കൊടൈക്കനാല്‍ 'ഔട്ട്‌ഡേറ്റഡ്' ആയി, 'ചാര്‍ളി'മാര്‍ക്ക് വേണ്ടത് ഉള്‍ഗ്രാമങ്ങള്‍

തട്ടുതട്ടായി പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍, മലയിടുക്കുകളിലൂടെ ഇറങ്ങിവരുന്ന വെള്ളച്ചാട്ടങ്ങള്‍, മാറിമറയുന്ന കോട മഞ്ഞില്‍ തെളിയുന്ന ചെറുഗ്രാമങ്ങള്‍... കൊടൈക്കനാലിലെ പ്രധാന നഗരത്തില്‍നിന്നും പൂണ്ടിയിലേക്കുള്ള യാത്രയില്‍ കാത്തിരിക്കുന്ന കണ്‍കുളിര്‍മയേകുന്ന കാഴ്ചകളാണിത്. ഈ കാണാകാഴ്ചകളും തേടി വിനോദസഞ്ചാരത്തിനപ്പുറം സംസ്‌കാരവും ജീവിതവും അടുത്തറിയാന്‍ ഇവിടങ്ങളിലേക്ക് ദിനവും എത്തുന്നത് നൂറുകണക്കിന് പേരാണ്, പ്രത്യേകിച്ച് മലയാളികള്‍.

നേരത്തെ, കൊടൈക്കനാല്‍ എന്ന് കേള്‍ക്കുമ്പോള്‍ തടാകവും സൂയിസൈഡ് പോയ്ന്റുകളും പൈന്‍ വാലിയുമായിരുന്നു മലയാളിയുടെ ഓര്‍മളിലേക്ക് വന്നിരുന്നത്, എന്നാലിപ്പോള്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ കൊടൈക്കനാലിനടുത്തുള്ള ഉള്‍ഗ്രാമങ്ങളിലെ കാഴ്ചകള്‍ ലോകം കണ്ടുതുടങ്ങിയതോടെ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളും 'ഔട്ട്‌ഡേറ്റഡ്' ആയി.


കണ്ണിന് കുളിരേകും ഒപ്പം മനസിനും

ക്ലാവരൈ, പൂമ്പാറൈ, മന്നവനൂര്‍, പൂണ്ടി... കൊടൈക്കനാലെത്തുന്നവര്‍ക്ക് ഇറങ്ങിച്ചെല്ലാവുന്ന ഗ്രാമങ്ങളാണിത്. കൊടൈക്കനാലില്‍നിന്നും പൂണ്ടിയിലേക്ക് 40 കിലോമീറ്റര്‍ ദൂരമാണുള്ളത്. കൊടും കാടിലൂടെ കോടമഞ്ഞ് പുതച്ച റോഡിലൂടെ തികച്ചും പ്രകൃതിയെ അറിഞ്ഞുള്ള യാത്ര. ചില സ്ഥലങ്ങളില്‍നിന്ന് താഴേക്ക് നോക്കുമ്പോള്‍ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍ കാണാം. ഇവയ്ക്കിടയിലായി ഏതാനും വീടുകളുള്ള ചെറുഗ്രാമങ്ങളും.

കേരളത്തിലേക്കും മറ്റിടങ്ങളിലേക്കും ആവശ്യമായ പച്ചക്കറികളാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. ഓരോ സീസണിലും കൃഷി ചെയ്യുന്നവയിലും മാറ്റമുണ്ടാകും. ഇപ്പോള്‍ ക്യാരറ്റ്, ബീന്‍സ്, ബീറ്റ്‌റൂട്ട് എന്നിവയുടെ സീസണാണ്. അതിനാല്‍ തന്നെ പോകുന്നവഴികളിലൊക്കെ വിനോദസഞ്ചാരികളെയും കാത്തുനില്‍ക്കുന്ന പച്ചക്കറി വില്‍പ്പനക്കാരെയും കാണാന്‍ പറ്റും.


നാട് പോലെ തന്നെ, ഇഷ്ടം തോന്നുന്ന ജനതയാണ് ഇവിടെയുള്ളതും. തങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തിനിടയില്‍ മലയാളികളടക്കമുള്ളവര്‍ക്ക് വേണ്ടി കൃഷി ചെയ്യുന്നവര്‍. ഗ്രാമങ്ങളിലേക്ക് ഇറങ്ങിവരുന്നവരെ സ്‌നേഹത്തോടെയാണ് ഇവര്‍ വരവേല്‍ക്കുന്നത്. തങ്ങളുടെ ഇല്ലായ്മകളിലും ഭക്ഷണം വേണോയെന്ന് ചോദിക്കുന്ന അമ്മൂമമാര്‍ പോലുമുണ്ട് ഇവിടങ്ങളില്‍. കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഓരോ നിമിഷവും കഠിനമായി പരിശ്രമിക്കുന്നവരാണെന്ന് ഈ ഉള്‍ഗ്രാമ കാഴ്ചകള്‍ നമ്മെ പഠിപ്പിക്കും.


കൊടൈക്കനാല്‍ മലയാളികളുടെ ഇഷ്ട കേന്ദ്രം

കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ കേരളത്തില്‍നിന്നും കൊടൈക്കനാലിലേക്ക് ദിനവുമെത്തുന്നത് ആയിരങ്ങളാണ്. കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നും വിനോദസഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ടെങ്കിലും ഭൂരിഭാഗവും മലയാളികളാണെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. ''കോവിഡിന് മുമ്പുള്ള പോലെ തന്നെ ടൂറിസ്റ്റുകള്‍ ഇവിടെയത്തുന്നുണ്ട്. വരുന്നവരില്‍ കൂടുതലും മലയാളികളാണ്. കര്‍ണാടകയില്‍നിന്ന് വരുന്നവരുടെ എണ്ണം കുറഞ്ഞു'' വിനോദ സഞ്ചാരികളുടെ ഒഴുക്കിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചായക്കടക്കാരനായ ജോസഫ് പറഞ്ഞത് ഇങ്ങനെയാണ്. കച്ചവടം മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ കൂടുതലായി എത്താന്‍ തുടങ്ങിയതോടെ റോഡുകളില്‍ മാത്രമല്ല, ഹോം സ്‌റ്റേകളിലും തിരക്കാണ്. ഓരോരുത്തര്‍ക്കും അവരുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള റൂമുകള്‍ ഇവിടെ ലഭ്യമാകും. കൂടാതെ, കൊടൈക്കനാലിന് സമീപത്തെ 'അണ്‍-എക്‌സ്‌പ്ലോറ്ഡ്'' സ്ഥലങ്ങളിലേക്ക് എത്തുന്നവര്‍ക്കും താമസത്തിന് തിരഞ്ഞെടുക്കുന്നത് കൊടൈക്കനാല്‍ ടൗണ്‍ തന്നെയാണ്. ഒരാള്‍ക്ക് 500 രൂപയുടെ റൂമും കൂട്ടമായി എത്തുന്നവര്‍ക്ക് 2000 രൂപ മുതല്‍ വാടക വരുന്ന റൂമുകളും കൊടൈക്കനാലിലുണ്ട്.

''ഇപ്പോള്‍ ആളുകള്‍ ധാരാളമായി വരുന്നുണ്ട്. പ്രത്യേകിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍. ആളുകള്‍ കൂടുമ്പോള്‍ റൂമിനും ഡിമാന്റ് വര്‍ധിക്കും. 2000 രൂപ മുതലാണ് ഹോം സ്‌റ്റേകള്‍ക്ക് ഈടാക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ക്കൊക്കെ താമസിക്കാവുന്നതാണ്'' കൊടൈക്കനാലിലെ ഹോം സ്‌റ്റേ നടത്തിപ്പുകാരനായ എബ്രഹാം ധനത്തോട് പറഞ്ഞു.


മലയാളിയുടെ വിനോദ സഞ്ചാര രീതി മാറുന്നു

നേരത്തെ കാഴ്ചകള്‍ കണ്ട്, പാര്‍ക്കുകളില്‍ പോയി ഉല്ലസിച്ചുവന്നിരുന്ന മലയാളിയുടെ വിനോദ സഞ്ചാര രീതി മാറിയത് സമീപകാലത്താണ്. ചാര്‍ലി, നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി തുടങ്ങിയ സിനിമകള്‍ യുവ മലയാളികളുടെ മനസിലേക്ക് ഈയൊരു മാറ്റത്തിന് തുടക്കമിട്ടപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ വലിയ സ്വാധീനമുണ്ടാക്കി.

വയനാടും മൂന്നാറൂം കൊടൈക്കനാലുമൊക്കെ മലയാളികളുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിലുണ്ടെങ്കിലും കാണുന്ന കാഴ്ചകളും യാത്രാ രീതികളും വ്യത്യസ്തമാകുന്നത് അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ്. സോളോ ട്രിപ്പുകളും ബുള്ളറ്റ് റൈഡുകളും വ്യാപകമായത് തന്നെ ഇതിന് വലിയ ഉദാഹരണം. മൂന്നാറില്‍ പോയി വന്നിരുന്നവര്‍ വട്ടവടയിലെ ജീവിതം പഠിച്ചുതുടങ്ങിയതും ഉള്‍ഗ്രാമങ്ങളില്‍ താമസിച്ച് അവരോടപ്പം ഉറങ്ങിയും ഭക്ഷണം കഴിച്ചും സന്തോഷം കണ്ടെത്തുന്ന വലിയൊരു വിഭാഗം മലയാളി യുവത്വം തന്നെ ഇന്നുണ്ട്. കോളേജിലെയും ജോലി സ്ഥലത്തെയുമൊക്കെയുള്ള സുഹൃത്ത് കൂട്ടായ്കള്‍ക്ക് ഇപ്പോള്‍ വേണ്ടത് ഈ വൈബുകളാണ്, ഒപ്പം അല്‍പ്പം സാഹസികതയും.

Related Articles
Next Story
Videos
Share it