റബര്‍ വിലയില്‍ ഇടിവ് തുടരുന്നു, അന്താരാഷ്ട്ര വിലയിലും താഴ്ച്ച
ചൈനയില്‍ അടക്കം റബര്‍ ഉപഭോഗം കുറഞ്ഞതും ആഭ്യന്തര വിപണിയിലെ വിലയിടിവിന് കാരണമാകുന്നുണ്ട്
സംസ്ഥാനത്ത് റബര്‍ വിലയില്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളില്‍ 190-194 രൂപയില്‍ വിലയിലായിരുന്ന വില പിന്നീട് കുറയുകയായിരുന്നു. അന്താരാഷ്ട്ര വില കുറയുന്നുവെന്ന സൂചനകള്‍ക്കിടയില്‍ ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് വിലയിടിവിലേക്ക് നയിക്കുന്നത്.
റബര്‍ ഉത്പാദനം കുറയുമ്പോള്‍ സാധാരണഗതിയില്‍ വിലയില്‍ അനുകൂല മാറ്റം ഉണ്ടാകുന്നതാണ്. എന്നാല്‍ ഇത്തവണ അത്തരമൊരു മാറ്റമുണ്ടായില്ല. സംസ്ഥാനത്തെ തോട്ടങ്ങളില്‍ ഉത്പാദനം പകുതിയായി ചുരുങ്ങിയിട്ടുണ്ട്. ചൈനയില്‍ അടക്കം റബര്‍ ഉപഭോഗം കുറഞ്ഞതും ആഭ്യന്തര വിപണിയിലെ വിലയിടിവിന് കാരണമാകുന്നുണ്ട്.
അന്താരാഷ്ട്ര വില താഴേക്ക്
റബര്‍ വിലയിലെ ഇടിവിന് കാരണമായി പറയുന്നത് ലോകമെങ്ങും നിലനില്‍ക്കുന്ന മാന്ദ്യ സമാന അവസ്ഥയാണ്. ഉപഭോഗ രാജ്യങ്ങളിലെല്ലാം ഡിമാന്‍ഡ് വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 250 രൂപ വരെ എത്തിയശേഷമാണ് റബര്‍ വില താഴേക്ക് പോയത്. ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ നികുതിയിലുള്ള റബര്‍ ഇറക്കുമതി ഇന്ത്യയിലെ വില താഴ്ന്ന് നില്‍ക്കാനും ഇടയാക്കുന്നു.
റബര്‍ ബോര്‍ഡ് വില (ജനുവരി 6, തിങ്കള്‍)
ആര്‍.എസ്.എസ് 4 -190
ആര്‍.എസ്.എസ് 5 -186
ലാറ്റക്‌സ് -133
ബാങ്കോക്ക് വില
ആര്‍.എസ്.എസ് 1 -192.50
ആര്‍.എസ്.എസ് 2 -190.56