ഇന്ത്യയിലെ നിസ്സാന്‍ കുടുംബത്തില്‍ ആകെയുള്ളത് മാഗ്നൈറ്റ്, എക്സ്-ട്രയില്‍ എന്നീ രണ്ട് അംഗങ്ങളാണ്. അതില്‍ ബ്രെഡ് വിന്നര്‍ എന്ന് വിശേഷിപ്പിക്കാവുന്ന അംഗമാണ് മാഗ്നൈറ്റ്. വിപണിയില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച മാഗ്നൈറ്റ് ഏതാനും മാറ്റങ്ങളോടെ അവതരിക്കുന്നു!
നാല് വര്‍ഷത്തിന് ശേഷമാണ് നിസ്സാന്‍ അവരുടെ മാഗ്നൈറ്റ് കോമ്പാക്റ്റ് എസ്യുവിയുടെ ഫേസ് ലിഫ്റ്റ് ഇറക്കാന്‍ തീരുമാനിച്ചത്. സാധാരണയായി ഒരു പുതിയ കാര്‍ പുറത്തിറക്കേണ്ട സമയമാണിത്. അതും കമ്പനിക്ക് ആകെ രണ്ട് മോഡലുകള്‍ മാത്രമുള്ളപ്പോള്‍. പക്ഷേ, ഈ സമയം അത്രയും മാഗ്നൈറ്റ് മത്സരിച്ചത് നാല് മീറ്ററിന് താഴെയുള്ള മറ്റ് വാഹനങ്ങളായ ഹൂന്‍ഡേ വെന്യൂ, മാരുതി സുസൂക്കി ബ്രസ്സ, കിയ സോനെറ്റ്, മഹീന്ദ്ര 3X0, റെനോ കൈഗര്‍ മുതലായ വമ്പന്‍മാരോടാണ്. എന്നിട്ടും മോശമല്ലാത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ മാഗ്നൈറ്റിന് കഴിഞ്ഞു.
എക്സ്റ്റീരിയര്‍
ഫേസ് ലിഫ്റ്റ് എന്ന് പറയുന്നതിനെ അന്വര്‍ത്ഥമാക്കുന്ന പോലെ കാറിന്റെ മുന്‍വശത്ത് മാത്രമാണ് ഡിസൈനില്‍ ഉള്ള മാറ്റം കാണാന്‍ കഴിയുക.
പുതിയ ഡ്യുവല്‍ ടോണ്‍ ഫിനിഷ് ഗ്രില്‍ ക്രോം ബ്രാക്കറ്റോടു കൂടി അല്‍പ്പം വലുതാക്കിയത് കാണാം. അതിന് താഴെയായി ഫോഗ് ലാമ്പ് ഇന്റഗ്രേറ്റഡ് സില്‍വര്‍ ഫ്ളോട്ടിംഗ് സ്‌കിഡ് പ്ലേറ്റ്, ആന്‍ഗുലാര്‍ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പ് എന്നിവ ചേര്‍ന്ന് മുന്‍വശം ആകര്‍ഷകമാക്കുന്നു. ബമ്പറിലും ചെറിയ മാറ്റം കാണാം. സൈഡ് ഇന്റിക്കേറ്റര്‍ ചേര്‍ന്ന എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ് ലാമ്പ് ഡിസൈനില്‍ മാറ്റമില്ല. വശങ്ങളില്‍ നിന്നും നോക്കുമ്പോള്‍ പുതിയ ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീല്‍ ഒഴിച്ചാല്‍ മറ്റ് പുതുമകളൊന്നുമില്ല. പിന്നിലും പറയത്തക്ക മാറ്റം ഒന്നും ഇല്ലെങ്കിലും പ്രത്യേകിച്ച് കാണാവുന്നത് ഈ സെഗ്മന്റിലെ ഏറ്റവും നല്ല ഗ്രേഡിയന്റ് എഫക്ട് ഉള്ള 3റ ഹണികോംബ് എല്‍ഇഡി സിഗ്നേചര്‍ ടെയില്‍ ലാമ്പാണ്.
ഇന്റീരിയര്‍
അകത്ത് ഡാഷ്ബോര്‍ഡിലും ഡോര്‍ ട്രിമ്മിലും ഈ സെഗ്മന്റില്‍ ആദ്യമായി അവതരിപ്പിച്ച സോഫ്റ്റ് ടച്ച്ലെതര്‍ കവറിംഗ് ബ്ലാക്ക്-കോപ്പര്‍ കളര്‍ കോമ്പിനേഷന്‍ ആകര്‍ഷകമാണ്. ഹീറ്റ് ഗാര്‍ഡ് ടെക് ഉള്‍പ്പെടുത്തിയുള്ള ക്വില്‍ട്ടഡ് സീറ്റുകളും സെഗ്മന്റില്‍ ആദ്യമാണ്. ഇത് ഒരു സെഗ്മന്റ് മുകളിലുള്ള വാഹനങ്ങളില്‍ പോലും ഇല്ല എന്നുള്ളതാണ് വാസ്തവം. ലെതര്‍ സീറ്റുകളുടെ സ്റ്റിച്ച് ഫിനിഷിംഗ് നന്നാക്കാമായിരുന്നു.
മെമ്മറി ഫംഗ്ഷന്‍ ഉള്ള മള്‍ട്ടികളര്‍ ആമ്പിയന്റ് ലൈറ്റിംഗ്, ഫ്രെയിം ഇല്ലാത്ത ഇലക്ട്രോണിക് ഓട്ടോ ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍, പ്ലാസ്മ ക്ലസ്റ്റര്‍ അയൊണൈസര്‍ (എയര്‍ പ്യുരിഫയര്‍) എന്നിവയും സെഗ്മന്റില്‍ ആദ്യമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അകത്ത് ലൈറ്റുള്ള 10 ലിറ്റര്‍ ഗ്ലോവ് ബോക്സ് ശ്രദ്ധേയമാണ്. പിന്‍സീറ്റില്‍ ആവശ്യത്തിനുള്ള നീ റൂമും ഹെഡ് റൂമും ഉണ്ട്. അവ മടക്കിയാല്‍ 336 ലിറ്റര്‍ ബൂട്ട്സ്പേസ് 690 ലിറ്റര്‍ ആക്കി മാറ്റാം. മുഴുവനായി നോക്കുമ്പോള്‍ മാഗ്നൈറ്റിന്റെ ഉള്‍വശം ആകര്‍ഷകമാണ്.
സവിശേഷതകള്‍
സവിശേഷതയുടെ കാര്യത്തില്‍ പ്രതിയോഗികളില്‍ നിന്നും ഒട്ടും പിന്നിലല്ല മാഗ്‌നൈറ്റ്. ഓട്ടോമാറ്റിക് ക്ലൈമറ്റ്കണ്ട്രോള്‍, ഗൈഡ്ലൈന്‍ ഉള്ള റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, 360 ഡിഗ്രി വ്യൂ, ഇലക്ട്രിക് ഒആര്‍വിഎം, ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, വയര്‍ലസ് ഫോണ്‍ ചാര്‍ജര്‍, 7 ഇഞ്ച് ഡാര്‍ക്ക് തീം ഫുള്‍ ഡിജിറ്റല്‍ മള്‍ട്ടിഫംഗ്ഷണല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ പ്രീമിയം ഇന്റലിജന്റ് കീ, വാക് എവേ ലോക്, അപ്രോച്ച് അണ്‍ലോക്ക്, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്, റിയര്‍ എസി വെന്റിലേഷന്‍, 8 ഇഞ്ച് ഫ്ളോട്ടിംഗ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോട്ടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലസ് ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വോയ്സ് റെകഗ്നിഷന്‍ ബ്ലൂ ടൂത്ത് കണക്റ്റിവിറ്റി മുതലായവയാണ് മാഗ്‌നൈറ്റിലെ സവിശേഷതകളില്‍ പ്രധാനപ്പെട്ടവ. സണ്‍റൂഫിന്റെ അഭാവം മറ്റ് വാഹനങ്ങള്‍ക്ക് മേല്‍ക്കോയ്മ നല്‍കുന്നു.
പെര്‍ഫോമന്‍സ്
നിസ്സാന്‍ മാഗ്‌നൈറ്റ് ഒരു ലിറ്റര്‍ പെട്രോള്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍, ഒരു ലിറ്റര്‍ പെട്രോള്‍ ഓട്ടോ മാന്വല്‍ ട്രാന്‍സ്മിഷന്‍, ഒരു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍, ഒരു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ സിവിറ്റി എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ആണ് ലഭിക്കുന്നത്.
ടര്‍ബോ പെട്രോള്‍ സിവിടി വേരിയന്റുകളില്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ 6250 ആര്‍പിഎംല്‍ 72 പിഎസ് പവറും 3400 മുതല്‍ 3600 ആര്‍പിഎം വരെ 96 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും പുറപ്പെടുവിക്കുമ്പോള്‍ അതിന്റെ ടര്‍ബോ വേരിയന്റ് 100 പിഎസ് പവറും 152 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉണ്ടാക്കുന്നു. 5സ്പീഡ് സിവിടി ഗിയര്‍ ബോക്സ് പ്രയാസമൊന്നുമില്ലാതെ സ്പീഡ് കൂടുന്നതിന് അനുസരിച്ച് ഷിഫ്റ്റ് ആകുന്നു. പഴയ കാറിനേക്കാള്‍ നല്ല നൊയിസ് ഇന്‍സുലേഷന്‍ ആണ് പുതിയതില്‍ ഉള്ളത്.
സുരക്ഷ
ആറ് എയര്‍ ബാഗ് സ്റ്റാന്റേര്‍ഡ് ആണ്. കൂടാതെ മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റ്, കുഞ്ഞുങ്ങള്‍ക്കായി ഐസോഫിക്സ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, 360 ഡിഗ്രി വ്യൂ മോണിറ്റര്‍ എന്നിവ കൂടാതെ ലോവര്‍ ട്രാന്‍സ്വേഴ്‌സ് ലിങ്ക് ഉള്ള മാക്ഫേര്‍സണ്‍ സസ്പെന്‍ഷന്‍ മുന്നിലും ട്വിന്‍ ട്യൂബ് ടെലിസ്‌കോപ്പ് സസ്പെന്‍ഷന്‍ പിന്നിലും ചേര്‍ന്ന് മാഗ്നൈറ്റിലെ യാത്ര സുഖകരവും സുരക്ഷിതവും ആക്കുന്നു. നിസാന്‍ മാഗ്‌നൈറ്റിന്റെ എക്സ് ഷോറൂം വില തുടക്കത്തില്‍ 5.99 ലക്ഷമാണ്. നാമമാത്രമായ മാറ്റങ്ങളാണ് കാറില്‍ കൊണ്ടു വന്നിരിക്കുന്നതെങ്കിലും മുഴുവനായും നോക്കുമ്പോള്‍ കൊടുക്കുന്ന വിലയ്ക്ക് നഷ്ടമില്ല എന്നു നിസംശയം പറയാം.
സീനിയര്‍ ഓട്ടോമൊബൈല്‍ ജേണലിസ്റ്റായ ലേഖകന്‍ പ്രമുഖ ഇംഗ്ലീഷ്, മലയാളം ഓട്ടോമൊബൈല്‍ മാഗസീനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. sureshfx@gmail.com. ഫോണ്‍: 81786 61221