കാര്‍ ലോണ്‍ ക്ലോസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Update: 2020-01-07 08:50 GMT

കാര്‍ലോണ്‍ എടുത്ത് ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കി ഇഎംഐ അടച്ചാല്‍ കാര്‍ സ്വന്തമായെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അവസാന ഇഎംഐ അടയ്ക്കുന്നതോടെ കാര്‍ സ്വന്തമായി എന്ന് കരുതല്ലേ. ഇഎംഐ ഓട്ടോമാറ്റിക് ആയി തീര്‍ന്നു കഴിയുമ്പോള്‍ പലരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നു. കാര്‍ ലോണ്‍ ക്ലോസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതും നിങ്ങള്‍ ചെയ്യേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അവയാണ് ചുവടെ:

നോ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (NOC)

എന്‍ഓസി അഥവാ ബാങ്കിന് നല്‍കാനുള്ള ബാധ്യതകളെല്ലാം തീര്‍ത്തു എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് നോ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്. ലോണ്‍ ക്ലോസ് ചെയ്താല്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ ബാങ്ക് എന്‍ഒസി നല്‍കണം. ലോണ്‍ എടുത്തു വാങ്ങുന്ന വാഹനം ലോണ്‍ കാലാവധിക്ക് മുന്‍പായി വില്‍ക്കുന്നതിനായും ബാങ്കില്‍ നിന്ന് നോ ഓബ്‌ജെക്ക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. അതു ലഭിച്ചില്ലെങ്കില്‍ ആര്‍സി ബുക്കില്‍ പേരുമാറ്റാന്‍ സാധിക്കില്ല. ഇതിനാല്‍ തന്നെ എന്‍ഓസി വീഴ്ച വരാതെ കൈപ്പറ്റുക.

ലോണ്‍ ക്ലോസ് ചെയ്യല്‍

ഇഎംഐ അടച്ചു തീര്‍ത്താല്‍ കാര്‍ ലോണ്‍ ക്ലോസ് ചെയ്യാന്‍ മറക്കരുത്. കാരണം അടുത്ത തവണ ലോണ്‍ എടുക്കുമ്പോള്‍ പഴയ ലോണ്‍ ആക്റ്റീവ് ആയി ഉണ്ടെങ്കില്‍ സിബില്‍ സ്‌കോര്‍ കുറയും. ഇതുമൂലം ചിലപ്പോള്‍ പുതിയ ലോണ്‍ ലഭിക്കുന്നതുവരെ ബാധിച്ചേക്കാം.

ഹൈപ്പോത്തിക്കേഷന്‍

വാഹനത്തിന്റെ ആര്‍സി ബുക്കില്‍ ഹൈപ്പോത്തിക്കേഷന്‍ വിവരങ്ങളില്‍ ലോണ്‍ നല്‍കുന്ന ബാങ്കിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടാകും. ആര്‍സി ബുക്കില്‍ നിന്ന് ബാങ്കിന്റെ പേര് ഒഴിവാക്കിയാല്‍ മാത്രമേ വാഹനം പൂര്‍ണ്ണമായും ഉടമയുടേതാകൂ. ഇതിനായി ബാങ്കില്‍ നിന്ന് അതാത് ആര്‍ടിഒയുടെ പേരിലേക്ക് ലഭിക്കുന്ന എന്‍ഒസി സര്‍ട്ടിഫിക്കറ്റും ചേര്‍ന്ന് അപേക്ഷ സമര്‍പ്പിക്കണം. ഇന്‍ഷുറന്‍സിലും ഹൈപ്പോത്തിക്കേഷന്‍ നടത്തണം.

ക്രഡിറ്റ് സ്‌കോര്‍ പരിശോധിക്കുക

കാര്‍ ലോണ്‍ മാത്രമല്ല, ഏതു തരം ലോണ്‍ ആണെങ്കിലും പണം തിരിച്ചടച്ച് കഴിഞ്ഞ് ക്രഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നത് നല്ലതാണ്. കാരണം നിങ്ങളുടെ ഇടപാടില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ഇത് സഹായിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News