ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ 80% സബ്‌സിഡി! ₹2,000 കോടിയുടെ കേന്ദ്ര പദ്ധതിയില്‍ കേരളത്തിലെ 7 നഗരങ്ങള്‍
രാജ്യത്തെ 40 നഗരങ്ങള്‍ക്ക് പുറമെ ബംഗളൂരു-എറണാകുളം, കോയമ്പത്തൂര്‍-എറണാകുളം ഹൈവേകളും കേന്ദ്രത്തിന്റെ മുന്‍ഗണനാ പട്ടികയില്‍
പബ്ലിക് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് 80 ശതമാനത്തിലധികം സബ്‌സിഡി അനുവദിക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. 2,000 കോടി രൂപയുടെ പി.എം ഇ-ഡ്രൈവ് (PM eDrive) പദ്ധതിയുടെ ഭാഗമാണിത്. സവിശേഷ സാഹചര്യങ്ങളില്‍ പദ്ധതിച്ചെലവിന്റെ 100 ശതമാനവും സബ്‌സിഡിയായി അനുവദിക്കാനും പദ്ധതിയിലൂടെ കഴിയും. യാത്രാവാഹനങ്ങള്‍ക്ക് പുറമെ ട്രക്കുകള്‍, ബസുകള്‍ എന്നിവക്കും ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മിനിസ്ട്രി ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് പുറത്തിറക്കിയ കരട് നിര്‍ദ്ദേശത്തില്‍ പറയുന്നു. ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള 40 നഗരങ്ങളുടെ മുന്‍ഗണന പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഏഴ് നഗരങ്ങള്‍ ഉള്‍പ്പെട്ടതും ശ്രദ്ധേയമാണ്. ഭാരവാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കാന്‍ ബംഗളൂരു-എറണാകുളം, കോയമ്പത്തൂര്‍-കൊച്ചി ഹൈവേകളും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയിങ്ങനെ
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനും ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണിത്. പദ്ധതിക്കുള്ള അനുമതി ലഭിക്കുമ്പോള്‍ 30 ശതമാനം സബ്‌സിഡിയും പൂര്‍ത്തിയാകുമ്പോള്‍ 40 ശതമാനവും ബാക്കി തുക ചാര്‍ജിംഗ് കേന്ദ്രങ്ങളുടെ വ്യവസായ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷവുമാണ് കൈമാറുക.
ഇലക്ട്രിക് ടൂ, ത്രീ വീലറുകള്‍ക്കായി 581 കോടി രൂപ ചെലവില്‍ 48,400 ചാര്‍ജിംഗ് സ്റ്റേഷനുകളും ഫോര്‍ വീലറുകള്‍ക്കായി 1,061 കോടി രൂപക്ക് 22,100 ചാര്‍ജിംഗ് സ്റ്റേഷനുകളും ഭാരവാഹനങ്ങള്‍ക്കായി 1,800 ചാര്‍ജിംഗ് സ്റ്റേഷനുകളുമാണ് തുടങ്ങുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്കായി 1.5 ലക്ഷം രൂപയില്‍ കുറയാത്ത വിലയിലുള്ള 12 കിലോവാട്ട് ചാര്‍ജറുകളാണ് സ്ഥാപിക്കേണ്ടത്. കാറുകള്‍ക്കായി 60 കിലോവാട്ടിന്റെയും ഭാരവാഹനങ്ങള്‍ക്കായി 240 കിലോവാട്ടിന്റെയും ചാര്‍ജറുകളാണ് സ്ഥാപിക്കേണ്ടതെന്നും കരട് നിര്‍ദ്ദേശത്തില്‍ പറയുന്നു.
ടോപ് 10ല്‍ കേരളത്തിലെ രണ്ട് നഗരങ്ങള്‍
ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലുള്ള രാജ്യത്തെ 40 നഗരങ്ങളില്‍ ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍ഗണന നല്‍കും. കേരളത്തിലെ രണ്ട് നഗരങ്ങള്‍ ആദ്യ പത്തില്‍ ഇടം പിടിച്ചു. കൊച്ചിയും തിരുവനന്തപുരവുമാണ് യഥാക്രമം ഒമ്പതും പത്തും സ്ഥാനം കരസ്ഥമാക്കിയത്. പട്ടികയില്‍ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍ എന്നീ നഗരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ഡല്‍ഹിയാണ് മുന്‍ഗണന പട്ടികയിലെ ആദ്യ പേരുകാര്‍. ബെംഗളൂരു, മുംബയ്, ഹൈദരാബാദ്, പൂനെ, ചെന്നൈ, ജയ്പ്പൂര്‍, അഹമ്മദാബാദ് എന്നീ നഗരങ്ങളും പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടി.
രണ്ട് ഹൈവേകളിലും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഉയരും
ഏഴ് നഗരങ്ങള്‍ക്ക് പുറമെ ബംഗളൂരു-എറണാകുളം, കോയമ്പത്തൂര്‍-എറണാകുളം ഹൈവേക ഇടനാഴികളെയും കേന്ദ്രം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബംഗളൂരുവില്‍ നിന്ന് ഇലക്ട്രിക് ബസുകള്‍ക്ക് വേണ്ടിയും കോയമ്പത്തൂരില്‍ നിന്ന് ഇലക്ട്രിക് ട്രക്കുകള്‍ക്ക് വേണ്ടിയുമാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്.
ചുമതല സംസ്ഥാനങ്ങള്‍ക്ക്
സംസ്ഥാന സര്‍ക്കാരുകള്‍ നിയമിക്കുന്ന നോഡല്‍ ഏജന്‍സിക്കാണ് ഓരോയിടത്തും പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ളത്. കേരളത്തില്‍ കെ.എസ്.ഇ.ബിയാണ് നോഡല്‍ ഏജന്‍സി. എവിടെയൊക്കെയാണ് ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതെന്ന് കണ്ടെത്തി ഇതുസംബന്ധിച്ച ശുപാര്‍ശ സംസ്ഥാനങ്ങള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണം. അനുമതി നല്‍കിയാല്‍ 52 ആഴ്ചക്കുള്ളില്‍ ചാര്‍ജിംഗ് കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കണം. ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഓരോ ഘട്ടവും മുന്നോട്ട് പോകേണ്ടതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.