പെട്ടെന്ന് ചാര്‍ജ് ആവുന്ന 'ലീപ്'; ഇന്ത്യന്‍ നിരത്ത് പിടിക്കാന്‍ ചൈനീസ് ചെറുകാര്‍

403 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്നതാണ് ഈ വാഹനം

Update:2024-05-16 14:55 IST

Image Courtesy: leapmotor.com

വൈദ്യുത കാര്‍ വമ്പന്മാരായ ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ചൈനീസ് കമ്പനി വരവറിയിക്കാന്‍ ഒരുങ്ങുന്നു. സ്റ്റാര്‍ട്ടപ്പ് ആയി ചൈനയില്‍ ആരംഭിച്ച ലീപ് മോട്ടോര്‍സ് ആണ് ഇന്ത്യന്‍ സാധ്യതയില്‍ കണ്ണുവച്ചെത്തുന്നത്. 2015ല്‍ ആരംഭിച്ച കമ്പനിയുടെ 20 ശതമാനം ഓഹരികള്‍ കഴിഞ്ഞവര്‍ഷം സ്റ്റെല്ലാന്റിസ് സ്വന്തമാക്കിയിരുന്നു.
ഇരുകമ്പനികളും ചേര്‍ന്നുള്ള പുതിയ സംയുക്ത സംരംഭമായ ലീപ്‌മോട്ടോര്‍ ഇന്റര്‍നാഷണല്‍ എന്നപേരിലാകും ഇന്ത്യയിലേക്കുള്ള വരവ്. ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപത്തിന് നിയന്ത്രണങ്ങളുണ്ട്. ഇതുമറികടക്കാന്‍ സ്റ്റെല്ലാന്റിസുമായുള്ള സഹകരണം സഹായിക്കും. പുതിയ സംരംഭത്തില്‍ 51 ശതമാനം ഓഹരികള്‍ സ്റ്റെല്ലാന്റിസിന്റെ പക്കലാണ്. ജീപ്പ്, സിട്രോണ്‍ മോഡലുകള്‍ സ്റ്റെല്ലാന്റിസിന്റേതാണ്.
ലക്ഷ്യം ചെറുകാര്‍ വിപണി
ഇന്ത്യയിലെ വൈദ്യുത ചെറുകാര്‍ വിപണി വളരെ വലുതും സാധ്യതകളേറെയുള്ളതെന്നുമാണ് ലീപ്‌മോട്ടോറിന്റെ വിലയിരുത്തല്‍. എത്രയും പെട്ടെന്ന് ഇന്ത്യന്‍ നിരത്തിലെത്താനായാല്‍ മേധാവിത്വം പുലര്‍ത്താമെന്നും അവര്‍ കരുതുന്നു. ടി03 എന്ന മോഡലുമായിട്ടായിരിക്കും അവര്‍ അരങ്ങേറ്റം നടത്തുക.
403 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്നതാണ് ഈ വാഹനം. ഇതിനൊപ്പം സി10 എന്ന അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനവും ഇന്ത്യയില്‍ അവതരിപ്പിക്കും. വെറും 36 മിനിറ്റു കൊണ്ട് 30 ശതമാനത്തില്‍നിന്ന് 80 ശതമാനം വരെ ബാറ്ററി ചാര്‍ജാകുന്ന ടെക്‌നോളജിയാണ് ലീപ് ഉപയോഗിക്കുന്നത്.
തുടക്കത്തില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് പദ്ധതി. പിന്നീട് ഇന്ത്യയില്‍ തന്നെ പ്ലാന്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാന പാദത്തിലാകും ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയ്‌ക്കൊപ്പം ഗള്‍ഫ്, ഏഷ്യാ-പസഫിക്, ദക്ഷിണ അമേരിക്കന്‍ വിപണികളിലേക്കും ഒരുമിച്ചായിരിക്കും ഇറങ്ങുക.
ചൈനീസ് വിപണിയില്‍ ഈ വര്‍ഷം മൂന്നുലക്ഷം കാറുകള്‍ വിറ്റഴിക്കുകയാണ് ലീപിന്റെ ലക്ഷ്യം. 2025 ആകുമ്പോഴേക്കും അന്താരാഷ്ട്ര വിപണിയില്‍ ഒരുലക്ഷം കാറുകള്‍ വില്‍ക്കാനാണ് ലീപ് ശ്രമിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആദ്യമെത്തി നേട്ടം കൊയ്യാമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
Tags:    

Similar News