ജി.എസ്.ടി വര്‍ധന പഴയ കാറുകളുടെ വില ഉയര്‍ത്തുമോ? വലിയ വ്യത്യാസം വരില്ലെന്ന് ഈ രംഗത്തുള്ളവര്‍

കഴിഞ്ഞ വര്‍ഷം യൂസ്ഡ് കാറുകളുടെ വില്‍പന 51 ലക്ഷം

Update:2024-12-24 17:42 IST

Image Courtesy: Canva

യൂസ്ഡ് കാറുകളുടെ ചരക്ക് സേവന നികുതി (ജി.എസ്.ടി) 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താൻ ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചതോടെ ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം. വില വല്ലാതെ കൂടുമോ? എന്നാല്‍ ഇത്തരത്തില്‍ യാതൊരു ആശയക്കുഴപ്പങ്ങള്‍ക്കും അടിസ്ഥാനമില്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ എല്ലാ യൂസ്ഡ് കാറുകളുടെയും നികുതി നിരക്ക് 18 ശതമാനമാക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനിച്ചത്. വില്‍പന, വാങ്ങല്‍ വിലകള്‍ തമ്മിലുള്ള വ്യത്യാസമായ മാര്‍ജിന്‍ തുകക്കാണ് ജി.എസ്.ടി ബാധകമാവുക.

ആശങ്ക വേണ്ട

ഇലക്ട്രിക് കാറുകള്‍ക്കും 1,500 സി.സി ക്ക് താഴെയുളള കാറുകള്‍ക്കും ഒഴികെ എല്ലാ യൂസ്ഡ് കാറുകള്‍ക്കും 2016 മുതല്‍ മാര്‍ജിന്റെ 18 ശതമാനം നികുതി നിലവിലുള്ളതാണെന്ന് പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ റീറ്റെയിലിംഗ് രംഗത്തെ പ്രമുഖ കമ്പനിയായ റോയല്‍ ഡ്രൈവിന്റെ സാരഥി കെ. മുജീബ് റഹ്മാന്‍ പറയുന്നു. ഇലക്ട്രിക് കാറുകളെയും 1,500 സി.സി ക്ക് താഴെയുളള കാറുകളെയും കൂടി ഉള്‍പ്പെടുത്തി ഏകീകരിച്ചതു മാത്രമാണ് പുതിയ മാറ്റം.
പക്ഷെ വാര്‍ത്തകള്‍ വന്നത് യൂസ്ഡ് കാര്‍ വിപണിയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലാണ്. പുതിയ ജി.എസ്.ടി നിരക്ക് ഉപയോക്താക്കളെ കാര്യമായി ബാധിക്കുന്നതല്ല. 5 ലക്ഷം രൂപയ്ക്ക് താഴെ വിലയുളള വാഹനങ്ങളില്‍ നേരിയ വ്യത്യാസം ഉണ്ടാകും. ഇലക്ട്രിക്കല്‍ പ്രീ ഓണ്‍ഡ് വാഹനങ്ങള്‍ക്ക് ജി.എസ്.ടി 18 ശതമാനം ആയി എന്നതും പുതിയ നിരക്കില്‍ വന്ന വ്യത്യാസമാണ്. പുതിയ ജി.എസ്.ടി നിരക്കില്‍ യൂസ്ഡ് കാറുകള്‍ക്ക് വില കൂടുമെന്ന ആശങ്ക ജനങ്ങള്‍ക്ക് വേണ്ടെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.
2023 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 51 ലക്ഷം യൂസ്ഡ് കാറുകൾ ഇന്ത്യയിൽ വിറ്റഴിച്ചത്. 2028 ആകുമ്പോള്‍ വില്‍പന ഇരട്ടിയോളമാകുമെന്നാണ് നിഗമനം.
Tags:    

Similar News