മൂന്നു ദിവസത്തെ ഹിമാലയൻ ട്രെക്കിങ്ങിൽ മരണത്തെ മുഖാമുഖം കണ്ട അനുഭവം!
മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാലയ പര്‍വതനിരയുടെ ഭാഗമായ ഇന്ദ്രഹാര ചുരം (4342 മീറ്റര്‍/14245 അടി ഉയരം) ഞാന്‍ കയറി. ബായ്ക്ക് പായ്ക്കര്‍ ഹോസ്റ്റലില്‍ വെച്ച് കണ്ടുമുട്ടിയ മറ്റു നാല് യാത്രികരോടൊപ്പമായിരുന്നു അത്.
ആ പര്‍വതാരോഹണം മൂന്നു ദിവസം നീണ്ടു നിന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റെടുത്ത ഏറ്റവും വലിയ ശാരീരിക വെല്ലുവിളിയായിരുന്നു അത്.
അതുകൊണ്ട് യാത്ര ആരംഭിച്ച സ്ഥലത്തു നിന്ന് ഏകദേശം 3 - 4 മണിക്കൂര്‍ ദൂരമുള്ള ട്രിയണ്ട് (2800 മീറ്റര്‍) എന്ന സ്ഥലത്തേക്ക് ട്രെക്കിംഗ് നടത്താനും അതേദിവസം തന്നെ തിരികെ പോരാനുമായിരുന്നു ആദ്യത്തെ പ്ലാൻ.
എന്നാല്‍ ഉച്ചതിരിഞ്ഞ് ഞങ്ങള്‍ ട്രിയണ്ടി ( Triund)ലെത്തിയപ്പോള്‍, യാത്ര പൂര്‍ത്തീകരിച്ച് മുകളില്‍ എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് ചിന്തിക്കാതിരിക്കാന്‍ എനിക്കും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞില്ല. അങ്ങനെ ഒരു ദിവസമെന്ന് ഉറപ്പിച്ചിരുന്ന യാത്ര മൂന്നു ദിവസത്തെ ട്രെക്കിംഗായി.
ട്രിയണ്ടില്‍ നിന്ന് ഞങ്ങള്‍ സ്‌നോ ലൈന്‍ എന്ന സ്ഥലത്തേക്ക് പോയി. അതിന് ഏകദേശം രണ്ടു മണിക്കൂര്‍ എടുത്തു. സ്‌നോലൈനില്‍ ഒരു കുടില്‍ പോലെയുള്ള ചെറിയ കഫെ ഉണ്ടായിരുന്നു. ഞങ്ങള്‍ അവിടെ കട്ടികൂടിയ പുതപ്പുകള്‍ മൂടി ഇരുന്നു, ചായ കുടിച്ചു, മറ്റു ട്രെക്കര്‍മാരെ കാണുകയും അവരുമായി സംസാരിച്ചിരിക്കുകയും ചെയ്തു.
സ്‌നോലൈന്‍ വരെ യാത്ര കുറച്ച് എളുപ്പമായിരുന്നു. എന്നാല്‍ ട്രെക്കിന്റെ രണ്ടാം ദിവസം രണ്ടു മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടായിത്തുടങ്ങി.
മഴ പെയ്യുന്നുണ്ടായിരുന്നു. കൂടെ ആലിപ്പഴവും. കനത്ത മഞ്ഞ് മൂടിക്കിടക്കുന്നതും കുത്തനെയുള്ളതുമായ സ്ഥലങ്ങളിലൂടെയാണ് യാത്ര. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരമുള്ള സ്ഥലമായതിനാല്‍ ഓക്‌സിജന്റെ കുറവു മൂലം വല്ലാതെ ക്ഷീണിച്ചു.
ഞാന്‍ കാഷ്വല്‍ ഷൂവാണ് ധരിച്ചിരുന്നത്. മുട്ടോളം മഞ്ഞായതിനാല്‍ അതു കൊണ്ട് ഒരു പ്രയോജനവും ഇല്ലാതായി. കൂടുതല്‍ സമയം വിശ്രമിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീളുന്ന യാത്രയില്‍ ഞങ്ങള്‍ പത്തു മിനുട്ടില്‍ കൂടുതല്‍ വിശ്രമിച്ചിരുന്നില്ല.
നല്ല വേഗത നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്ന് പറഞ്ഞ് ഞങ്ങളുടെ ഗൈഡ് കൂടുതല്‍ നേരം വിശ്രമിക്കാന്‍ അനുവദിച്ചിരുന്നില്ല. കാലാവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഉച്ചയോടെ ഇന്ദ്രഹാരയില്‍ എത്തിയില്ലെങ്കില്‍ മലനിരകളിലൂടെയുള്ള യാത്ര പ്രശ്‌നമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ദ്രഹാരയിലേക്ക് ഏകദേശം ഒരു മണിക്കൂറോ അതില്‍ കൂടുതലോ ദുരമുള്ളപ്പോള്‍, ഇനി കാര്യങ്ങള്‍ കൂടുതല്‍ അപകടകരമായി മാറാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ മുന്നോട്ട് പോകാന്‍ തയാറാണോ എന്ന് ഗൈഡ് ഞങ്ങളോട് ചോദിച്ചു.
കൂട്ടത്തിലൊരാള്‍ക്ക് പുനര്‍വിചിന്തനമുണ്ടായി. ഞങ്ങളുടെ കൂട്ടത്തില്‍ അദ്ദേഹത്തിനു മാത്രമേ കുട്ടി ഉണ്ടായിരുന്നുള്ളൂ. കുട്ടി അദ്ദേഹത്തെ ആശ്രയിച്ച് കഴിയുന്നു എന്നതിനാല്‍ ഒരു റിസ്‌ക് എടുക്കാന്‍ തയാറായിരുന്നില്ല.
അതേസമയം ഞാനാകാട്ടെ, ജീവിതത്തില്‍ ഇന്നു വരെ ഇത്രയേറെ ക്ഷീണിച്ചിരുന്നില്ല. ഒരു മണിക്കൂര്‍ കൂടി മുകളിലേക്ക് കയറിയാല്‍ തിരിച്ചു വരാനുള്ള കരുത്ത് ബാക്കിയുണ്ടാകുമോ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ എനിക്ക് യാത്ര അവസാനിപ്പിക്കാന്‍ തോന്നിയില്ല.
ഇത്രയും അടുത്ത് എത്തിയിട്ട് തിരിച്ചു പോകാന്‍ എനിക്ക് തോന്നിയില്ല. എന്തായാലും ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് മുകളിലേക്ക് പോകാന്‍ തീരുമാനിച്ചു. ഒടുവില്‍ ഏകദേശം 12 മണിയോടു കൂടി ഞങ്ങള്‍ ഇന്ദ്രഹാര ചുരത്തില്‍ എത്തി. എന്നിലെ ഊര്‍ജം മുഴുവനെടുത്താണെങ്കിലും അവിടെ എത്താനായതില്‍ സംതൃപ്തി തോന്നി.
മൂന്നാം ദിവസം സ്‌നോലൈനില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അടുത്തത്. കൂട്ടുകാര്‍ക്കൊപ്പം നടന്നെത്താന്‍ കഴിയാത്തതിനാല്‍ അവരോട് എന്നെ കൂടാതെ മുന്നോട്ട് പൊയ്‌ക്കൊള്ളാന്‍ ഞാന്‍ പറഞ്ഞു.
എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എനിക്ക് വഴി തെറ്റി. തിരികെയുള്ള വഴി കണ്ടെത്താനായി ഞാന്‍ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ കണ്ടെത്താനാകുന്ന വഴി വളരെ അപകടം പിടിച്ചതായിരുന്നു. ഞാന്‍ അവിടെ കുടുങ്ങി. അടുത്തെങ്ങും ആരുമില്ല. അതുകൊണ്ട് അപകടകരമായ വഴിയിലൂടെ തന്നെ പോകാന്‍ ഞാന്‍ തീരുമാനിച്ചു.
ജീവന് തന്നെ ഭീഷണിയാകുന്ന കാര്യങ്ങളില്‍ വ്യാപൃതരാകുന്നത് പലര്‍ക്കും ഹരമാണ്. അവര്‍ പറയുന്നത് അപകടകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നതിലൂടെ ജീവിതം സജീവമായി തോന്നുമെന്നും ആ നിമിഷത്തില്‍ മാത്രം ഏറ്റവും തീവ്രമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റുമെന്നുമാണ്. എന്നാല്‍ എന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല.
അപകട സാധ്യതയുള്ളതും ഇടുങ്ങിയതുമായ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ എന്നില്‍ ആശയക്കുഴപ്പമുണ്ടാക്കിയ കാര്യം, ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്‌നമാണെങ്കിലും എനിക്ക് മനസ്സ് ശാന്തമാക്കാനും പൂര്‍ണമായും ഏകാഗ്രമാക്കാനും ശ്രദ്ധാപൂര്‍വം നീങ്ങാനും കഴിഞ്ഞെല്ലെന്നതാണ്.
രക്ഷപ്പെടാനായി ഞാന്‍ പിടിച്ചിരിക്കുന്ന ചെറുചില്ലകള്‍ ഏതു നിമിഷം വേണമെങ്കിലും പൊട്ടി ഞാന്‍ വീണുപോകുമെന്നും അതിന്റെ ഫലം മാരകമായിരിക്കുമെന്നും പെട്ടെന്ന് തന്നെ ഞാന്‍ മനസ്സിലാക്കി. ഇത്തവണ തെന്നി വീണാല്‍ രക്ഷപ്പെടുത്താന്‍ ഗൈഡും കൂടെയില്ല.
ഞാന്‍ സഹായത്തിനായി പ്രാര്‍ത്ഥിച്ചു. തിരിച്ചു പോകാനുള്ള മറ്റൊരു വഴിക്കായി തിരഞ്ഞു.
ഞാന്‍ വഴിതെറ്റി ഏകദേശം 30 മിനുട്ടിനു ശേഷം എന്നെ പോലെ വഴി തെറ്റിപ്പോയ ഒരു കൂട്ടം ട്രെക്കര്‍മാരെ ഞാന്‍ കണ്ടു. അവര്‍ എനിക്കൊരു കൂട്ടായി.
ഞങ്ങളെല്ലാവരും കൂടി സുരക്ഷിതമായ ഒരു വഴി തേടാന്‍ തീരുമാനിച്ചു. ഒടുവില്‍ ആശ്വാസം നല്‍കിക്കൊണ്ട് ഞങ്ങളതില്‍ വിജയിച്ചു. പിന്നീടുള്ള ട്രെക്കിംഗ് തടസ്സങ്ങളൊന്നുമില്ലാതെ തുടര്‍ന്നു.
ട്രെക്കിംഗ് കഴിഞ്ഞപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി. എന്റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്തേണ്ടതുണ്ട്. കൂടെയുണ്ടായിരുന്നവരില്‍ മൂന്നു പേര്‍ക്ക് നാല്‍പ്പതിന് മേല്‍ പ്രായമുണ്ടായിരുന്നെങ്കിലും ട്രെക്കിംഗിനിടെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചത് ഞാനായിരുന്നു.
അവരില്‍ ഒരാള്‍ എന്നേക്കാള്‍ രണ്ട് വയസ്സ് മാത്രം കൂടുതല്‍ പ്രായമുള്ളയാളായിരുന്നു. ട്രെക്കിംഗിനിടെ ഒരിക്കല്‍ പോലും അദ്ദേഹം തളര്‍ന്നു കണ്ടില്ല. ക്രോസ്ഫിറ്റ് (Cross-Fit) പരിശീലനം (തീവ്രതയുള്ള വര്‍ക്ക് ഔട്ട്) ശീലമാക്കിയാണ് അദ്ദേഹം മികച്ച ഫിറ്റ്‌നസ് സ്വന്തമാക്കിയത്.
എന്റെ ജീവിത ശൈലി മാറ്റുന്നതിനും കൂടുതല്‍ ശാരീരികമായി സജീവമാകുന്നതിനുമുള്ള ഒരു വിളിയായിരുന്നു ട്രെക്ക്. ഇപ്പോള്‍ രാവിലെ വ്യായാമം ചെയ്തു കൊണ്ടാണ് ഞാന്‍ ദിവസം ആരംഭിക്കുന്നത്. ഇപ്പോഴാണ് അത്തരത്തിലൊരു ട്രെക്കിംഗ് നടത്തുന്നതെങ്കില്‍ കുറച്ചു കൂടി എളുപ്പമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.
ഇന്ദ്രഹാര ട്രെക്കിംഗ് എന്നെ സംബന്ധിച്ച് നിരവധി പുതുമകള്‍ നിറഞ്ഞതായിരുന്നു. ഞാന്‍ മഞ്ഞു കാണുന്നതും പൂജ്യത്തിന് താഴെയുള്ള താപനില അനുഭവിക്കുന്നതും മല കയറുന്നതും ടെന്റില്‍ കിടന്നുറങ്ങുന്നതുമെല്ലാം ആദ്യമായിട്ടായിരുന്നു.
എനിക്ക് എന്നോടുള്ള കാഴ്ചപ്പാട് തന്നെ ട്രെക്കിംഗ് മാറ്റി. ഞാന്‍ കരുതുന്നതിലുമേറെ കഴിവുകളുള്ളയാളാണെന്ന തോന്നല്‍ അത് എന്നില്‍ അവശേഷിപ്പിച്ചു.
തിരിഞ്ഞു നോക്കുമ്പോള്‍ ഹിമാലയം കയറണമെന്ന എന്റെ സ്വപ്‌നം പൂര്‍ത്തീകരിച്ചതില്‍ എനിക്ക് അഭിമാനം തോന്നുന്നു. എന്നാല്‍ മറ്റെന്തിനേക്കാളും ആ ട്രെക്കിംഗ് കഴിഞ്ഞ് ജീവനോടെ തിരിച്ചെത്തി എന്നതിലാണ് എനിക്ക് ഏറ്റവും നന്ദിയുള്ളത്.
For more practical tips to live better visit Anoop's website: thesouljam.com