയറാന്‍ ഗവി

മൂന്നാറിന്റെ അതേ കാലാവസ്ഥയില്‍ മഞ്ഞില്‍ മൂടിയ അന്തരീക്ഷമാണ് ഗവിക്കും. പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കാണ് എപ്പോഴും. ട്രെക്കിംഗ്, ഔട്ട് ഡോര്‍ ക്യാമ്പിംഗ്, ത്രില്ലിംഗ് ആയ വനയാത്രകള്‍ തുടങ്ങി ഒട്ടേറെ ആക്റ്റിവിറ്റികള്‍ ഇവിടെ സഞ്ചാരികള്‍ക്കായുള്ളത്. മരങ്ങള്‍ക്കു മുകളില്‍ ഒരുക്കിയ വീടുകളും, കാടിനകത്തു ടെന്റ് കെട്ടി പാര്‍ക്കലുമെല്ലാം ഇവയില്‍പ്പെടുന്നു. വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളേയും വരയാടുകളേയും ഇവിടെ കാണാനാകും. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നിങ്ങനെ ഗവിയിലേക്കുള്ള വഴിയിലും ആകര്‍ഷണീയമായ സ്ഥലങ്ങളുണ്ട്.

ടിപ്: ഗവിയില്‍ പോകുമ്പോള്‍ പത്തനംതിട്ടയിലെ സര്‍ക്കാര്‍ റെസ്റ്റ് ഹൗസ് ബുക്ക് ചെയ്ത് പോയാല്‍ യാത്ര ബജറ്റ് ഫ്രണ്ട്‌ലി ആക്കാമെന്നു മാത്രമല്ല മികച്ച താമസ സൗകര്യങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള ഇടമായതിനാല്‍ മുന്‍ കൂട്ടി ബുക്ക് ചെയ്ത് പോയാല്‍ സമാധാനത്തോടെ യാത്ര ചെയ്യാം.

(Plan your trips accordingly after checking proper stays and timing)

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it