നിറയെ പുതുമകള്‍! ഹ്യുണ്ടായ് ടൂസോൺ 2020 വിപണിയില്‍

Update: 2020-07-15 11:10 GMT

ഹ്യുണ്ടായ്  ടൂസോൺ 2020 വകഭേദം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 22.3 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ, എക്‌സ് ഷോറൂം വില. പ്രീമിയം എസ്.യു.വി വിപണിയില്‍ ശക്തമായ സാന്നിധ്യമാവുകയെന്ന ലക്ഷ്യത്തിലാണ് ഹ്യുണ്ടായ് ഈ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ചെറു എസ്.യു.വികളുടെ വിഭാഗത്തില്‍ ഇപ്പോള്‍ത്തന്നെ ഹ്യുണ്ടായ് താരമാണ്.

ഫെബ്രുവരി നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഹ്യുണ്ടായിയുടെ കണക്റ്റഡ് കാര്‍ ടെക്‌നോളജിയായ ബ്ലൂലിങ്ക് പുതിയ ടൂസോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്  എതിരാളികളെ അപേക്ഷിച്ച് ഒരുപടി മുന്നില്‍ നില്‍ക്കാന്‍ ഈ വാഹനത്തെ സഹായിക്കും. ജീപ്പ് കോമ്പസ്, എക്‌സ്.യു.വി 500 തുടങ്ങിയ മോഡലുകളാണ് പ്രധാന എതിരാളികള്‍.

ഇതിന്റെ പുറംഭാഗത്ത് ചില മാറ്റങ്ങള്‍ വരുത്തി ഭംഗി കൂട്ടിയിട്ടുണ്ട്. മുന്‍ഗ്രില്ലുകള്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഫോഗ് ലൈറ്റ്, ടെയ്ല്‍ ലൈറ്റ് തുടങ്ങിയവയില്‍ മാറ്റമുണ്ട്. അലോയ് വീലുകളും മെച്ചപ്പെടുത്തിയിട്ടുണ്ട്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്കളാണ് ഇതിനുള്ളത്.

ഉള്ളില്‍ എട്ട് ഇഞ്ച് എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് ഒരുക്കിയിരിക്കുന്നത്. ഇന്‍ഫിനിറ്റി 8 സ്പീക്കര്‍ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ഹില്‍ അസിസ്റ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇബിഡിയോട് കൂടിയ എബിഎസ്, ഫ്രണ്ട് & റെയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍... തുടങ്ങിയ സംവിധാനങ്ങളുണ്ട്. വയര്‍ലസ് ചാര്‍ജിംഗ്, ഡിആര്‍വിഎം, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങിയ പുതുതലമുറ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

2.0 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഈ മോഡലിന് കരുത്ത് പകരുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതിലുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News