'റോയല്‍' ആണ് എന്‍ഫീല്‍ഡ്! ഈ വിഭാഗത്തിൽ ഏറ്റവും കൂടുതല്‍ വില്‍പന നേടിയ 10ല്‍ ആറു വാഹനങ്ങളും റോയല്‍ എന്‍ഫീല്‍ഡ്

അടുത്തിടെ നിരത്തുകളിലെത്തിയ ഗറില്ല 450 പോലും പട്ടികയിലുണ്ട്

Update:2024-10-24 15:48 IST

Representational image, image credit: canva

350-450 സിസി വരെയുള്ള സെഗ്‌മെന്റില്‍ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ നിരത്തിലെത്തിച്ചത് റോയല്‍ എന്‍ഫീല്‍ഡ് തന്നെ. ആദ്യ നാല് സ്ഥാനങ്ങള്‍ സ്വന്തമാക്കിയതിന് പുറമെ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ 10 വാഹനങ്ങളില്‍ ആറും റോയല്‍ എന്‍ഫീല്‍ഡീന്റേതാണ്. അടുത്തിടെ നിരത്തുകളിലെത്തിയ ഗറില്ല 450 പോലും പട്ടികയിലുണ്ട്.
ഈ ശ്രേണിയില്‍ പെട്ട 89,865 വാഹനങ്ങളാണ് സെപ്റ്റംബറില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8.54 ശതമാനം വളര്‍ച്ച. 2023 സെപ്റ്റംബറില്‍ 82,794 വാഹനങ്ങളാണ് വിറ്റത്. ഇക്കൊല്ലം ആഗസ്റ്റില്‍ 75,632 വാഹനങ്ങളാണ് ഈ ശ്രേണിയില്‍ പുറത്തിറങ്ങിയത്. രാജ്യത്ത് ഉത്സവ സീസണ്‍ ആരംഭിച്ചതാണ് വില്‍പ്പന കൂടാനുള്ള കാരണങ്ങളിലൊന്ന്.

ഒന്നാമന്‍ ക്ലാസിക് 350

സെഗ്‌മെന്റിലെ കിംഗ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 തന്നെയാണ്. 33,605 യൂണിറ്റുകളാണ് സെപ്റ്റംബറില്‍ ക്ലാസിക് 350യുടെ പേരില്‍ നിരത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം നേടിയ 26,003 യൂണിറ്റിനേക്കാള്‍ 27.61 ശതമാനം വര്‍ധന. ഓഗസ്റ്റില്‍ 26,003 യൂണിറ്റുകളാണ് വിറ്റത്.
രണ്ടാം സ്ഥാനത്ത് റോയല്‍ എന്‍ഫീല്‍ഡിന്റെ ഹണ്ടര്‍ 350 യാണ്. 17,406 യൂണിറ്റുകളാണ് ഹണ്ടറിന് വില്‍ക്കാനായത്. വണ്ടി പ്രേമികളുടെ വികാരമായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 12,901 യൂണിറ്റുകളാണ് സെപ്റ്റംബറില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 5415 യൂണിറ്റുകള്‍ ഇത്തവണ കുറവാണെങ്കിലും മൂന്നാം സ്ഥാനം പിടിക്കാന്‍ ബുള്ളറ്റിന് കഴിഞ്ഞു. 8,665 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയോര്‍ 350യാണ് നാലാം സ്ഥാനത്ത്.
സ്ട്രീറ്റ് ബൈക്കുകളുടെ കൂട്ടത്തില്‍ അടുത്തിടെ വാഹന പ്രേമികളെ ഞെട്ടിച്ച മോഡലാണ് ട്രയംഫ് സ്പീഡ് 400. റോയല്‍ എന്‍ഫീല്‍ഡിന്റെ ആധിപത്യത്തിന് ഭീഷണിയായി അഞ്ചാം സ്ഥാനത്തെത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ വില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 4508 യൂണിറ്റുകള്‍ വിറ്റെങ്കിലും ഇത്തവണ 3,411 യൂണിറ്റുകളായി കുറഞ്ഞു. ജാവ യെസ്ഡി, ബജാജ് പള്‍സര്‍ 400, ഹോണ്ട ഹൈനസ്, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല തുടങ്ങിയ മോഡലുകളാണ് ആദ്യ പത്തിലെ ബാക്കിയുള്ള താരങ്ങള്‍.
Tags:    

Similar News