കെ.എസ്.ആര്‍.ടി.സി ഗവി ടൂര്‍ സൂപ്പര്‍ഹിറ്റ്; ഏറ്റവും പുതിയ ട്രിപ്പിന്റെ വിശദാംശങ്ങള്‍

കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സെല്‍ സൂപ്പര്‍ ഹിറ്റ് ആണ്, പ്രത്യേകിച്ച് കെ.എസ്.ആര്‍.ടി.സിക്ക് ഏറ്റവും ലാഭമുണ്ടാക്കിക്കൊടുത്ത ഗവി ട്രിപ്പ്. ക്രിസ്മസ് - പുതുവത്സരാഘോഷത്തിനായി വിവിധ ഡിപ്പോകളില്‍ നിന്നും ഗവി ട്രിപ്പുകള്‍ നടത്തുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ പാക്കേജ് വിവരങ്ങള്‍ പുറത്തു വിട്ടു.

യാത്ര, ഉച്ച ഭക്ഷണം, ബോട്ടിംഗ്, എന്‍ട്രി ഫീ, ബസ് ഫെയര്‍ ഉള്‍പ്പെടുന്ന പാക്കേജ് ആണിത്. 1,450 രൂപ മുതല്‍ 1,850 രൂപ വരെയാണ് ട്രിപ്പ് നിരക്ക്.

ആലപ്പുഴ ഡിപ്പോയില്‍ നിന്നും ഹരിപ്പാട് ഡിപ്പോയില്‍ നിന്നും ഡിസംബര്‍ 21, മാവേലിക്കര ഡിപ്പോയില്‍ നിന്ന് ഡിസംബര്‍ 28, എടത്വ ഡിപ്പോയില്‍ നിന്ന് ഡിസംബര്‍ 29, ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്ന് ഡിസംബര്‍ 25,21 തീയതികളില്‍, ചേര്‍ത്തല ഡിപ്പോയില്‍ നിന്ന് ഡിസംബര്‍ 29 എന്നിങ്ങനെയാണ് ട്രിപ്പുകള്‍.

വിവരങ്ങള്‍ക്ക് ആലപ്പുഴ ബജറ്റ് ടൂറിസം സെല്ലിന്റെ 9895505815, 9400203766 നമ്പറുകളില്‍ ബന്ധപ്പെടാം.

ഗവി ഹിറ്റായ വഴി

2022 ഡിസംബര്‍ ഒന്നിന് തുടങ്ങിയ സര്‍വീസ് 2023 ഡിസംബര്‍ ആയപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടു. ഇതുവരെ നടത്തിയ ട്രിപ്പുകളില്‍ മൂന്നുകോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനമായി ലഭിച്ചെന്നാണ് പത്തനംതിട്ട ബജറ്റ് ടൂറിസം സെല്‍ നല്‍കിയ വിവരം. പത്തനംതിട്ടയില്‍നിന്നു ഒരു ദിവസം മൂന്നുവീതം സര്‍വീസുകളാണ് ഗവിയിലേക്ക് നടത്തുക. രാവിലെ ഏഴിന് പത്തനംതിട്ടയില്‍നിന്ന് യാത്ര പുറപ്പെടും. രാത്രി എട്ടരയോടെ മടങ്ങിയെത്തും.

പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി-ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ കാനനഭംഗിയും ആസ്വദിച്ച് ഗവിയിലെത്തും. ബോട്ടിങ്ങും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടുംകണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ മേഖലകളില്‍ നിന്നെത്തുന്നവരെ പത്തനംതിട്ടയിലെത്തിച്ച്, അടുത്തദിവസം ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുന്നത്. കാട്ടുപോത്തുകള്‍, പുള്ളിമാനുകള്‍, കടുവ, പുലി തുടങ്ങിയവയെ കാനനവഴികള്‍ കാണാന്‍ കഴിഞ്ഞവരുണ്ട്.

പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ് നിരക്ക്.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it