വിപണിയില്‍ വീണ്ടും ചോരപ്പുഴ, സൂചികകളെല്ലാം ഇടിവില്‍, പിടിച്ചുനിന്ന് സ്‌കൂബീഡേ; വിപണിയില്‍ ഇന്ന് സംഭവിച്ചത്
വെറും ആറ് കേരള ഓഹരികള്‍ക്ക് മാത്രമാണ് നേട്ടത്തോടെ വാരം അവസാനിപ്പിക്കാന്‍ സാധിച്ചത്
ഓഹരിവിപണിയില്‍ കാര്യങ്ങള്‍ ശരിയായ വഴിക്ക് പോകുന്നില്ല. ഇന്നലത്തേക്കാള്‍ വലിയ തകര്‍ച്ചയില്‍ വിപണി വാരാന്ത്യം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 1,176.45 പോയിന്റ് (1.49 ശതമാനം) ഇടിഞ്ഞ് 78,041.59ലും നിഫ്റ്റി 364.20 പോയിന്റ് (1.52 ശതമാനം) താഴ്ന്ന് 23,587.50ലും ക്ലോസ് ചെയ്തു. അമേരിക്കന്‍ ഫെഡ് റിസര്‍വിന്റെ 2025ലെ പലിശനിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതും വിദേശ നിക്ഷേപകരുടെ വൈമുഖ്യവുമാണ് വിപണിയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയത്. ഒരാഴ്ചയ്ക്കിടെ നിഫ്റ്റി 4.6 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് 18 ലക്ഷം കോടി രൂപയാണ് ചോര്‍ന്നുപോയത്.
നിഫ്റ്റി50ല്‍ 46 ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന അവസ്ഥയിലാണ്. 4,085 ഓഹരികള്‍ വില്പന നടന്നതില്‍ 1,061 ഓഹരികള്‍ നേട്ടത്തിലും 2,929 എണ്ണം നഷ്ടത്തിലും കലാശിച്ചു. ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 8.7 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി.
സമ്പൂര്‍ണ റെഡ്
സൂചികകള്‍ മൊത്തമായും ചുവപ്പിലേക്ക് നീങ്ങുന്നതിനാണ് ഡിസംബര്‍ 20 സാക്ഷ്യം വഹിച്ചത്. ഐ.ടി സൂചിക തന്നെയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടതും. 2.63 ശതമാനമാണ് ഇടിഞ്ഞത്. വ്യാപാരം ആരംഭിച്ചപ്പോള്‍ നേട്ടം കൊയ്ത ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് പോലും താഴേക്കു പോകേണ്ടി വന്നത് ഐടി സൂചികയുടെ പ്രകടനത്തിലും പ്രതിഫലിച്ചു. പൊതുമേഖല ബാങ്ക് സൂചികയും 2.65 ശതമാനം താഴ്ന്നു. ഓട്ടോ (2.13), റിയാലിറ്റി (3.91) സൂചികകളും മോശം പ്രകടനത്തോടെ വാരം അവസാനിപ്പിച്ചു. ഇന്നലെ (ഡിസംബര്‍ 19 വ്യാഴം) നേട്ടത്തിലായിരുന്നു ഫാര്‍മ, ഹെല്‍ത്ത് കെയര്‍ സൂചികകളും താഴേക്ക് പോയി. എന്നാല്‍ മറ്റ് മേഖലകളെ അപേക്ഷിച്ച് പിടിച്ചുനിന്നുവെന്ന് മാത്രം.
നേട്ടത്തില്‍ ഇവര്‍
മറ്റ് പൊതുമേഖല ബാങ്കിംഗ് ഓഹരികള്‍ കിതച്ചപ്പോള്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര കരുത്തുകാട്ടി. 3.33 ശതമാനം ഉയര്‍ന്നാണ് ഈ പൊതുമേഖല ഓഹരി കുതിപ്പ് കാട്ടിയത്. പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഭാരത് ഡൈനാമിക്‌സ് ഓഹരികള്‍ 2.74 ശതമാനം നേട്ടത്തോടെയാണ് വാരാന്ത്യം അവസാനിപ്പിച്ചത്. ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് (1.49), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (0.59) ഓഹരികളും വലിയ തട്ടുകൂടാതെ പിടിച്ചുനിന്നു.
സീമെന്‍സ് ലിമിറ്റഡ് ആണ് ഇന്ന് ഏറ്റവും വലിയ നഷ്ടം നേരിട്ട ഓഹരികളിലൊന്ന്. 9.79 ശതമാനത്തോളം ഇടിഞ്ഞാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ടൊറന്റ് പവര്‍ (9.38), പവര്‍ ഫിനാന്‍സ് (6.24) ഓഹരികള്‍ക്കും വിപണി തിരിച്ചടി നല്‍കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഒരുവേള 52 ആഴ്ചയിലെ താഴ്ചയിലെത്തിയശേഷം ചെറിയതോതില്‍ കയറിയാണ് ക്ലോസ് ചെയ്തത്.
കേരള കമ്പനികളുടെ പ്രകടനം
വെറും ആറ് കേരള ഓഹരികള്‍ക്ക് മാത്രമാണ് നേട്ടത്തോടെ വാരം അവസാനിപ്പിക്കാന്‍ സാധിച്ചത്. അതും നേരിയ മുന്നേറ്റം മാത്രം. കഴിഞ്ഞ ദിവസങ്ങളിലെ മിന്നും പ്രകടനം തുടരുന്ന സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് മാത്രമാണ് കാര്യമായ നേട്ടം കൊയ്ത മുഖ്യധാര ഓഹരി. 3.5 ശതമാനം ഉയര്‍ന്നാണ് സ്‌കൂബീഡേ വിപണി ക്ലോസ് ചെയ്തത്. അപ്പോളോ ടയേഴ്‌സ് (0.44), ധനലക്ഷ്മി ബാങ്ക് (4.06) ഓഹരികളും നേട്ടംകൊയ്തു. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ 19.99 ശതമാനം ഇടിവ് നേരിട്ടു. കേരള ആയുര്‍വേദ (6.03), കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (5.00) കല്യാണ്‍ ജുവലേഴ്‌സ് (3.04) ഓഹരികള്‍ക്കും കനത്ത നഷ്ടം നേരിടേണ്ടി വന്നു.