ടെസ്‌ലയ്ക്ക് ഇന്ത്യയില്‍ 'വ്യാജന്‍'; കോപ്പിയടിച്ചവരെ കോടതി കയറ്റി മസ്‌കിന്റെ കമ്പനി

2020ല്‍ ഇക്കാര്യം അറിഞ്ഞിട്ടും ടെസ്‌ല എന്തുകൊണ്ട് ഇത്ര വൈകിയെന്ന് കോടതി

Update: 2024-05-04 05:07 GMT

Image: eslapowerusa.in, tesla.com

ആഗോള വൈദ്യുത വാഹന ഭീമന്മാരായ ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനം ഈ വര്‍ഷം സംഭവിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ ഇന്ത്യന്‍ കമ്പനിക്കെതിരേ കോടതിയെ സമീപിച്ച് ഇലോണ്‍ മസ്‌കിന്റ കമ്പനി. ഗുരുഗ്രാം ആസ്ഥാനമായുള്ള ടെസ്‌ല പവര്‍ എന്ന കമ്പനിക്കെതിരേയാണ് മസ്‌കിന്റെ കമ്പനി ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
ട്രേഡ് മാര്‍ക്ക് എടുത്ത പേര് ഉപയോഗിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ കമ്പനിയെ വിലക്കണമെന്നാണ് ടെസ്‌ലയുടെ ആവശ്യം. കേസ് പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റിയ ഹൈക്കോടതി അതുവരെ ടെസ്‌ല എന്നപേരില്‍ പരസ്യങ്ങളോ മറ്റ് പ്രമോഷന്‍ പ്രോഗ്രമുകളോ നടത്തരുതെന്ന് ഗുരുഗ്രാം കമ്പനിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
മസ്‌കിന്റെ ടെസ്‌ലയുമായി സാമ്യമില്ലെന്ന് വാദം
ടെസ്‌ല പവര്‍, ടെസ്‌ല യു.എസ്.എ എന്നീ പേരുകളാണ് ഗുരുഗ്രാം കമ്പനി ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയുടെ ബിസിനസും തങ്ങളുടെ ബിസിനസും രണ്ട് വ്യത്യസ്ത മേഖലകളിലാണെന്നാണ് ഇന്ത്യന്‍ കമ്പനിയുടെ വാദം. വൈദ്യുത വാഹന നിര്‍മാണത്തിലേക്കോ വിതരണത്തിലേക്കോ കടക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് ടെസ്‌ല പവര്‍ ഇന്ത്യ ചെയര്‍മാന്‍ കവീന്ദര്‍ ഖുറാന വ്യക്തമാക്കി.
2020 മുതല്‍ ഇന്ത്യന്‍ കമ്പനി പേര് ഉപയോഗിക്കുന്നത് അറിഞ്ഞിരുന്നിട്ടും എന്തുകൊണ്ടാണ് 
ടെസ്‌ല
 കാര്യമായ നിയമപോരാട്ടത്തിന് പോകാതിരുന്നതെന്ന ചോദ്യവും കോടതിയില്‍ നിന്ന് ഉയര്‍ന്നു. ഇന്‍വെര്‍ട്ടറുകളിലും സാധാരണ വാഹനങ്ങളിലും ഉപയോഗിക്കുന്ന ആസിഡ് ബാറ്ററികളാണ് ടെസ്‌ല പവര്‍ പുറത്തിറക്കുന്നത്. ഇവര്‍ക്ക് ഒരു അമേരിക്കന്‍ കമ്പനിയുമായി ബിസിനസ് ബന്ധമുണ്ട്.
ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള വരവ് ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ടെസ്‌ല ഇപ്പോള്‍ കേസിന്റെ കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതെന്നാണ് വിദഗ്ധരുടെ നിഗമനം. കഴിഞ്ഞ മാസം ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനുള്ള തീരുമാനം ഇലോണ്‍ മസ്‌ക് അവസാന നിമിഷം മാറ്റുകയായിരുന്നു.
Tags:    

Similar News