ഇന്ത്യക്ക് വൈദ്യുത വാഹന ഭ്രമം; ലാഭ മോഹവുമായി ചൈനീസ് കമ്പനികള്‍

Update:2019-10-01 16:39 IST

പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ക്കു വിട നല്‍കി പകരം ഇലക്ട്രിക് വാഹനങ്ങളിറക്കാനുള്ള ഇന്ത്യയുടെ പദ്ധതി പുരോഗമിക്കുമ്പോള്‍ ഏറ്റവും ആഹ്‌ളാദിക്കുന്നത് ചൈന. ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്ത് വളരെപ്പെട്ടെന്നു മുന്നേറിയതു മാത്രമല്ല ലിഥിയം അയണ്‍ ബാറ്ററി ഉത്പാദിപ്പിക്കുന്നതില്‍ കൈവരിച്ച മികവുമാണതിനു കാരണം. മിക്ക രാജ്യങ്ങള്‍ക്കും ഈ രംഗത്ത്് ചൈനയെ ആശ്രയിക്കേണ്ടിവരുമെന്നു വിദഗ്ധര്‍ പറയുന്നു.

ലിഥിയം, നിക്കല്‍, കോബാള്‍ട്ട്, മാംഗനീസ് തുടങ്ങിയ ലോഹങ്ങള്‍ ഘടകങ്ങളായുള്ള ലിഥിയം അയണ്‍ ബാറ്ററികളാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഹൃദയം. ഈ ലോഹങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുന്നതിനു വേണ്ടി ബൊളീവിയ, ചിലി, ഓസ്ട്രേലിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളില്‍ ചൈന ഖനികള്‍ വാങ്ങിക്കൂട്ടിയിരുന്നു. ആഗോളതലത്തില്‍ തന്നെ ഇത്തരം  ലോഹങ്ങളുടെ പ്രധാന വിതരണക്കാരായി മാറിയിട്ടുണ്ട് ചൈനീസ് കമ്പനികള്‍.

ചില വാഹന നിര്‍മാതാക്കള്‍ കണക്കാക്കുന്നത് അധികം വൈകാതെ ഇന്ത്യയിലെ ഇരുചക്ര വാഹന വിഭാഗത്തിലെ ഡിമാന്‍ഡ് ചൈനയിലേക്കാള്‍ ഏറുമെന്നാണ്. ഇതര ഇലക്ട്രിക് വാഹനങ്ങളുടെ രംഗത്തും ഇന്ത്യയുടെ മുന്നേറ്റം അടുത്ത ദശകത്തില്‍ ഗണ്യമായുയരുമെന്ന് കണക്കുകള്‍ പറയുന്നു.ഈ വിഭാഗത്തിലെ കൂടുതല്‍ ആഗോള ഭീമന്മാര്‍ വൈകാതെ ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി എത്തുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് വാഹന നിര്‍മാതാക്കളായ എസ് ഐ സി മോട്ടോര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ എംജി മോട്ടോര്‍ അടുത്ത വര്‍ഷം ഇന്ത്യയിലെ ഇലക്ട്രിക് കോംപാക്റ്റ് എസ്യുവി വിപണിയിലെത്താനുള്ള തയ്യാറെടുപ്പിലാണ്. എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ പ്ലാന്റില്‍ 2,200 കോടി രൂപ മുതല്‍മുടക്കി, പുതിയ അസംബ്ലി ലൈന്‍ ഈയിടെ സ്ഥാപിച്ചു.

ഇന്ത്യയില്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ആദ്യത്തെ ആഗോള ഇവികളില്‍ ഒന്നായിരിക്കും എംജി മോട്ടോറിന്റേത്. പക്ഷേ, അതിന്റെ ബാറ്ററി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യും.ലോകത്തെ ഏറ്റവും വലിയ ലിഥിയം അയണ്‍ ബാറ്ററി ഉല്‍പ്പാദകരുടെ പട്ടികയിലുള്ള ചൈനീസ് കമ്പനിയായ സിഎടിഎല്ലില്‍ നിന്ന് ബാറ്ററികള്‍ വന്‍തോതില്‍ വാങ്ങുന്നതിന് എംജി മോട്ടോര്‍ ഇന്ത്യ വൈകാതെ കരാര്‍ ഒപ്പിടും.ഡിമാന്‍ഡ് ഉയരുന്നപക്ഷം, സിഎടിഎല്‍ സഹകരണത്തോടെ ഇന്ത്യയില്‍ ബാറ്ററി അസംബ്‌ളിംഗ് ആരംഭിക്കാനും ആലോചിക്കുന്നതായി എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ പറഞ്ഞു.

അതിരൂക്ഷമായ വായുമലിനീകരണം ചെറുക്കാന്‍ ചൈന നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിക്കൂടിയാണ് നിരത്തുകളില്‍ ബസടക്കമുള്ള ഇലക്ട്രിക് വാഹനങ്ങള്‍ വന്‍തോതിലിറക്കിയത്. കഴിഞ്ഞ വര്‍ഷം മാത്രം 10 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ ചൈനയില്‍ വില്‍പന നടത്തിയതായാണു കണക്ക്. യൂറോപ്യന്‍ രാജ്യമായ നോര്‍വെയില്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ച വാഹനങ്ങളില്‍ 49 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഇന്ധനചെലവിനുള്ള വന്‍തുക കൂടി ലാഭിക്കാന്‍ നോര്‍വെയ്ക്കു കഴിഞ്ഞു. 2025ല്‍ നോര്‍വെയിലെ വാഹന വില്‍പനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പങ്ക് 100 ശതമാനമായി ഉയരുമെന്നാണു ഭരണകൂടം കരുതുന്നത്. ഏറെ പിന്നില്‍ നിന്ന ശേഷം ചെറിയ ചുവടുവയ്‌പോടെ ഇന്ത്യയും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ചൈനീസ് കമ്പനികളില്‍ ആവേശം പകരുന്നുണ്ട്.

ഔദ്യോഗികമായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്ന ബജറ്റാണ് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണ അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് 5 ശതമാനമായി കുറച്ചു. മറ്റു വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി. കൂടാതെ 22 % സെസും. ഇതുകൂടാതെ  മറ്റു സബ്‌സിഡികളും ആനുകൂല്യങ്ങളും വേറെയും. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം രൂപയുടെ അധിക ആദായനികുതി ഇളവും പ്രഖ്യാപിച്ചു.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വിപുലപ്പെടുത്താനുള്ള ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ ഫെയിം പദ്ധതിയുടെ രണ്ടാംഘട്ടവും ആരംഭിച്ചു. രണ്ടു വര്‍ഷത്തേയ്ക്കായി 2015 ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്ന ആദ്യഘട്ടം അവസാനിച്ചത് കഴിഞ്ഞ മാര്‍ച്ചിലാണ്. പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരികയും കൂടുതല്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണവുമാണ് രണ്ടാംഘട്ടത്തിലെ മുഖ്യലക്ഷ്യം. 3 വര്‍ഷമാണ് രണ്ടാം ഘട്ടത്തിന്റെ കാലാവധി. ഇതിനായി 10,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

7,000 ഇ ബസുകള്‍, 5 ലക്ഷം ഇ ഓട്ടോറിക്ഷകള്‍, 55,000 ഇ കാറുകള്‍, 10 ലക്ഷം ഇ സ്‌കൂട്ടറുകള്‍ എന്നിവ ഈ കാലയളവില്‍ നിര്‍മിക്കും. ഇതിനു സര്‍ക്കാര്‍ സബ്‌സിഡികളും നല്‍കും. ആദ്യഘട്ടത്തില്‍ വിവിധ വിഭാഗങ്ങളിലായി 2.78 ലക്ഷം ഇ വാഹനങ്ങളാണ് നിര്‍മിച്ചത്. ഇതിനു പുറമേ വിവിധ നഗരങ്ങള്‍ക്കായി 465 ഇ ബസുകളും നിര്‍മിച്ചു നല്‍കി.

ജനസംഖ്യാനുപാതം അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കാര്‍ വിപണി വിഹിതത്തിന്റെ കാര്യത്തില്‍ നോര്‍വേയാണ് ആഗോള തലത്തില്‍ ഒന്നാമത്.പക്ഷേ, ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ വിപണിയായി ചൈന തുടരുന്നു. യൂറോപ്പും യു എസും തൊട്ടു പിന്നിലുണ്ട്. 2018 അവസാനത്തോടെ, ആഗോളവ്യാപകമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ എണ്ണം 300 ദശലക്ഷം കവിഞ്ഞപ്പോള്‍ അവയില്‍ ഭൂരിഭാഗവും ചൈനയിലാണ് ഓടിയിരുന്നത്.  ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ചൈനീസ് വിപണി ലോകത്തെവിടത്തേതിലും അനേക മടങ്ങ് വലുതാണ്.

ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള തലത്തില്‍ ഇലക്ട്രിക് കാറുകളുടെ എണ്ണം 2018 ല്‍ 5.1 ദശലക്ഷം കവിഞ്ഞു, മുന്‍വര്‍ഷത്തേക്കാള്‍ രണ്ട് ദശലക്ഷമായിരുന്നു വര്‍ധന. പുതിയ ഇലക്ട്രിക് കാര്‍ വില്‍പ്പനയുടെ ഇരട്ടിയോളം. 2018 ല്‍ 460, 000 ല്‍ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ ലോകത്താകമാനമായി ഉണ്ടായിരുന്നു, 2017 നെ അപേക്ഷിച്ച് ഏകദേശം 100, 000 കൂടുതല്‍.

Similar News