40,000 വാഗണ്‍ ആര്‍ കാറുകള്‍ തിരിച്ചു വിളിച്ച് മാരുതി; 1.0 ലിറ്റര്‍ മോഡല്‍ സ്വന്തമാക്കിയവര്‍ ശ്രദ്ധിക്കുക

Update: 2019-08-23 11:28 GMT

ഇന്ത്യന്‍ ഓട്ടോമൊബീല്‍ വിപണിയിലെ ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായ വാഗണ്‍ ആറിന്റെ 40,000 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് മാരുതി സുസുക്കി. 1.0 ലിറ്റര്‍ എന്‍ജിന്‍ മോഡലുകളെയാണ് സുരക്ഷാ തകരാറുമൂലം കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. സുരക്ഷാ തകരാറുകള്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വാഹനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനുമാണ് ആഗോളതലത്തില്‍ കമ്പനി വാഗണ്‍ ആറിനെ തിരിച്ചുവിളിക്കുന്നത്.

ഫ്യുവല്‍ ഹോസിലെ തകരാറിനെ തുടര്‍ന്ന് 1.0 ലിറ്റര്‍ പതിപ്പിലെ 40,618 വാഹനങ്ങളെ മാരുതി പരിശോധിക്കും. 2018 നവംബര്‍ 18 മുതല്‍ 2019 ഓഗസ്റ്റ് 12 വരെയുള്ള കാലയളവില്‍ നിര്‍മ്മിച്ച വാഗണ്‍ആറുകളിലാണ് തകരാറുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ കാലയളവില്‍ നിങ്ങള്‍ ഒരു വാഗണ്‍ ആര്‍ 1.0 ലിറ്റര്‍ മോഡല്‍ സ്വന്തമാക്കയിട്ടുണ്ടെങ്കില്‍ ഈ പ്രശ്നം നിങ്ങളുടെ കാറിനെ ബാധിച്ചേക്കാം.

ഈ കാലയളവില്‍ വാഹനങ്ങള്‍ സ്വന്തമാക്കിയവര്‍ക്ക് ഓഗസ്റ്റ് 24 മുതല്‍ പരാതികളുമായി മാരുതിയുമായി ബന്ധപ്പെടാവുന്നതാണ്. പരിശോധനയില്‍ തകരാര്‍ കണ്ടെത്തുന്ന കാറുകള്‍ സൗജന്യമായി തകരാര്‍ പരിഹരിച്ച് നല്‍കുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ 1.2 ലിറ്റര്‍ എന്‍ജിന്‍ മോഡലുകളില്‍ തകരാര്‍ ഇല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഈ മോഡലുകളെ പ്രശ്‌നം ബാധിക്കില്ല.

Similar News