സ്വര്‍ണ നികുതി കൂട്ടുമോ? ബജറ്റിനു മുമ്പ് സര്‍ക്കാര്‍ സജീവ ചര്‍ച്ചയില്‍; കാരണങ്ങള്‍ പലതാണ്
സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ഉയര്‍ത്തുമോ എന്ന് ഫെബ്രുവരി ഒന്നിന് അറിയാം
ഫെബ്രുവരി ഒന്നിന് അടുത്ത കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കേ, സ്വര്‍ണത്തിന്റെ കാര്യത്തില്‍ എന്തു നിലപാട് എടുക്കണമെന്നതിനെക്കുറിച്ച് സര്‍ക്കാറില്‍ സജീവ ചര്‍ച്ച. സ്വര്‍ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 15ല്‍ നിന്ന് ആറു ശതമാനമായി കുറച്ചത് കഴിഞ്ഞ ജൂലൈയിലാണ്. മൂന്നാം മോദിസര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാല്‍ അതിനു ശേഷമുള്ള സാഹചര്യങ്ങളാണ് നികുതി കൂട്ടുന്ന കാര്യം ചര്‍ച്ചയിലേക്കു കൊണ്ടുവന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
കസ്റ്റംസ് ഡ്യൂട്ടി 15ല്‍ നിന്ന് ആറു ശതമാനമായി കുറച്ച ശേഷം ഇതുവരെയുള്ള കണക്കു പരിശോധിച്ചാല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 50 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായത്. രത്‌നത്തിന്റെയും സ്വര്‍ണാഭരണങ്ങളുടെയും കയറ്റുമതി 10 ശതമാനത്തിലേറെ കുറയുകയും ചെയ്തു. ജൂലൈയില്‍ ഡ്യൂട്ടി കുറച്ചതിനു പിന്നാലെ സ്വര്‍ണ ഇറക്കുമതി ഗണ്യമായി വര്‍ധിച്ചു. തൊട്ടടുത്ത മാസത്തെ വര്‍ധന 104 ശതമാനമായിരുന്നു. ആഭരണ കയറ്റുമതി 23 ശതമാനം കണ്ട് കുറയുകയും ചെയ്തു.
സ്വര്‍ണത്തിനു പുറമെ ഡസനോളം ഇനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിച്ചു വരുകയാണ്. പണപ്പെരുപ്പത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനാണ് വാര്‍ഷിക ബജറ്റില്‍ കസ്റ്റംസ് തീരുവ ഇളവ് അനുവദിക്കുന്നത്. ഇതിനു പുറമെ അവശ്യ സാധന ലഭ്യത ഉറപ്പു വരുത്താനും തീരുവ ഇളവ് അനുവദിക്കുന്നു. തദ്ദേശ നിര്‍മാണ മേഖലക്ക് വേണ്ട സാധന ലഭ്യത ഉറപ്പാക്കുന്നതിനും ഡ്യൂട്ടി ഭേദഗതികള്‍ നടത്താറുണ്ട്. തീരുവ നിര്‍ണയത്തിലെ അപാകതകള്‍ ബജറ്റില്‍ തിരുത്തുന്നതാണ് രീതി.