ഓണം പൊടിപൊടിച്ചു; കേരളത്തിലെ വാഹന വില്‍പനയില്‍ 30% കുതിപ്പ്
എസ്.യു.വി കരുത്തില്‍ പുത്തൻ റെക്കോഡിട്ട് ദേശീയ വാഹന വില്‍പനയും
ഇത്തവണത്തെ ഓണക്കാലം നേട്ടത്തിന്റെ ആഘോഷമാക്കി മാറ്റി കേരളത്തിന്റെ റീട്ടെയില്‍ വാഹന വിപണി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ഓണക്കാലത്തെ അപേക്ഷിച്ച് ഉപയോക്തൃ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതും ഉത്സവകാല ബോണസുകളും ആകര്‍ഷക ഫീച്ചറുകളുള്ള പുത്തന്‍ വണ്ടികളും ഊര്‍ജമായതോടെ ഓഗസ്റ്റിലെ വില്‍പന കുതിച്ചത് ജൂലൈയെ അപേക്ഷിച്ച് 30 ശതമാനത്തോളം.
മൊത്തം പുതിയ വണ്ടികളുടെ രജിസ്‌ട്രേഷന്‍ ജൂലൈയിലെ 56,417 എണ്ണത്തില്‍ നിന്ന് കഴിഞ്ഞമാസം 73,532 എണ്ണമായാണ് കുതിച്ചതെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ടൂവീലറുകളുടെ വില്‍പന 35,223ല്‍ നിന്ന് 49,487 എണ്ണത്തിലെത്തി; കഴിഞ്ഞ മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില്‍പനയാണിത്. പുതിയ കാറുകളുടെ രജിസ്‌ട്രേഷന്‍ 15,195ല്‍ നിന്നുയര്‍ന്ന് 17,491 എണ്ണമായി; ഇതും മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും മികച്ചതാണ്.
വൈദ്യുത വാഹനങ്ങളും ഉണര്‍വില്‍
ജൂലൈയിലെ 5,254 എണ്ണത്തില്‍ നിന്ന് മൊത്തം വൈദ്യുത വാഹന (EV) വില്‍പന സംസ്ഥാനത്ത് കഴിഞ്ഞമാസം 5,956 ആയി മെച്ചപ്പെട്ടു. ജൂണിലും ജൂലൈയിലും ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഈ തിരിച്ചുകയറ്റം.
കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറച്ചതാണ് ജൂണിലും ജൂലൈയിലും തിരിച്ചടിയായത്. വൈദ്യുത, ഹൈബ്രിഡ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇ.വി (ഫെയിം-2/FAME-II) പ്രകാരമുള്ള സബ്‌സിഡി വാഹന വിലയുടെ 40 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നവിധം കുറച്ചത്. ഇത് വാഹനവില കൂടാനും ഇടയാക്കിയിരുന്നു.
പ്രമുഖ വൈദ്യുത ടൂവീലര്‍ നിര്‍മ്മാതാക്കളായ ഓലയും ഏഥര്‍ എനര്‍ജിയും ഇതേത്തുടര്‍ന്ന് വില്‍പനയില്‍ തിരിച്ചടി നേരിട്ടിരുന്നു. മേയില്‍ 2,170 വൈദ്യുത ടൂവീലര്‍ കേരളത്തില്‍ വിറ്റഴിച്ച ഏഥറിന് ജൂണില്‍ 625, ജൂലൈയില്‍ 800 എന്നിങ്ങനെ വില്‍പന നേടാനേ കഴിഞ്ഞുള്ളൂ. ഓണക്കരുത്തില്‍ കഴിഞ്ഞമാസം പക്ഷേ, വില്‍പന 1,029 എണ്ണത്തിലേക്ക് കുതിച്ചുകയറി.
ഓല മേയില്‍ പുതുതായി 2,622 ഉപയോക്താക്കളെ നേടിയിരുന്നു. ജൂണില്‍ ഇത് 1,904, ജൂലൈയില്‍ 1,813 എന്നിങ്ങനെ കുറഞ്ഞു. ഓഗസ്റ്റില്‍ ഓല രേഖപ്പെടുത്തിയ വില്‍പന 1,617 എണ്ണമാണ്.
ദേശീയതലത്തിലും വന്‍ ഉണര്‍വ്; റെക്കോഡ്
ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഒട്ടുമിക്ക വാഹന നിര്‍മ്മാതാക്കളും ഓഗസ്റ്റിലെ മൊത്ത വില്‍പനയില്‍ (Wholesales) കുറിച്ചത് മികച്ച നേട്ടം. ഓഗസ്റ്റിലെ ആകെ വാഹന വിൽപന പുത്തൻ പ്രതിമാസ റെക്കോഡും കുറിച്ചുവെന്നാണ് പ്രാഥമിക കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. വിശദ വിവരങ്ങൾ വാഹന നിർമ്മാതാക്കളുടെ കൂട്ടായ്മയായ സിയാം (SIAM) വൈകാതെ പുറത്തുവിടുന്ന കണക്കുകളിലൂടെ വ്യക്തമാകും.
ഇതുവരെ പുറത്തുവന്ന പ്രാഥമിക കണക്കുകൾ പ്രകാരം, കാര്‍ വില്‍പന പരിഗണിച്ചാല്‍ മൊത്തം വില്‍പന തുടര്‍ച്ചയായ എട്ടാംമാസവും 3.25 ലക്ഷം യൂണിറ്റുകള്‍ക്ക് മേലെയാണ്. ഓഗസ്റ്റില്‍ 3.58 ലക്ഷം കവിഞ്ഞിട്ടുണ്ട് വില്‍പന. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പനയുമാണിത്. മാരുതി സുസുക്കി 16 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1.56 ലക്ഷം പുതിയ കാറുകള്‍ കഴിഞ്ഞമാസം വിറ്റഴിച്ചു. മാരുതിയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പനയാണിത്.
ഹ്യുണ്ടായ് (9%), മഹീന്ദ്ര (25%), ടൊയോട്ട (40%), എം.ജി മോട്ടര്‍ (9%), ഹോണ്ട (1%) എന്നിങ്ങനെയാണ് ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം പ്രമുഖ കമ്പനികളുടെ ഓഗസ്റ്റിലെ മൊത്ത വില്‍പന നേട്ടം. ടാറ്റ മോട്ടോഴ്‌സ് 3 ശതമാനം നഷ്ടമാണ് നേരിട്ടത്. കഴിഞ്ഞമാസം വിറ്റഴിഞ്ഞ പുത്തന്‍ കാറുകളില്‍ രണ്ടിലൊന്നും എസ്.യു.വികളായിരുന്നു. ഇതാണ് വില്‍പന നേട്ടത്തിന് വലിയ കരുത്തായതെന്ന് നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ടൂ വീലർ ശ്രേണിയില് ബജാജ് ഒഴികെയുള്ള കമ്പനികളെല്ലാം മികച്ച നേട്ടം കുറിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.