ഹ്യുണ്ടായിയോ മാരുതി സുസുക്കിയോ; ദീര്‍ഘകാലത്തേക്ക് നിക്ഷേപം ഏത് ഓഹരിയില്‍?
ഓഹരി വിപണിയില്‍ ഹ്യുണ്ടായ് കന്നി അങ്കം കുറിച്ചതോടെ വാഹനലോകത്ത് മത്സരം
രാജ്യം കണ്ട ഏറ്റവും വമ്പന്‍ പ്രാരംഭ ഓഹരി വില്‍പ്പനയുമായെത്തിയ ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യയുടെ ലിസ്റ്റിംഗ് കഴിഞ്ഞതോടെ ഓട്ടോമൊബൈല്‍ മേഖല കൂടുതല്‍ ശ്രദ്ധ നേടുകയാണ്. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹ്യുണ്ടായ്, മാരുതി സുസുക്കി എന്നിവയില്‍ ഏത് തിരഞ്ഞെടുക്കണമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
ഓഹരികളുടെ പ്രൈസ് ട്രെന്‍ഡ്
ഒക്ടോബര്‍ 22നാണ് ഹ്യൂണ്ടായ് മോട്ടോര്‍ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത്. ഇഷ്യുവില 1,960 രൂപയുണ്ടായിരുന്ന ഓഹരി എന്‍.എസ്.ഇയില്‍ 1.3 ശതമാനം ഇടിഞ്ഞ് 1,934 രൂപയിലും ബി.എസ്.ഇയില്‍ 1.5 ശതമാനം താഴ്ന്ന് 1,931 രൂപയിലുമാണ് വ്യാപാരമാരംഭിച്ചത്. തുടര്‍ന്ന് ഓഹരി വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ വില 7 ശതമാനം ഇടിഞ്ഞ് 1,820.40 രൂപയിലുമെത്തി. ഇന്നലെ രാവിലെ 6 ശതമാനം ഉയര്‍ന്ന് 1,928.15 രൂപയിലേക്ക് എത്തി. ഇന്ന് പക്ഷെ വീണ്ടും ഒരു ശതമാനത്തിലധികം ഓഹരി ഇടിവിലാണ്.
അതേസമയം മാരുതിയുടെ കാര്യമെടുത്താല്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 13.5 ശതമാനമാണ് ഓഹരിയുടെ നേട്ടം. 2024ല്‍ ഇതു വരെ 16 ശതമാനവും നേട്ടം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒക്ടോബറില്‍ ഇതുവരെ 10 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബറില്‍ 6.7 ശതമാനം ഉയര്‍ന്ന ശേഷമാണിത്. ഇന്നലത്തെ ക്ലോസിംഗ് വില നോക്കിയാല്‍ എക്കാലത്തെയും ഉയര്‍ന്ന വിലയായ 13,675 രൂപയില്‍ നിന്ന് 13 ശതമാനം താഴെയാണ് ഓഹരി വില. കഴിഞ്ഞ ഓഗസ്റ്റ് 14നാണ് ഓഹരി ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അതേസമയം 2024 ജനുവരിയില്‍ രേഖപ്പെടുത്തിയ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയായ 9,738.40 രൂപയില്‍ നിന്ന് ഓഹരി 22 ശതമാനം ഉയര്‍ന്നിട്ടുമുണ്ട്.
ഏതാണ് മികച്ച ചോയ്‌സ്?
ഹ്യുണ്ടായിയാണോ മാരുതിയാണോ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ അനുയോജ്യമായ ഓഹരി എന്ന് ചോദിച്ചാല്‍ അനലിസ്റ്റുകള്‍ക്ക് വ്യത്യസ്തമായ വീക്ഷണമാണ്. ഇരു ഓട്ടോ മൈബൈല്‍ കമ്പനികളും ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം നേടിയിട്ടുണ്ട്. ഒപ്പം തന്നെ ഇരു കമ്പനികള്‍ക്കും അതുല്യമായ വളര്‍ച്ചാ സാധ്യതകളും വെല്ലുവിളികളുമുണ്ട്.
ആനന്ദ് റാഠി ഇൻസ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസിന്റെ റിസര്‍ച്ച് അനലിസ്റ്റ് മുമുക്ഷ് മന്‍ഡ്‌ലേഷ മാരുതിയേക്കാള്‍ ഹ്യുണ്ടായ് ഓഹരിയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. എസ്.യു.വി വിഭാഗത്തില്‍ മികച്ച ശ്രേണി അവതരിപ്പിച്ചിരിക്കുന്നതാണ് ഹ്യുണ്ടായ്ക്ക് കൂടുതല്‍ വളര്‍ച്ചാ സാധ്യത നല്‍കുന്നതായി ബ്രോക്കറേജ് കണക്കാക്കുന്നത്. ഹ്യുണ്ടായ്ക്ക് 63 ശതമാനവും മാരുതിക്ക് 36 ശതമാനവുമാണ് മാര്‍ക്കിടുന്നത്.
ഹാച്ച്ബാക്കുകളെ അപേക്ഷിച്ച് അതിവേഗ വളര്‍ച്ച എസ്.യു.വികളിലാണ് പ്രതീക്ഷിക്കുന്നത്. ഇത് ദീര്‍ഘകാലത്ത് കമ്പനിയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. എന്നാല്‍ മാരുതിയും മികച്ച മോഡലുകളുമായെത്തിയതിനാല്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇതു വരെ കാര്യമായ വ്യത്യാസമുണ്ടാക്കിയിട്ടില്ല. അതായത് പുതിയ മോഡലുകള്‍ അനുസരിച്ച് അവരുടെ മീഡിയം ടേം കാഴ്ചപ്പാട് മാറ്റാനാകുമെന്നാണ് കരുതുന്നത്.
മറ്റൊരു ബ്രോക്കറേജായ എംകേ(Emkay) ഇരു ഓഹരികളെയും അത്ര മികച്ചതായി കണക്കാക്കുന്നില്ല. കുറയ്ക്കുക (Reduce) എന്ന റേറ്റിംഗാണ് ഓഹരികള്‍ക്ക് നല്‍കുന്നത്. മാരുതിക്ക് കുറച്ച് കൂടുതല്‍ ഇടിവ് പ്രവചിക്കുന്നുമുണ്ട്. മാരുതി ഓഹരിയുടെ ലക്ഷ്യവില 11,200 രൂപയായാണ് കുറച്ചിരിക്കുന്നത്. അതായ്ത് നിലവിലെ വിലയില്‍ നിന്ന് 6 ശതമാനം താഴെ. അതേസമയം, ഹ്യുണ്ടായ്ക്ക് 1,750 രൂപയാണ് ലക്ഷ്യവില ഇട്ടത്. നിലവിലെ വിലയില്‍ നിന്ന് നാല് ശതമാനം താഴെയാണിത്. താതതമ്യേന മാരുതി ഓഹരികള്‍ക്കാണ് എംകെ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. കാരണം വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍, വ്യത്യസ്തമായ എന്‍ജിന്‍ ശേഷി, ഉയര്‍ന്ന വളര്‍ച്ചാ സാധ്യത, ഉയര്‍ന്ന വരുമാനം തുടങ്ങി അനുകൂല ഘടകങ്ങളാണ് മാരുതിയില്‍ കാണുന്നത്.
മറ്റൊരു ബ്രോക്കറേജായ മോത്തിലാല്‍ ഓസ്വാള്‍ ഇരു കമ്പനികളുടെ ഓഹരികള്‍ക്കും 'ബൈ' ശിപാര്‍ശ നല്‍കിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ മുന്നേറ്റം പ്രവചിക്കുന്നത് ഹ്യുണ്ടായി ഓഹരിയിലാണ്. മാരുതിയുടെ ലക്ഷ്യവില 15,160 രൂപയാണ് കണക്കാക്കുന്നത്. നിലവിലെ വിലയില്‍ നിന്ന് 27 ശതമാനം വര്‍ധന. ഹ്യുണ്ടായിയുടെ ഓഹരിക്ക് ലക്ഷ്യവില 2,345 രൂപയാണിട്ടിരിക്കുന്നത്. അതായത് 29 ശതമാനം വര്‍ധന.
പാസഞ്ചര്‍ വാഹനങ്ങളില്‍ 87 ശതമാനം വിപണി സാന്നിധ്യം ഹ്യുണ്ടായ്ക്കുണ്ടെന്നതാണ് മോത്തിലാല്‍ ഓസ്വാള്‍ എടുത്തു പറയുന്നത്. മിഡ്-സൈസ്, കോംപാക്ട് എസ്.യു.വികള്‍ എന്നീ പ്രധാന സെഗ്‌മെന്റുകളിലും മേല്‍ക്കോയ്മയുണ്ട് കൂടാതെ മാതൃകമ്പനിയില്‍ നിന്ന് ആര്‍ ആൻഡ് ഡി, സപ്ലൈ ചെയിന്‍ സപ്പോര്‍ട്ട് ലഭിക്കുന്നതും ഹ്യുണ്ടായ്ക്ക് നേട്ടമാണ്. രാജ്യത്തെ പാസഞ്ചര്‍ വാഹന കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്താണ് ഹ്യുണ്ടായ്. ഇതെല്ലാം മാരുതിയേക്കാള്‍ ഒരു പടി മുന്നില്‍ ഹ്യുണ്ടായ്ക്ക് സാധ്യത നല്‍കുന്നു.
2025 സാമ്പത്തിക വര്‍ഷത്തില്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ മുന്‍തൂക്കം മാരുതിക്ക് തന്നെയായിരിക്കുമെന്നും ഇന്‍ഡസ്ട്രി വളര്‍ച്ചയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. നിലവില്‍ പാസഞ്ചര്‍ കാര്‍ വിപണിയുടെ 50 ശതമാനവും എസ്.യു.വികളാണ്. ഇന്‍വിക്‌റ്റോ, ബ്രെസ, ഫ്രോന്‍ക്‌സ് തുടങ്ങിയ പല മോഡലകുളും അവതരിപ്പിച്ചുകൊണ്ട് മാരുതി പോസിഷന്‍ ശക്തമാക്കിയിട്ടുണ്ട്.
വളർച്ച നോക്കി തീരുമാനം
ചുരുക്കത്തില്‍ ഇരു ഓഹരികളിലൊന്ന് തിരഞ്ഞെടുക്കുന്നത് വിവിധ വളര്‍ച്ചാ സാധ്യതകള്‍ കണക്കിലെടുത്തു കൊണ്ടാകണം. ഹ്യുണ്ടായിയുടെ കരുത്ത് എസ്.യി.വികളും ഇലക്ട്രിക് വാഹനങ്ങളിലുള്ള ശ്രദ്ധയുമാണ്. അതേസമയം മാരുതിയുടേത് വിപണി മേല്‍ക്കോയ്മയും വിവൈധ്യമാര്‍ന്ന ഉത്പന്ന നിരയും വരാനിരിക്കുന്ന പുതിയ മോഡലുകളുമാണ്. പ്രത്യേകിച്ച് ചെറുകാര്‍, ഹൈബ്രിഡ് വിഭാഗങ്ങളില്‍. ഇങ്ങനെ നോക്കുമ്പോള്‍ ദീര്‍ഘകാലത്തില്‍ ഹ്യുണ്ടായ്ക്കാണ് വളര്‍ച്ചാ സാധ്യത കൂടുതല്‍. എന്നാല്‍ സുസ്ഥിരമായ പ്രകടനത്തിലൂടെ വിപണി മേധാവിത്വം നിലനിറുത്താന്‍ മാരുതിക്ക് സാധിച്ചേക്കും.
(By arrangement with livemint.com)