"എന്നെ ഞാനാക്കിയത് ബാല്യത്തിലെ കഷ്ടപ്പാടുകള്‍"

കുഞ്ചാക്കോ ബോബന്‍, അഭിനേതാവ്

എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നതെന്ത് ?

കുറച്ചു നേരം പ്രാര്‍ത്ഥിക്കും.

ഭക്ഷണ ശീലങ്ങള്‍?

നന്നായി കഴിക്കുന്ന ആളാണ് ഞാന്‍. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഏറെ ഇഷ്ടം. സാധാരണ ഹെവി ബ്രേക്ക് ഫാസ്റ്റ് ആയിരിക്കും, ഉച്ചയ്ക്ക് അത്ര ഹെവി അല്ലാതെ കഴിക്കും, വൈകിട്ട് ഈയിടെയായി ഡിന്നര്‍ നേരത്തെ കഴിക്കുന്ന ശീലമാക്കിയിട്ടുണ്ട്. ഭാര്യയും അമ്മയും നല്ല പാചകക്കാരാണ്. ഇവര്‍ രണ്ട് പേരും മത്സരിച്ചുണ്ടാക്കും, ഞാന്‍ കഴിക്കും. അമ്മയുടെ ചില്ലി ചിക്കനും പ്രിയ ഉണ്ടാക്കുന്ന ചില കപ്പ് കേക്ക്സും ഡിസേര്‍ട്‌സുമൊക്കെ കഴിക്കുമ്പോള്‍ ഔട്ട് ഓഫ് ദി വേള്‍ഡ് എക്സ്പീരിയന്‍സാണ്.

ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ ?

ഞാന്‍ വലിയ ബ്രാന്‍ഡ് കോണ്‍ഷ്യസ് അല്ല, പക്ഷെ എനിക്ക് ചേരുന്ന ചില ബ്രാന്‍ഡുകള്‍ ഉണ്ട് അവ ഉപയോഗിക്കുന്നു. ഗുച്ചി, 212 പെര്‍ഫ്യൂമുകള്‍ ഒക്കെയാണ് സ്ഥിരമായി ഉപയോഗിക്കാറുള്ളത്. ഹൈ എന്‍ഡ് വാച്ചുകള്‍ ഒന്നും ഉപയോഗിക്കുന്ന ആളല്ല. അവസരത്തിനനുസരിച്ച് ഡ്രസ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. 'സാറ' ബ്രാന്‍ഡ് ആണ് എനിക്ക് ഏറ്റവും ചേരുന്നത് എന്ന് കരുതുന്നു.

ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി?

ജീവിതത്തിലും സിനിമയിലും ഒരുപാട് പേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അപ്പന്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ കണ്ടിട്ടില്ലെങ്കിലും വല്യപ്പന്റെ കുറെ കഥകളും ജീവിതാനുഭവങ്ങളുമൊക്കെ മറ്റുള്ളവര്‍ പറഞ്ഞ് കേട്ട് എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ എനിക്ക് പ്രചോദനമായിട്ടുണ്ട്. പിന്നെ ജീവിതത്തോട് പൊരുതി ജയിച്ചവരോട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവര്‍ കടന്നു പോയ വഴികളും അവരുടെ വാക്കുകളും എന്നെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തുണ്ടായ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു നിമിഷം?

തീര്‍ച്ചയായും 14 കൊല്ലത്തിനു ശേഷം എനിക്കും പ്രിയയ്ക്കും ഒരു കുഞ്ഞുവാവയുണ്ടായത് തന്നെ. ഇപ്പോള്‍ അവനാണ് ഞങ്ങളുടെ സന്തോഷങ്ങളെല്ലാം.

ഏറ്റവും വലിയ നഷ്ടം?

അപ്പച്ഛനെയാണ് ഏറ്റവുമധികം ഞാന്‍ മിസ്സ് ചെയ്യുന്നത്, അപ്പച്ഛന്റെ മരണമാണ് ഏറ്റവും വലിയ നഷ്ടം.

ഖേദം തോന്നുന്ന കാര്യം?

സ്‌കൂള്‍ കാലഘട്ടത്തില്‍ ഞാന്‍ ഗിറ്റാര്‍ പഠിക്കാന്‍ പോയിരുന്നു. പിന്നീട് ജീവിതസാഹചര്യങ്ങള്‍ മാറിയപ്പോള്‍ അത് തുടരാന്‍ കഴിയാത്തതില്‍ നിരാശ തോന്നി. ഇപ്പോഴും ഗിറ്റാര്‍ കയ്യില്‍ കിട്ടുമ്പോള്‍ ഓര്‍മയുള്ള ചില മ്യൂസിക് നോട്ട്സ് വായിച്ചു നോക്കും.

ഇഷ്ടമുള്ള പുസ്തകങ്ങള്‍? എഴുത്തുകാര്‍?

ഇംഗ്ലീഷ് ഫിക്ഷനുകളാണ് കൂടുതലും വായിക്കാറുള്ളത്. ജെഫ്രി ആര്‍ച്ചറുടെ ഷോര്‍ട്ട് സ്റ്റോറീസ് ആണ് ഏറ്റവും ഇഷ്ടം. മാരിയോ പുസോയുടെ ഗോഡ് ഫാദര്‍ ഇഷ്ടമുള്ള നോവലാണ്. ജോണ്‍ ഗ്രിഷാം, വില്യം ഡെയ്ല്‍ എന്നിവരുടെ രചനകളൊക്കെ ഇഷ്ടമാണ്. വായിക്കാന്‍ ഒരു പാടിഷ്ടമാണെങ്കിലും ഇപ്പോള്‍ തിരക്കഥകളാണ് ഏറ്റവും കൂടുതല്‍ വായിക്കാറുള്ളത്.

റിലാക്സ് ചെയ്യുന്നതെങ്ങനെ ?

സ്പോര്‍ട്സ് എന്റെ റിലാക്സേഷന്‍ ടെക്നിക്കും സ്ട്രെസ് ബസ്റ്ററുമൊക്കെയാണ്. ബാഡ്മിന്റണ്‍ സ്ഥിരമായി കളിക്കാറുണ്ട്. ഇപ്പോളെന്റെ ഏറ്റവും വലിയ സ്ട്രെസ് ബസ്റ്റേഴ്സ് ആയ ആളുകളിലൊരാളാണ് കുഞ്ഞ് ഇസഹാക്ക്- ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ.

മറ്റുള്ളവരില്‍ ഏറ്റവും വെറുക്കുന്ന സ്വഭാവം?

ഒരാള്‍ ജീവിതത്തിന്റെ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നു മനസിലാക്കാതെ അവരെ ജഡ്ജ് ചെയ്യുന്നത്. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത്. ഒരാളുടെ ഉയര്‍ച്ചയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ അയാള്‍ പണ്ട് ചെയ്ത കാര്യങ്ങളും കുറ്റങ്ങളും കുറവുകളും പറയുന്നതും എനിക്കുള്‍ക്കൊള്ളാനാവില്ല.

സ്വന്തം സ്വഭാവത്തില്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന കാര്യം?

ഞാന്‍ വളരെ സെന്‍സിറ്റീവ് ആണ്. കുറച്ചു സ്ട്രിക്റ്റ് ആകണമെന്നും സ്ട്രോംഗ് ആക്കി വയ്ക്കണം എന്നൊക്കെ പറയാറുണ്ടെങ്കിലും പക്ഷെ അത് പലപ്പോഴും കഴിയാറില്ല, മറ്റുള്ളവരുടെ സങ്കടങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ പെട്ടെന്നു മനസലിയും. പക്ഷെ ആ സെന്‍സിറ്റിവിറ്റി മാറ്റാന്‍ എനിക്ക് താല്‍പ്പര്യമില്ല.

കുഞ്ചാക്കോ ബോബന്‍ എന്ന വ്യക്തിയെക്കുറിച്ച് മറ്റാര്‍ക്കുമറിയാത്ത കാര്യം ?

നാവില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണയാളാണ് ഞാന്‍ എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ജീവിതത്തിന്റെ ഏറ്റവും മോശമായ കാലഘട്ടത്തിലായിരുന്നു എന്റെ കുട്ടിക്കാലം. ഞാനെന്ന 'മനുഷ്യനെ' ഒരു 'നല്ല മനുഷ്യനാ' യി വാര്‍ത്തെടുത്തത് അന്നത്തെ കഷ്ടപ്പാടുകളാണ്.

ഇവിടെ ചോദിക്കാത്ത എന്നാല്‍ ചോദിക്കണമെന്നു കരുതുന്ന ഒരു ചോദ്യമെന്താണ്?

ചോദ്യമെന്താണെന്നറിയില്ല, പക്ഷെ ഉത്തരം ഇതാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവരെ ആശ്ലേഷിക്കുക, ചുംബിക്കുക. കാരണം അത് നഷ്ടപ്പെടുമ്പോള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തുന്നതെന്താണെന്ന് നിങ്ങള്‍ക്ക് മനസിലാവില്ല. നിങ്ങള്‍ക്കു ചുറ്റുമുള്ളവരുടെ സ്നേഹത്തിലും കരുതലിലും സന്തോഷവാന്മാരായിരിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it