പ്രതിസന്ധി കപ്പലില്‍! ഗള്‍ഫ് യാത്രക്കപ്പല്‍ സാധ്യത മങ്ങുന്നു, വിമാന കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്ക് അറുതിയില്ല?

600-700 പേരെ ഉള്‍ക്കൊള്ളാവുന്ന കപ്പലുകളാണ് സര്‍വീസ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത്‌

Update:2025-01-04 16:05 IST

Representational Image by Canva

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായേക്കില്ല. സര്‍വീസ് നടത്താന്‍ മുന്നോട്ടു വന്ന കമ്പനിക്ക് അനുയോജ്യമായ കപ്പല്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ രംഗത്തുള്ളത്. കൊച്ചി-ദുബൈ സര്‍വീസായിരുന്നു ലക്ഷ്യമിട്ടത്.
കൊച്ചിയില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് കപ്പല്‍ സര്‍വീസ് എന്നത് പ്രവാസികളുടെ കാലങ്ങളായുള്ള സ്വപ്നമാണ്. വിമാന യാത്രനിരക്ക് കൂടി നില്‍ക്കുന്നതിനാല്‍ കപ്പല്‍യാത്രയ്ക്ക് ആളെ കിട്ടുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നാല് കമ്പനികളായിരുന്നു സേവനം ഒരുക്കാന്‍ രംഗത്തു വന്നത്. ഇതില്‍ നിന്നാണ് ചെന്നൈ ആസ്ഥാനമായ കമ്പനിയെ തിരഞ്ഞെടുത്തത്.

പ്രതിസന്ധി കപ്പലില്‍

സര്‍വീസ് നടത്തുന്നതിന് ആവശ്യമായ കപ്പല്‍ കണ്ടെത്തുന്നതിനായി ചെന്നൈ കമ്പനി വിവിധ രാജ്യങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കപ്പല്‍ ലഭിച്ചാല്‍ ഏപ്രില്‍ ആദ്യ വാരത്തോടെ സര്‍വീസ് തുടങ്ങാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യന്‍ ഷിപ്പിങ് ആക്ട് പ്രകാരം കപ്പല്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുള്‍പ്പെടെ മറ്റ് പല കടമ്പകളും പൂര്‍ത്തിയാക്കാനുണ്ട്. കപ്പല്‍ കണ്ടെത്താന്‍ വൈകുന്നത് സര്‍വീസ് ആരംഭിക്കുന്നതിന് തിരിച്ചടിയാണ്.
600-700 പേരെ ഉള്‍ക്കൊള്ളാവുന്ന കപ്പലുകളാണ് സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നത്. കൊച്ചിയില്‍ നിന്ന് മൂന്നര ദിവസത്തിനുള്ളിലെങ്കിലും ഗള്‍ഫില്‍ എത്തിച്ചേരാവുന്ന വിധത്തില്‍ വേഗതയുള്ള കപ്പലുകളാണ് വേണ്ടത്. അതിനനുസരിച്ചുള്ള എന്‍ജിന്‍ കപ്പാസിറ്റിയുണ്ടാകണം.
വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ളയില്‍ നിന്ന് പ്രവാസികള്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ് കപ്പല്‍ സര്‍വീസ്. തിരക്കു കൂടിയ സമയത്ത് യാത്രാനിരക്കില്‍ മൂന്നു മുതല്‍ അഞ്ചിരട്ടി വരെ വര്‍ധനയാണ് വിമാനക്കമ്പനികള്‍ വരുത്തിയിരിക്കുന്നത്.
Tags:    

Similar News