വാഹനവിപണിയുടെ ഗതി വ്യക്തമാക്കുന്നത് ചില്ലറ വ്യാപാരം: ആനന്ദ് മഹീന്ദ്ര

Update: 2019-11-04 12:14 GMT

വാഹനവിപണിയുടെ ഗതിവിഗതികള്‍ വ്യക്തമാക്കാന്‍ പ്രസിദ്ധീകരിക്കുന്ന പ്രതിമാസ കണക്ക് ചില്ലറ വ്യാപാരത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കണമെന്ന് വ്യവസായ രംഗത്തെ പ്രമുഖനും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. മൊത്തവ്യാപാരത്തിന്റേതാണോ ചില്ലറ വ്യാപാരത്തിന്റേതാണോ കണക്കെടുപ്പു നടത്തേണ്ടതെന്ന ചര്‍ച്ച ഈ മേഖലയില്‍ ചൂടുപിടിക്കുന്നതിനിടെയാണ് സംശയരഹിതമായ തന്റെ അഭിപ്രായം ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്.

ഓരോ നിര്‍മ്മാതാവും അവരുടെ ഫാക്ടറികളില്‍ നിന്ന് ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച വാഹനങ്ങളുടെ മൊത്തം എണ്ണമാണ് ഓരോ മാസാദ്യവും റിപ്പോര്‍ട്ട് ചെയ്തു പോന്നിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിപണിയുടെ സ്വഭാവവും വിലയിരുത്തി പ്രസിദ്ധീകരിക്കുന്നതാണു പതിവ്. എന്നാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളായാണ്  വ്യവസായത്തെ മാന്ദ്യം ഗ്രസിച്ചതോടെ ഹോള്‍സെയില്‍ സംഖ്യകള്‍ പിന്നിലേക്കു മാറ്റിത്തുടങ്ങിയത്. യഥാര്‍ത്ഥ വില്‍പ്പനയെ സൂചിപ്പിക്കുന്ന റീട്ടെയില്‍ സംഖ്യകള്‍  ആ സ്ഥാനത്തേക്ക് കടന്നുവന്നു. രാജ്യത്തെ ഉപഭോക്തൃ വികാരത്തിന്റെ യഥാര്‍ത്ഥ സൂചിക റീട്ടെയില്‍ വ്യാപാരവുമായാണ് ഏറ്റവും ബന്ധപ്പെട്ടുനില്‍ക്കുന്നതെന്ന വാദത്തിന് ശക്തി കൂടുകയും ചെയ്തു.

ഒക്ടോബറിലെ മഹീന്ദ്ര കമ്പനിയുടെ വാഹന മൊത്ത വ്യാപാര കണക്കുകള്‍ പുറത്തുവിട്ട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വന്നത്. മൊത്ത വ്യാപാര കണക്കു പ്രകാരമുള്ള ഇടിവ് 23 ശതമാനത്തിലധികമാണ്. ഈ കണക്കുകളോടെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്ക നടത്തിയ ട്വീറ്റുകളുടെ പ്രതികരണമായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ചില്ലറ വില്‍പ്പനയുടെ കാര്യത്തില്‍ ഒക്ടോബറില്‍ കമ്പനിയുടേത് ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ഗോയങ്ക പറഞ്ഞിരുന്നു.

'കഴിഞ്ഞ മാസം മഹീന്ദ്രയ്ക്കായി ഏറ്റവും ഉയര്‍ന്ന പ്രതിമാസ റീട്ടെയില്‍ വില്‍പ്പന നടത്തിയ ഞങ്ങളുടെ ഡീലര്‍ പങ്കാളികള്‍ക്ക് അഭിനന്ദനങ്ങള്‍. ഒക്ടോബറിലെ ഈ ആവേശം മേഖലയില്‍ രൂപപ്പെട്ടുവരുന്ന ഉണര്‍വിന്റെ സൂചകമാണ്. വരും മാസങ്ങളിലും ഇത് തുടരും' - ഗോയങ്ക ട്വീറ്റ് ചെയ്തു. 'ഒക്ടോബറില്‍ മഹീന്ദ്രയുടെ ഇ വെരിറ്റോ, ഇ ആല്‍ഫ, ഇലക്ട്രിക് ട്രിയോ വാഹനങ്ങളില്‍ 2000 എണ്ണം റീട്ടെയില്‍ വിപണിയിലൂടെ വിറ്റുവെന്നറിയുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഇവി വില്‍പ്പനയാണ്  നടന്നത്. എക്കാലത്തെയും ഉയര്‍ന്ന ഡെലിവറികള്‍ കഴിഞ്ഞ മാസം നേടിയതിന്  ട്രാക്ടര്‍ സെയില്‍സ് ടീമിനും ഡീലര്‍ പങ്കാളികള്‍ക്കും അഭിനന്ദനങ്ങള്‍. അടുത്ത കുറച്ച് മാസങ്ങളില്‍ സംഭവിക്കാനിരിക്കുന്ന നല്ല കാര്യങ്ങളുടെ അടയാളമാണിതെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'

ഡീലര്‍മാര്‍ക്ക് കൂടുതല്‍ കാറുകള്‍ അയച്ച് മൊത്തക്കച്ചവടം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രലോഭനത്തെ കമ്പനി പ്രതിരോധിക്കുകയായിരുന്നുവെന്നും മറ്റൊരു ട്വീറ്റില്‍ ഗോയങ്ക അറിയിച്ചു. 'ഉയര്‍ന്ന ചില്ലറ വില്‍പ്പനകള്‍ക്കിടയിലും ബില്ലിംഗ് ഉയര്‍ത്താനുള്ള പ്രലോഭനത്തെ ചെറുത്ത അച്ചടക്കത്തിന്റെ പേരില്‍ ഓട്ടോ സെയില്‍സ് ടീമിന് നന്ദി. ഇക്കാരണത്താല്‍ ഞങ്ങളുടെ ഡീലര്‍ ഇന്‍വെന്ററി സമീപകാലത്ത് ഏറ്റവും കുറവാണിപ്പോള്‍'-ഗോയങ്ക പറഞ്ഞു.

മൊത്തവ്യാപാരക്കണക്കുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ 2019 ഒക്ടോബറിലെ വിപണിസ്ഥിതി മികച്ചതാണെന്ന നിരീക്ഷണം മഹീന്ദ്രയുടേതു മാത്രമല്ല. ടാറ്റാ മോട്ടോഴ്സ്, ഹോണ്ട കാര്‍സ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ എന്നിവ മൊത്തക്കച്ചവടത്തില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഇക്കുറി റീട്ടെയില്‍ വില്‍പ്പന ഉയര്‍ന്നതായി ചൂണ്ടിക്കാട്ടുന്നു. അതേസമയം, മഹീന്ദ്ര ഉള്‍പ്പെടെയുള്ള ഈ കമ്പനികളൊന്നും തങ്ങളുടെ സമ്പൂര്‍ണ്ണ ചില്ലറ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

മൊത്തവ്യാപാരത്തിന്റേതാണോ ചില്ലറ വ്യാപാരത്തിന്റേതാണോ കണക്കെടുപ്പു നടത്തേണ്ടതെന്ന കാര്യത്തില്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സും (സിയാം) ഫെഡറേഷന്‍ ഓഫ് ഓട്ടോമോട്ടീവ് ഡീലേഴ്‌സും  തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ആനന്ദ് മഹീന്ദ്രയുടെ പരസ്യ അഭിപ്രായ പ്രകടനം.
സിയാം എല്ലാ മാസവും വ്യവസായ മൊത്തവ്യാപാര ഡാറ്റയാണ് പുറത്തിറക്കുന്നത്. എന്നാല്‍  ചില്ലറ ഡാറ്റയിലേക്ക് മാറാന്‍ ഫെഡറേഷന്‍ ഓഫ് ഓട്ടോമോട്ടീവ് ഡീലേഴ്‌സ്  ശ്രമിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ ചില്ലറ ഡാറ്റയുമായി ചേര്‍ന്നുപോകുന്ന സര്‍ക്കാരിന്റെ വാഹന്‍ വെബ്സൈറ്റില്‍ നിന്നുള്ള ഡാറ്റ പുറത്തിറക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ മഹീന്ദ്രയിലെ ഓട്ടോമോട്ടീവ് ഡിവിഷന്റെ പ്രസിഡന്റ് കൂടിയായ സിയാം പ്രസിഡന്റ് രാജന്‍ വധേര ഫെഡറേഷന്‍ ഓഫ് ഓട്ടോമോട്ടീവ് ഡീലേഴ്‌സ് പുറത്തിറക്കുന്ന ചില്ലറ വില്‍പ്പന വിവരങ്ങള്‍ നിരര്‍ത്ഥകമാണെന്ന് ഒക്ടോബര്‍ 11 ന് പറഞ്ഞത് വിരോധാഭാസമായി. പക്ഷേ, പിന്നീട് അദ്ദേഹം മൗനം ഭജിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News