ഡീമാറ്റ് അക്കൗണ്ട് തുടങ്ങാന്‍ പ്രായപൂര്‍ത്തിയാകേണ്ടതുണ്ടോ?

ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ അവര്‍ എന്തൊക്കെ ശ്രദ്ധിക്കണം?

Update:2024-12-22 12:55 IST

ഡോ. സനേഷ് ചോലക്കാട്

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് തുടങ്ങാനാകുമോ?

തീര്‍ച്ചയായും തുടങ്ങാം. കുട്ടിക്ക് സ്വന്തം നിലയ്ക്ക് ഡീമാറ്റ് അക്കൗണ്ട് തുടങ്ങാന്‍ കഴിയില്ലെങ്കിലും രക്ഷിതാവ്, അച്ഛന്‍, അമ്മ തുടങ്ങിയവരുടെ ഉത്തരവാദിത്തത്തില്‍ ഇത് ആരംഭിക്കാം. പക്ഷേ രക്ഷിതാവിന്റേയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെയും പേരില്‍ ജോയിന്റ് ആയി ഡീമാറ്റ് അക്കൗണ്ട് തുടങ്ങാനും കുട്ടിക്ക് സ്വന്തം നിലക്ക് ഓഹരികള്‍ ട്രേഡ് ചെയ്യാനും നിയമം അനുവദിക്കുന്നില്ല. കുട്ടിക്ക് 18 വയസ് തികഞ്ഞാല്‍ മൈനര്‍ ഡീമാറ്റ് അക്കൗണ്ട് റെഗുലര്‍ ഡീമാറ്റ് അക്കൗണ്ട് ആയി മാറ്റാനുള്ള അപേക്ഷ സമര്‍പ്പിച്ച് സാധാരണ ഡീമാറ്റ് അക്കൗണ്ടാക്കി മാറ്റാം.

എക്‌സ്‌ചേഞ്ചുകള്‍ക്കിടയിലെ വ്യാപാരം

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (NSE) നിന്നും വാങ്ങുന്ന ഓഹരികള്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചി (BSE) ലും തിരിച്ചും വില്‍ക്കാന്‍ സാധിക്കുമോ?

മുന്‍ കാലങ്ങളില്‍ ഇത് സാധിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ സാധിക്കും. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നടക്കുന്ന വ്യാപാരത്തിന്റെ ക്ലിയറിംഗ് ആന്‍ഡ് സെറ്റ്ല്‍മെന്റ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ തന്നെ ക്ലിയറിംഗ് സബ്‌സിഡിയറി വഴി മാത്രമേ സാധിച്ചിരുന്നുള്ളൂ. അതായത് എന്‍എസ്ഇയില്‍ നടക്കുന്ന വ്യാപാരങ്ങള്‍ എന്‍എസ്ഇ ക്ലിയറിംഗ് ലിമിറ്റഡ് വഴിയും ബിഎസ്ഇയില്‍ നടക്കുന്ന വ്യാപാരങ്ങള്‍ ഇന്ത്യന്‍ ക്ലിയറിംഗ് കോര്‍പ്പറേഷന്‍ (കഇഇഘ) വഴിയും മാത്രമേ ക്ലിയറിംഗ് ആന്‍ഡ് സെറ്റ്ല്‍മെന്റ് നടത്താന്‍ സാധിച്ചിരുന്നുള്ളൂ. ആയതിനാല്‍ ഓരോ എക്‌സ്‌ചേഞ്ചുകളിലെയും ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ ആവശ്യപ്പെടുന്ന മാര്‍ജിന്‍ നിയമങ്ങള്‍ പാലിക്കേണ്ടതായും ഉയര്‍ന്ന ചെലവുകള്‍ വ്യാപാരത്തിനായി വേണ്ടിവരികയും ചെയ്തിരുന്നു. ഈ പ്രശ്‌നം സെബിയുടെ ശ്രദ്ധയില്‍ വന്നതോടെ എക്‌സ്‌ചേഞ്ചുകളിലെ ക്ലിയറിംഗ് ആന്‍ഡ് സെറ്റ്ല്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ച് ഓഹരി വിപണികളിലെ 'interoperatabiltiy' സംവിധാനം കൊണ്ടുവരികയും ചെയ്തു. ഇത് പ്രകാരം ഒരു സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും വാങ്ങുന്ന ഓഹരികള്‍ മറ്റ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വില്‍ക്കാനും ക്ലിയറിംഗ് ആന്‍ഡ് സെറ്റ്ല്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിക്കും.

ദീര്‍ഘകാലം ട്രേഡിംഗ് മുടങ്ങിയാല്‍

ദീര്‍ഘകാലത്തേക്ക് ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടില്‍ വ്യാപാരം നടത്തിയില്ലെങ്കില്‍ കുഴപ്പമുണ്ടോ?

12 മാസമോ അതില്‍ അധികമോ ഓഹരി വിപണികളിലെ ഒരു സെഗ്മെന്റിലും വ്യാപാരം നടത്താതിരുന്നാല്‍ പ്രസ്തുത ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് ഓഹരി വിപണിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം 'Dormant' ആയി മാറും. വീണ്ടും അക്കൗണ്ട് ഉപയോഗിക്കാന്‍ റീ ആക്റ്റിവേഷന്‍ നടത്തണം. ഡോര്‍മന്റ് ആയ ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകള്‍ക്ക് ചില ബ്രോക്കര്‍മാര്‍ വാര്‍ഷിക മെയ്ന്റനന്‍സ് ചാര്‍ജ് (AMC) ഈടാക്കും. 24 മാസത്തിന് മുകളില്‍ വ്യാപാരം നടത്താത്ത ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകള്‍ വീണ്ടും ആക്റ്റിവേറ്റ് ചെയ്യണമെങ്കില്‍ ReKYC പൂര്‍ത്തിയാക്കേണ്ടതായും വരും.

ഓര്‍ഡറുകള്‍ നിരസിക്കുന്നത് എന്തു കൊണ്ട്?

ഓഹരികള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടും ബ്രോക്കറുടെ സിസ്റ്റം നിരസിച്ചതായി കാണിക്കുന്നത്. എന്തുകൊണ്ടാണ്?

ഒരു നിക്ഷേപകന്‍ ബ്രോക്കറുടെ പ്ലാറ്റ്‌ഫോം/ ആപ്ലിക്കേഷന്‍ വഴി ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ഓര്‍ഡര്‍ നല്‍കുമ്പോള്‍ ബ്രോക്കറുടെ ഓര്‍ഡര്‍ മാനേജ്‌മെന്റ് സിസ്റ്റം (OMS) എന്ന സോഫ്റ്റ്‌വെയര്‍ വഴി ഓര്‍ഡര്‍ നിരീക്ഷിക്കുകയും പിന്നീട് യോഗ്യമായ ഓര്‍ഡറുകള്‍ മാത്രമാണ് ഓഹരി വിപണിയിലേക്ക് കടത്തിവിടുന്നത്. പ്രധാനമായും OMS നിരസിക്കുന്നത് താഴെ പറയുന്ന രീതിയിലുള്ള ഓര്‍ഡറുകളാണ്.

ഓഹരികള്‍ വാങ്ങുന്നതിനാവശ്യമായ മാര്‍ജിനോ വാങ്ങല്‍ ശേഷിയോ ഇല്ലാത്ത ഓഹരികള്‍.

ക്യാഷ് സെറ്റ്ല്‍മെന്റില്‍ കൈവശം ഇല്ലാത്ത

ഓഹരികള്‍ വില്‍ക്കാന്‍ ഓര്‍ഡര്‍ നല്‍കുമ്പോള്‍.

ചില നിക്ഷേപകര്‍ ചില ഓഹരി സെഗ്മെന്റുകള്‍ ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടാകില്ല. ഉദാ: കമ്മോഡിറ്റി, ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് തുടങ്ങിയവ. അത്തരം സെഗ്മെന്റുകളില്‍ ആക്റ്റിവേറ്റ് ചെയ്യാതെ ഒരു ഓര്‍ഡര്‍ നിക്ഷേപകന്‍ നല്‍കിയാല്‍ ഓര്‍ഡര്‍ OMS സ്വീകരിക്കില്ല.

മാര്‍ജിന്‍ ട്രേഡിംഗ് ഫെസിലിറ്റി (MTF) ഇന്ന് വാങ്ങി നാളെ വില്‍ക്കുന്ന (Buy today sell tomorrow BTST) തുടങ്ങിയ സെഗ്മെന്റുകള്‍ ഒരു നിക്ഷേപകന്‍ ബ്രോക്കറുമായി ബന്ധപ്പെട്ട് ആക്റ്റിവേറ്റ് ചെയ്യേണ്ടതുണ്ട്. അത്തരം പ്രൊഡക്റ്റ് വിഭാഗങ്ങള്‍ പൊതുവെ ബ്രോക്കര്‍മാര്‍ നിക്ഷേപകര്‍ക്ക് ഉപാധികളും നിബന്ധനകളും പ്രകാരം അനുവദിക്കുന്നതാണ്. ഇത് നിക്ഷേപകന്‍ ബ്രോക്കറുമായി ബന്ധപ്പെട്ട് സ്വീകരിക്കാത്തിടത്തോളം പ്രസ്തുത പ്രൊഡക്റ്റ് വിഭാഗം വഴിയുള്ള ഓര്‍ഡറുകള്‍ OMS സ്വീകരിക്കില്ല.

എന്താണ് കോര്‍പ്പറേറ്റ് ആക്ഷന്‍

ഒരു ഓഹരിയുടെ കോര്‍പ്പറേറ്റ് ആക്ഷന്‍ (Corporate Action) എന്നാല്‍ എന്താണ്? ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരിയില്‍ കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് തീരുമാന പ്രകാരം നടപ്പാക്കുന്ന ചില തീരുമാനമാണ് കോര്‍പ്പറേറ്റ് ആക്ഷന്‍. ഇത് ഓഹരിയുടെ വിലയെയും നിക്ഷേപകന്റെ നിക്ഷേപത്തെയും ബാധിക്കും. പ്രധാനപ്പെട്ട കോര്‍പ്പറേറ്റ് ആക്ഷന്‍സ് ഇവയാണ്: ഡിവിഡന്റ്, സ്‌റ്റോക്ക് സ്പ്ലിറ്റ്, റൈറ്റ് ഇഷ്യൂ, ബയ് ബാക്ക്, മെര്‍ജര്‍ ആന്‍ഡ് അക്വിസിഷന്‍, ബോണസ് ഇഷ്യൂ.


(ധനം ബിസിനസ് മാഗസിന്‍ ഡിസംബര്‍ 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. സെബി സ്മാര്‍ട്ട്, എന്‍.എസ്.ഇ, ബി.എസ്.ഇ, എന്‍.എസ്.ഡി.എല്‍, സി.എസ്.ഡി.എല്‍, പി.എഫ്.ആര്‍.ഡി.എ, എന്‍.സി.ഡി.എക്‌സ്, എന്‍.ഐ.എസ്.എം. എന്നിവയുടെ അംഗീകൃത പരിശീലകനാണ് ലേഖകന്‍.)

Tags:    

Similar News