Begin typing your search above and press return to search.
മ്യൂറല്‍ പെയിന്റിംഗിലൂടെ വിജയസംരംഭം തീര്‍ത്ത് വീട്ടമ്മ; നേടുന്നത് ഒരു ലക്ഷം വരെ
21 ാം വയസ്സില്‍ ഒരു സര്‍ക്കാര്‍ ജോലി നേടണം എന്ന സ്വപ്‌നമായിരുന്നു നീതു എന്ന വീട്ടമ്മയ്ക്കും ഉണ്ടായിരുന്നത്. എന്നാല്‍ ജീവിതത്തില്‍ വന്ന ചില വഴിത്തിരിവുകള്‍ നീതുവിനെ ഇന്ന് അറിയപ്പെടുന്ന ഒരു ഫാഷന്‍ എത്‌നിക് ബ്രാന്‍ഡിന്റെ ഉടമയാക്കി മാറ്റി. ഒപ്പം ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്തെ വേറിട്ട സംരംഭകയുമാക്കി. ബിരുദാനന്തര പഠനം കഴിഞ്ഞ് ഒരിക്കല്‍ ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോയപ്പോള്‍ മുന്നിലേക്കു വന്ന ഒരു ചോദ്യത്തിലായിരുന്നു നീതുവിലെ സംരംഭക ഉണര്‍ന്നത്. 'ഹോബിയില്‍ പെയിന്റിംഗ് എന്നുണ്ടല്ലോ, എങ്കില്‍ അതില്‍ ഒരു വരുമാന മാര്‍ഗമായി കണ്‍വെര്‍ട്ട് ചെയ്ത്കൂടേ'എന്നായിരുന്നു ഇന്റര്‍വ്യൂ പാനലിലെ ഒരാളുടെ ചോദ്യം. ഇന്റര്‍വ്യൂ പരാജയപ്പെട്ടെങ്കിലും ആ ചോദ്യം ഒരു വഴിത്തിരിവായി. പൊടി തട്ടി എടുത്ത മ്യൂറല്‍ പെയിന്റിംഗ് കുടുംബാംഗങ്ങളുടെ വസ്ത്രത്തിലാണ് ആദ്യം പരീക്ഷിച്ചത്.
ഒരു ബന്ധുവിന് വിവാഹ വസ്ത്രത്തില്‍ ചെയ്ത മ്യൂറല്‍ പെയിന്റിംഗ് ഹിറ്റ് ആയി. അന്ന് 600 രൂപയാണ് ആ വര്‍ക്കിന് നീതുവിന് ലഭിച്ചത്. പക്ഷെ കല്യാണചെക്കന്റെ 'മ്യൂറല്‍ ആര്‍ട്ട് ഷര്‍ട്ട്' കണ്ട് നിരവധി പേര്‍ ഓര്‍ഡറുകളുമായി എത്തി. ഒഴിവുസമയങ്ങളില്‍ സാരികളും കുട്ടികളുടെ വസ്ത്രങ്ങളും സീനറികളും മറ്റും ചെയ്ത് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്ത് കൂടുതല്‍ ഓര്‍ഡറുകള്‍ നേടിയതോടെ മികച്ച വരുമാനവും നീതുവിനെ തേടിയെത്തി.
സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗ്
തുടക്കത്തില്‍ സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗിനെക്കുറിച്ച് അറിയില്ലായിരുന്നുവെങ്കിലും വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് കണ്ടാണ് ഓര്‍ഡറുകള്‍ എത്തിയത്. പിന്നീട് 'നവമി - മൈ പാഷന്‍ യുവര്‍ ഫാഷന്‍' എന്ന പേരില്‍ പ്രത്യേകം പേജുകള്‍ ആരംഭിച്ചു. കൂടുതല്‍ പ്രൊഫഷണലാകാനായിരുന്നു ആദ്യം മുതൽ ശ്രമിച്ചത്. അതിനായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം മ്യൂറല്‍ പെയിന്റിംഗിന്റെ സാധ്യതകളും വ്യത്യസ്തതകളും ഫാഷന്‍ ഡിസൈനിംഗും മറ്റും ഓണ്‍ലൈന്‍ സര്‍ട്ടിഫൈയ്ഡ് കോഴ്‌സുകള്‍ പഠിക്കാന്‍ ഉപയോഗിച്ചു. മികച്ച ഉല്‍പ്പന്നങ്ങളിലേക്ക് ബ്രാന്‍ഡ് ചെയ്യപ്പെട്ട് തുടങ്ങിയപ്പോള്‍ ടെലിവിഷന്‍ അഭിനേതാക്കളും റിയാലിറ്റി ഷോ അവതാരകരും നീതുവിന്റെ ഉപഭോക്താക്കളായി. വിവിധ ഫാഷന്‍ ഷോകളില്‍ വസ്ത്രങ്ങള്‍ അണിനിരന്നു. മോഡല്‍ ഫോട്ടോഷൂട്ട് ചെയ്ത് പേജ് മികച്ചതാക്കി. നവമി മെല്ലെ ഒരു ബ്രാന്‍ഡ് ആയി വളര്‍ന്നു. ഇന്ന് ഇന്ത്യയിൽ നിന്നു മാത്രമല്ല പ്രവാസി മലയാളികളിൽ നിന്ന് പോലും ധാരാളം ഓർഡറുകൾ വരുന്നു.
ഡിസൈനുകൾ എല്ലാം തന്നെ കസ്റ്റമൈസ്ഡ് ആക്കി, കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ വസ്ത്രവ്യാപാരികളില്‍ നിന്നും നെയ്ത്തുകാരില്‍ നിന്നും നേരിട്ട് വസ്ത്രങ്ങള്‍ വാങ്ങി ഗുണമേന്മ ഉറപ്പു വരുത്താനും ശ്രമിക്കുന്നു. ഈ പ്രത്യേകത തന്നെയാണ് മികച്ച ബ്രാന്‍ഡ് ആക്കി നവമിയെ വളർത്താൻ സഹായിച്ചതും. സോഷ്യല്‍ മീഡിയയിലൂടെ മാത്രം ബ്രാന്‍ഡ് ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്യുമ്പോള്‍ അഡ്വാന്‍സ് പേയ്‌മെന്റ് ആണ് സുരക്ഷിതമായ മാര്‍ഗമെന്നും നിരവധി ദുരനുഭവങ്ങളുടെ വെളിച്ചത്തില്‍ നീതു പറയുന്നു. "യഥാര്‍ത്ഥ പ്രൊഫൈലുകളില്‍ നിന്നു മാത്രം ഓര്‍ഡറുകളെടുക്കാനും നേരില്‍ സംസാരിച്ച് ഓണ്‍ലൈന്‍ പേയ്‌മെന്റ് സ്വീകരിച്ച് കഴിഞ്ഞു മാത്രം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും ശ്രദ്ധിക്കുക."നീതു വ്യക്തമാക്കുന്നു.
150 ല്‍ നിന്ന് തുടക്കം
പെയിന്റും ബ്രഷും ചേര്‍ത്ത് 150 രൂപയോളം ആയിരുന്നു നവമി എന്ന ബ്രാന്‍ഡിന്റെ ആദ്യ നിക്ഷേപം. അന്നത്തെ നൂറുരൂപ നോട്ടുകളില്‍ നിന്ന് ഇന്ന് 50000 മുതല്‍ ഒരു ലക്ഷം രൂപ വരെ മാസ വരുമാനം നേടുന്ന സംരംഭമായി നവമി വളര്‍ന്നതിനെക്കുറിച്ച് നീതു വിശാഖ് പറയുന്നത് ഇങ്ങനെയാണ്.- ' പെര്‍ഫെക്ഷന് വളരെ പ്രാധാന്യമുള്ള ബിസിനസ് ആണിത്. അത് പോലെ തുണിയുടെ ഗുണമേന്മയും നിറങ്ങളുടെ ഗ്യാരണ്ടിയും ഉറപ്പു വരുത്തുക എന്നത് പ്രധാനമാണ്. പാഷന്‍ എന്തുമായിക്കൊള്ളട്ടെ, അതിലെ സംരംഭകത്വ അവസരങ്ങള്‍ കണ്ടെത്തുക. ഒപ്പം ആ ബിസിനസിന്റെ ഗുണമേന്മ ഉറപ്പു വരുത്താന്‍ എന്ത് അധികമായി ചെയ്യാന്‍ കഴിയുക എന്ന് കണ്ടെത്തുക. ചിത്രങ്ങള്‍ വരയ്ക്കുമായിരുന്ന ഞാന്‍ ഫാഷന്‍ ഡിസൈനിംഗും ചിത്രകലയിലെ എല്ലാ മേഖലകളും പഠിക്കാന്‍ ശ്രമിച്ചത് സരംഭത്തിന് വേണ്ടിയാണ്. മറ്റുള്ളവരില്‍ നിന്നും എന്ത് വ്യത്യസ്തമായി ചെയ്യാന്‍ കഴിയും എന്നതിലാണ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.' കൊറോണ വന്നതോടെ മുടങ്ങി പോയ നവമി ബുട്ടീക് തുടങ്ങുകയാണ് നീതുവിന്റെ അടുത്ത ലക്‌ഷ്യം. അതിനായി ചെറിയ ഒരു ടീം ഇപ്പോൾ തന്നെ സജ്ജമാക്കിയിട്ടുമുണ്ട്.
Next Story