ഇനി കാര്‍ വാങ്ങേണ്ട, മാസം തോറും പണമടച്ച് ഉപയോഗിക്കാം!

Update: 2020-09-28 05:30 GMT

മാന്ദ്യത്തെ മറികടക്കാന്‍ ഉപഭോക്താവിന് ഗുണകരമാകുന്ന വിവിധ പദ്ധതികളാണ് കാര്‍ കമ്പനികള്‍ ആവിഷ്‌കരിക്കുന്നത്. വലിയ ഓഫറുകളും വിലക്കിഴിവുമൊക്കെ നല്‍കി ഉപഭോക്താവിനെ ആകര്‍ഷിക്കാന്‍ ഒരു വിഭാഗം കാര്‍ നിര്‍മാതാക്കള്‍ ശ്രമിക്കുമ്പോള്‍ നൂതനമായ പദ്ധതികളാണ് മറ്റുള്ളവര്‍ ആവിഷ്‌കരിക്കുന്നത്.

സബ്സ്‌ക്രിപ്ഷന്‍ മോഡലിലുള്ള സ്‌കീമുമായി വന്നിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്.
ഡല്‍ഹി എന്‍സിആറി(നോയ്ഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം)ലും ബാംഗളൂരിലുമാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കാര്‍ സ്വന്തമായി വാങ്ങാതെ, മാസം തുക അടച്ച് ഉപയോഗിക്കാന്‍ സാധിക്കുന്ന സൗകര്യമാണിത്. കാറിന്റെ മെയ്ന്റന്‍സ്, ഇന്‍ഷുറന്‍സ്, റോഡ് അസിസ്റ്റന്‍സ് എന്നിവയെകുറിച്ചൊന്നും ഉപഭോക്താവ് ആശങ്കപ്പെടുകയും വേണ്ട. അതെല്ലാം കമ്പനിനോക്കിക്കോളും.

ജപ്പാനിലെ ഒറിക്‌സ് കോര്‍പ്പറേഷന്‍ന്റെ സബ്‌സിഡിയറി കമ്പനിയായ ഒറിക്‌സ് ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ഇന്ത്യയുമായി സഹകരച്ചാണ് മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

മാരുതി സുസുക്കി അരീനയുടെ പുതിയ സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര, ബ്രെസ, എര്‍ട്ടിഗ എന്നിവയും നെക്‌സയുടെ ബലേനോ, സിയാസ്, XL16 എന്നീ മോഡലുകളും സബ്‌സ്‌ക്രിപ്ഷന്‍ രീതിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഒരു വര്‍ഷം മുതല്‍ നാലു വര്‍ഷം വരെയുള്ള കാലവധിയിലേക്കാണ് വരിക്കാരാകാവുന്നത്. നികുതിയുള്‍പ്പെടെ മാസം 14,463 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍.
സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി അവസാനിച്ചാല്‍ വാഹനം അപ്‌ഗ്രേഡ് ചെയ്യാനും കാലാവധി നീട്ടാനും അല്ലെങ്കില്‍ വിപണി വിലയില്‍ സ്വന്തമാക്കാനുമുള്ള സൗകര്യവുമുണ്ട്.

മാരുതി സുസുക്കി സബ്‌സ്‌ക്രൈബില്‍ കസ്റ്റമേഴ്‌സിന് സ്വന്തം പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ വൈറ്റ് നമ്പര്‍ പ്ലേറ്റ് ലഭിക്കും. അല്ലെങ്കില്‍ ഒറിക്‌സിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ബ്ലാക്ക് നമ്പര്‍ പ്ലേറ്റ് തെരഞ്ഞെടുക്കാം.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 60 ഓളം നഗരങ്ങളില്‍ പദ്ധതി വ്യാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മൈല്‍സ് ഓട്ടോമോട്ടീവ് ടെക്‌നോളജിയുമായി സഹകരിച്ച് മാരുതി കഴിഞ്ഞ മാസം ഹൈദരാബാദിലും പൂനെയിലും പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി അവതരിപ്പിച്ചിരുന്നു.
മിക്ക ഓട്ടോ മൊബൈല്‍ കമ്പനികളും കാര്‍ ലീസിംഗ് പദ്ധതിയുമായി വരുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ നെക്‌സണ്‍ ഇവി എന്ന പേരില്‍ പദ്ധതി അവതരിപ്പിച്ചിരുന്നു. ഹ്യുണ്ടായ്, ഫോക്‌സവാഗന്‍, എംജി മോട്ടോര്‍ തുടങ്ങിയവയും സമാനമായ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News