'ഓഫീസിലേക്കുള്ള ഡ്രൈവിനിടയിൽ ഓരോ ദിവസത്തേയും ബിസിനസ് പ്ലാൻ മനസിൽ തയ്യാറാക്കും'

ഹിബ മുബാറക്

ഡീലര്‍ പ്രിന്‍സിപ്പല്‍, ബരാക് റോയല്‍ എന്‍ഫീല്‍ഡ് കോട്ടക്കല്‍, മലപ്പുറം

ഇരുപതാമത്തെ വയസിലാണ് ബിസിനസിലേക്ക് വരുന്നത്. കോഴിക്കോട്ട് മെര്‍സിഡസ് ബെന്‍സ് ഡീലര്‍ഷിപ്പ് ആരംഭിച്ചു കൊണ്ടായിരുന്നു അത്. പിന്നീട്, 2016 ലാണ് കോട്ടക്കലില്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പ് ആരംഭിക്കുന്നത്.

പുരുഷന്മാര്‍ മാത്രം വാഴുന്ന ഒരു ബിസിനസില്‍ പിടിച്ചു നില്‍ക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ വെല്ലുവിളി. തുടക്കത്തില്‍ അതൊരു വലിയ പ്രശ്‌നമായെങ്കിലും പിന്നീട് അതില്‍ ആനന്ദം കണ്ടെത്തി തുടങ്ങി. ഒരിക്കല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ തരണം ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആ സ്ഥാപനത്തോടുള്ള അടുപ്പം വളരെയധികം വര്‍ധിക്കുമെന്നാണ് എന്റെ അനുഭവം. ഇപ്പോള്‍ ആളുകള്‍ ഈ സംരംഭത്തെയും എന്നെയും സ്വീകരിച്ച് കഴിഞ്ഞു.

പഠിച്ചതേറെ

കെട്ടുറപ്പുള്ള ടീമും സംതൃപ്തരായ ഉപഭോക്താക്കളും സൗഹൃദാന്തരീക്ഷമുള്ള ജോലി സാഹചര്യങ്ങളുമെല്ലാമാണ് ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്. ജീവനക്കാരെ കുടുംബാംഗങ്ങളെ പോലെ തന്നെ കരുതണമെന്ന പാഠം ഞാന്‍ പഠിച്ചിട്ടുണ്ട്. ഓരോ സ്ഥാപനത്തിന്റെയും നെടുംതൂണാണ് ജീവനക്കാര്‍.

പിതാവെന്ന പ്രചോദനം

ഒരു ബിസിനസുകാരിയാവുകയെന്ന സ്വപ്‌നം എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. ചെറിയ രീതിയിലെങ്കിലും എന്റേതായ ഒരു അടയാളം ബാക്കി വെക്കാന്‍ ഞാന്‍ കൊതിച്ചു. ഞാനിപ്പോഴും ബിസിനസ് പഠിച്ചുകൊണ്ടിരിക്കുകയാണ്. 23 വയസ്സേ ആയിട്ടുള്ളൂ. ബിസിനസ് ടിപ്‌സ് പകര്‍ന്നു നല്‍കി എന്റെ പിതാവ് എപ്പോഴും സഹായത്തിനെത്തുന്നുമുണ്ട്.

ഡ്രൈവിംഗ് ക്രേസ്

വീട്ടില്‍ നിന്ന് ഒന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്ത് വേണം ഓഫീസിലെത്താന്‍. ഡ്രൈവിംഗ് എനിക്ക് ഇഷ്ടമാണ്. ഈ യാത്രയിലാണ് ഓരോ ദിവസത്തേക്കും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഓഫീസിലെത്തിയാല്‍ ജനറല്‍ മാനേജരുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം സ്ഥാപനത്തില്‍ ഒന്നു ചുറ്റിവരും. കാര്യങ്ങള്‍ എങ്ങനെ നടക്കുന്നു എന്നറിയാന്‍ ഇതേറെ സഹായകരമാണ്. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ എന്ന ഓഫീസ് സമയക്ലിപ്തതയൊന്നും എനിക്കില്ല. ആവശ്യത്തിനനുസരിച്ച് കൂടുതലോ കുറച്ചോ സമയം ചെലവിടും.

എന്റെ സ്വപ്‌നം

ഞാനെന്റെ സ്വപ്‌നം പിന്തുടരുന്നു. ഇപ്പോള്‍ ഓട്ടോമൊബീല്‍ മേഖലയാണ് എന്നെ ത്രസിപ്പിക്കുന്നത്. കാലമാണ് നിങ്ങള്‍ എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്നത്. ബിസിനസില്‍ സജീവമായ ഒരാളെന്ന നിലയില്‍ സമൂഹത്തില്‍ എന്റെ പേരും രേഖപ്പെടുത്തണമെന്ന ആഗ്രഹം എനിക്കുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it