അറ്റാദായവും വരുമാനവും കുറഞ്ഞിട്ടും ടെസ്‌ലയുടെ ഓഹരിയില്‍ ഉയര്‍ച്ച

കമ്പനി ഉടന്‍ വില കുറഞ്ഞ പുതിയ മോഡല്‍ അവതരിപ്പിച്ചേക്കും

Update:2024-04-24 16:17 IST

Image : Canva and Elon Musk/x

2024 മാര്‍ച്ചില്‍ അവസാനിച്ച ആദ്യ പാദത്തില്‍ ടെസ്‌ലയുടെ അറ്റാദായം 55 ശതമാനം ഇടിഞ്ഞ് 1.13 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.51 ബില്യണ്‍ ഡോളറായിരുന്നു. കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 23.33 ബില്യണ്‍ ഡോളറില്‍ നിന്ന് 9 ശതമാനം ഇടിഞ്ഞ് 21.3 ബില്യണ്‍ ഡോളറായി. പാദഫലത്തില്‍ ഇടിവുണ്ടായിരുന്നെങ്കിലും ടെസ്‌ല ഓഹരി വില ഉയരുകയാണുണ്ടായത്.

ഓഹരി വിലയെ ഉയര്‍ത്തിയത് പ്രഖ്യാപനങ്ങളോ

പാദഫലം പ്രതീക്ഷക്കൊത്ത് എത്തിയില്ലെങ്കിലും കമ്പനിയുടെ ഉടമസ്ഥനായ ഇലോണ്‍ മസ്‌കിന്റെ ചില പ്രഖ്യാപനങ്ങളാണ് ഓഹരി വില ഉയരാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു. കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ പുതിയ മോഡലുകള്‍ 2025ന്റെ തുടക്കത്തോടെ എത്തുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. നിലവിലുള്ള നിര്‍മ്മാണ സൗകര്യങ്ങള്‍ ഉപയോഗിച്ചാകും ഇവ പുറത്തിറക്കുക.

25,000 ഡോളര്‍ വരെ വില കുറഞ്ഞ പുതിയ മോഡല്‍ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. കൂടാതെ യു.എസ്, ചൈന, യൂറോപ്പ് തുടങ്ങിയ പ്രധാന വിപണികളില്‍ വാഹന വില കുറയ്ക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. മാത്രമല്ല മനുഷ്യനോട് സാമ്യമുള്ള ഹ്യുമനോയിഡ് റോബോട്ടുകളെയും അടുത്ത വര്‍ഷം അവസാനത്തോടെ വിപണിയിലിറക്കുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചു.

ഒപ്റ്റിമസ് എന്ന പേരില്‍ പുറത്തിറക്കുന്ന ഹ്യുമനോയിഡ് റോബോട്ടിനെ ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ്, റീറ്റെയ്‌ലിംഗ്, നിര്‍മാണം തുടങ്ങി പല മേഖലകളിലും ഉപയോഗിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് ടെസ്‌ലയുടെ ഓഹരി വില ഉയര്‍ന്നത്. നിലവില്‍ 1.85 ശതമാനം ഉയര്‍ച്ചയോടെ 144.68 ഡോളറാണ് ടെസ്‌ല ഓഹരികളുടെ വില.

തൊഴിലാളികളെ പിരിച്ചുവിടും

പാദഫല പ്രഖ്യാപനവേളയില്‍ ടെസ്‌ല ആഗോള തൊഴിലാളികളുടെ 10 ശതമാനത്തിലധികം പേരെ കൂടി പിരിച്ചുവിടുമെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെ എണ്ണം 10 ശതമാനത്തിലധികം വെട്ടിക്കുറയ്ക്കുന്നതിലൂടെ ടെസ്‌ലയ്ക്ക് പ്രതിവര്‍ഷം 1 ബില്യണ്‍ ഡോളറിലധികം ചെലവ് ലാഭിക്കാനാകുമെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വൈഭവ് തനേജ പറഞ്ഞു.

Tags:    

Similar News