എനിക്ക് റോള്‍ മോഡലുകളില്ല

പി.എച്ച് കുര്യന്‍ ഐ.എ.എസ്(റിട്ട.)

രാവിലെ ഉണര്‍ന്ന് എണീറ്റാല്‍ ആദ്യം ചെയ്യുന്നത്?
ഒരു കടുംകാപ്പി കുടിച്ചശേഷം ജിമ്മില്‍ പോയി ഏകദേശം ഒന്നര മണിക്കൂറോളം വ്യായാമം ചെയ്യും. അതുകഴിഞ്ഞ് വന്നിട്ട് രണ്ട് പത്രങ്ങള്‍ വായിക്കും.

ഇഷ്ട ഭക്ഷണം?
കപ്പയും മീന്‍ കറിയും

ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനം?
ഒരു സാധാരണ കര്‍ഷകന്റെ മകനായി ജനിച്ചിട്ട് ഒരു ഉന്നത സ്ഥാനത്തേക്ക് എത്താനായി. കൂടാതെ ആ സ്ഥാനത്തിരുന്നുകൊണ്ട് എന്റെ കഴിവിന് അനുസരിച്ച് ജനങ്ങള്‍ക്ക് ചില സേവനങ്ങള്‍ നല്‍കാനും കഴിഞ്ഞു.

ഔദ്യോഗിക രംഗത്തെ ഏറ്റവും വലിയ നേട്ടം?
പേറ്റന്റ്‌സ് കണ്‍ട്രോളര്‍ ജനറലായിരുന്നപ്പോള്‍ പേറ്റന്റുള്ള കാന്‍സര്‍ പ്രതിരോധ മരുന്നിന്റെ നിര്‍മാണത്തിന് നിര്‍ബന്ധിത ലൈസന്‍സ് കൊടുത്തതിലൂടെ ഒരു മാസത്തെ മരുന്നിന്റെ വില 284000 രൂപയില്‍ നിന്ന് 8000 രൂപയായി കുറക്കാന്‍ സാധിച്ചു. അതിന്റെ ഇംപാക്ട് ലോകം മുഴുവനുമുണ്ടായി. ഫാര്‍മ രംഗത്തെ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ഭയമുണ്ടാകുകയും ഇന്ത്യയിലെ പല മരുന്നുകള്‍ക്കും അവര്‍ വില കുറക്കുകയും ചെയ്തു. ഇന്ത്യയെപ്പോലെ തന്നെ ചൈന, മലേഷ്യ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ നിയമത്തില്‍ മാറ്റം വരുത്തിയതോടെ ഇന്ത്യന്‍ നിയമത്തിന് ലോകത്തിന്റെ തന്നെ അംഗീകാരം ലഭിച്ചു.

സ്വാധീനിച്ച വ്യക്തികള്‍?
ഏതെങ്കിലും ഒരു വ്യക്തിയെ ഞാനങ്ങനെ മോഡലായി കണ്ടിട്ടില്ല. ജീവിതത്തെ എപ്പോഴും വളരെ പ്രാക്ടിക്കലായി എടുക്കുന്ന ഒരാളാണ് ഞാന്‍. അതിനാല്‍ ഒരാളുടെ മോഡല്‍ മാത്രം വച്ച് ഈ ലോകത്തെ നന്നാക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം നൂറ്റാണ്ടുകളായി പലരുടെയും ചിന്തകളിലൂടെയാണ് മനുഷ്യരാശി വികാസം പ്രാപിച്ചിട്ടുള്ളത്.

ഔദ്യോഗിക രംഗത്ത് നേരിട്ട ഏറ്റവും വലിയൊരു വെല്ലുവിളി?
2018ല്‍ ഉണ്ടായ മഹാപ്രളയത്തെ നേരിടുകയെന്നത്. അത്രയും വലിയൊരു ചലഞ്ച് എന്റെ ഔദ്യോഗിക ജീവിതത്തില്‍ വേറെ ഉണ്ടായിട്ടില്ല.

ജീവിതത്തിലെ ദുഃഖം?
ഔദ്യോഗിക തിരക്കുകള്‍ കാരണം കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാനോ മക്കളുടെ കുട്ടിക്കാലത്ത് അവരെയും കൂട്ടി എവിടെയെങ്കിലുമൊക്കെ പോകാനോ സാധിച്ചിട്ടില്ല. സര്‍വ്വീസിന്റെ തുടക്കകാലത്തുണ്ടായിരുന്ന പരിമിതമായ ശമ്പളവും അതിനൊരു കാരണമാണ്.

ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം?

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ PhD
ചെയ്തുകൊണ്ടിരുന്നപ്പോള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാനെടുത്ത തീരുമാനം എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അക്കാലത്ത് യാതൊരു വിധ കോച്ചിംഗുമില്ലാതെ ഒറ്റക്കായിരുന്നു പരീക്ഷക്കായുള്ള എന്റെ തയ്യാറെടുപ്പ്്‌

മറ്റുള്ളവരില്‍ താങ്കള്‍ വെറുക്കുന്ന സ്വഭാവം എന്താണ്?
എനിക്ക് ആരോടും വെറുപ്പില്ല. എന്നാല്‍ കാലം മാറുന്നതിന് അനുസരിച്ച് മാറാന്‍ വിമുഖതയുള്ള ചിലരെ ഔദ്യോഗിക ജീവിതത്തിനിടെ ഞാന്‍ കണ്ടിട്ടുണ്ട്. ലോകത്തിന്റെ ക്രമവും സംസ്‌ക്കാരവുമൊക്കെ മാറിമാറിയാണ് ഇന്നത്തെ സ്ഥിതിയിലേക്ക് നമ്മള്‍ എത്തിയിരിക്കുന്നത്. ഇപ്പോഴത്തെ രീതികളായിരിക്കില്ല വരും തലമുറകളുടേത്. അതിനാല്‍ പഴയതാണ് നല്ലതെന്ന് പറഞ്ഞ് പിന്തിരിയുന്നവരോട് എനിക്കൊരു ആഭിമുഖ്യ കുറവുണ്ട്. എന്നാല്‍ വെറുപ്പില്ല.

ഇഷ്ട വിനോദം?
ദിവസേന വ്യായാമം ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു റെജുവെനേഷനാണ്. വല്ലപ്പോഴും അടുത്ത സുഹൃത്തുക്കളോടൊപ്പം ഒരുമിച്ച് കൂടി ഒന്നോ രണ്ടോ ഡ്രിങ്ക്‌സ് കഴിച്ച് നാട്ടുകാര്യങ്ങളും തമാശകളും പറഞ്ഞിരിക്കാനും ഇഷ്ടമാണ്.

രസകരമായൊരു ബാല്യകാലസ്മരണ?
സ്‌ക്കൂള്‍ പഠനകാലത്ത് കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കുകയും കൃഷിയിടത്തിലെ കള പറിക്കുകയും വളമിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ഷീറ്റടിക്കാനായി തലയില്‍ റബ്ബര്‍ ഷീറ്റുമായി മെഷീനടുത്തേക്ക് പോകവേ ഒരാള്‍പ്പൊക്കമുള്ള പച്ചപ്പിനിടയില്‍ നിന്നും പെട്ടെന്നൊരു മൂര്‍ഖന്‍ ശീല്‍ക്കാരത്തോടെ എന്റെ മുഖത്തിന് നേരെ വന്നപ്പോള്‍ ഷീറ്റുമെറിഞ്ഞ് ഞാന്‍ ജീവനും കൊണ്ടോടി. കുഞ്ഞുങ്ങളുടെ വലിയൊരു കൂട്ടത്തെ കൊണ്ടുനടക്കുന്ന വരാല്‍ മത്സ്യങ്ങളെ തോടിനരികില്‍ പോയി ഞാന്‍ നോക്കിയിരിക്കുമായിരുന്നു. ഒരു അമ്മയും അച്ഛനും കൂടി എങ്ങനെയാണ് മക്കളെ സംരക്ഷിച്ച് വളര്‍ത്തുന്നതെന്നുള്ള വലിയൊരു കാഴ്ചയായിരുന്നു അതെനിക്ക് നല്‍കിയത്.

മാറ്റാനാഗ്രഹിക്കുന്നൊരു സ്വഭാവം?
പുകവലി. പല പ്രവശ്യം ഒഴിവാക്കിയെങ്കിലും ഇതേവരെ അത് പൂര്‍ണ്ണമായും നിര്‍ത്താനായിട്ടില്ല.

വായിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍?
ഇന്ത്യന്‍ ഭരണഘടന. ഫണ്ടമെന്റല്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള അതിലെ വാല്യൂസിന് നമ്മുടെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. John Rawls ന്റെ തിയറി ഓഫ് ജസ്റ്റിസ്, പൗലോ കൊയ്‌ലോയുടെ നോവലുകള്‍, ഹിന്ദു പുരാണങ്ങള്‍, കുമാരനാശാന്റെ കവിതകള്‍ എന്നിവയും ഇഷ്ടമാണ്.

ഔദ്യോഗിക രംഗത്ത് പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിച്ച കാര്യം?
കേരളത്തില്‍ ഭൂമി സംബന്ധമായ അനേകം നിയമങ്ങളുണ്ട്. അവയൊക്കെ ക്രോഡീകരിച്ച് ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ചെറിയ ശ്രമം മാത്രമേ എനിക്ക് നടത്താനായുള്ളൂ. കാലഘട്ടം മാറുന്നതിന് അനുസരിച്ച് നിയമങ്ങളെ മാറ്റാന്‍ സാധിക്കാത്തത് വലിയൊരു പിഴവാണ്.

latha raju
latha raju  

Related Articles

Next Story

Videos

Share it