എല്ലാ 25 കിലോമീറ്ററിലും ചാര്‍ജിംഗ് സ്റ്റേഷന്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്ലകാലം വരുന്നു

Update: 2018-09-03 04:17 GMT

രാജ്യത്തെ ഹൈവേകളിലെ എല്ലാം 25 കിലോമീറ്ററിലും ഓരോ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള വിപുലമായ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യ വികസനത്തിനായി 1000 കോടി രൂപയുടെ സബ്സിഡിയാണ് നല്‍കാന്‍ പദ്ധതിയിടുന്നത്.

ആദ്യഘട്ടത്തില്‍ രാജ്യത്തെമ്പാടുമായി 1000 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ക്രോസ് കണ്‍ട്രി ഹൈവേകളാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്. ജനപ്പെരുപ്പം കൂടുതലുള്ള നഗരങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ഈ മേഖലയിലെ അടിസ്ഥാനസൗകര്യവികസനം സംരംഭകര്‍ക്ക് മികച്ച ബിസിനസ് അവസരങ്ങള്‍ കൂടിയാണ് സൃഷ്ടിക്കുന്നത്.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടാത്തതിന് പ്രധാന കാരണം ഈ മേഖലയിലുള്ള അടിസ്ഥാനസൗകര്യത്തിന്‍റെ കുറവാണ്. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അടക്കമുള്ള അവശ്യമായ അടിസ്ഥാനസൗകര്യം ഉണ്ടെങ്കില്‍ മാത്രമേ ഇലക്ട്രിക് വാഹനമേഖലയ്ക്ക് വളര്‍ച്ചയുണ്ടാകൂ. ഇക്കാര്യത്തില്‍ വിദേശരാജ്യങ്ങള്‍ ഏറെ മുന്നിലാണ്. കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ പദ്ധതി ഇന്ത്യയും ഈ മേഖലയില്‍ കുതിക്കാന്‍ കാരണമാകും. പരിസ്ഥിതിമലിനീകരണത്തിലും കാര്യമായ കുറവുണ്ടാകും.

രണ്ടാം ഘട്ടത്തില്‍ 5000ത്തോളം ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയിടുന്നുണ്ട്. ഇത് പൊതുഗതാഗത മേഖലയില്‍ മാറ്റത്തിന് വഴിതെളിക്കും. വിവിധ കാര്‍, ഇരുചക്രവാഹന നിര്‍മാതാക്കളും 2020ഓടെ വിവിധ മോഡലുകളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.

Similar News