എസ്-ക്ലാസ്: ഇന്ത്യന്‍ നിര്‍മിത ബെസ്റ്റ് കാര്‍
ഇന്ത്യയില്‍ നിര്‍മിച്ച് 60 ലക്ഷം രൂപ കുറച്ച് വിപണിയിലെത്തിച്ച മെഴ്‌സിഡിസ് ബെന്‍സ് എസ് 350 ഡി മോഡലില്‍ ഒരു സഞ്ചാരം
'ലോകത്തിലെ ഏറ്റവും മികച്ച കാര്‍', 2022 ലെ 'വേള്‍ഡ് ലക്ഷ്വറി കാര്‍ ഓഫ് ദി ഇയര്‍', കാര്‍ വിപണിയിലെ അളവുകോല്‍ സൃഷ്ടിക്കുന്ന കാര്‍ എന്നിങ്ങനെ ഒരുപാട് പദവികളുള്ള ആഡംബര കാറാണ് മെഴ്‌സിഡിസ് ബെന്‍സ് എസ്- ക്ലാസ്. ഇന്ന് വിപണിയിലുള്ള ഏഴാം തലമുറ എസ്- ക്ലാസ് ഇന്ത്യയില്‍ ആദ്യം അവതരിപ്പിക്കുന്നത് 2021 ജൂണിലാണ്.
പൂര്‍ണമായും ഇറക്കുമതി ചെയ്ത മോഡലായിരുന്നു അത്, എസ് 400 ഡി എന്ന ഡീസല്‍ മോഡലും എസ് 450 എന്ന പെട്രോള്‍ മോഡലും. ചൂടപ്പം പോലെ വിറ്റുപോയ നൂറ് എസ്- ക്ലാസിന്റെ വില വന്നിരുന്നത് 2.10 കോടി രൂപയായിരുന്നു. ഈ ഡിമാന്റ് കണ്ടുകൊണ്ട് മെഴ്‌സിഡിസ് ബെന്‍സ് ഇന്ത്യ ഉടനെ തന്നെ ഇന്ത്യന്‍ നിര്‍മിത എസ്- ക്ലാസ് 60 ലക്ഷം രൂപ കുറച്ച് ഇറക്കി, എസ് 350 ഡി എന്ന ഡീസല്‍ മോഡലും എസ് 450 എന്ന പെട്രോള്‍ മോഡലും. ഇതിലെ എസ് 350 ഡി ആണ് ഇവിടെ ഞാന്‍ പരിചയപ്പെടുത്തുന്നത്.
60 ലക്ഷം കുറച്ചതെങ്ങനെ?
'60 ലക്ഷം രൂപ കുറഞ്ഞ കാറെ'ന്ന് കേട്ടപ്പോള്‍ എല്ലാ ഫീച്ചറുകളും പറിച്ചുകളഞ്ഞ, ഒന്നിനും കൊള്ളാത്ത മോഡല്‍ എന്ന് കരുതിയാല്‍ തെറ്റി, ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് കൊണ്ടാണ് ഈ വലിയ വില വ്യത്യാസത്തിന് കാരണം. പിന്നെ എസ് 350 ഡിയില്‍ ചില ഫീച്ചറുകളും ഒഴിവാക്കിയിട്ടുണ്ട്. അത് കൂടുതലും ഡ്രൈവര്‍ വശത്തുള്ളതാണ്, കാരണം ഇന്ത്യയില്‍ എസ് ക്ലാസിന്റെ 90 ശതമാനം ഉടമകളും പിന്‍ സീറ്റില്‍ മാത്രം ചെയ്യുന്നവരായതു കൊണ്ടാണ്.
അതിനു പുറമെ ആദ്യം ഇറക്കുമതി ചെയ്തിറക്കിയ മോഡലിലെ എഎംജി ബോഡിക്കിറ്റും, 20 ഇഞ്ച് വീലുമെല്ലാം മാറിയിട്ടുമുണ്ട്. പുതിയ എസ് ക്ലാസിന്റെ ഡിസൈന്‍ കഴിഞ്ഞ തലമുറയില്‍ നിന്ന് ഉത്ഭവിച്ചതാണ്, അതുകൊണ്ടുതന്നെ ഭീകരമായ മാറ്റങ്ങള്‍ കാഴ്ചയില്‍ ഇല്ല. എങ്കിലും മുന്‍വശവും പിന്‍വശത്തുമെല്ലാം മാറ്റങ്ങളുണ്ട്.
ആദ്യ നോട്ടത്തില്‍ പലര്‍ക്കും പ്രേമമൊന്നും തോന്നില്ലെങ്കിലും ഇതിന്റെ ഡിസൈന്‍ കാണുന്തോറും ഇഷ്ടം കൂടിക്കൂടി വരും. ഇന്ന് മെഴ്‌സിഡിസിന്റെ സ്റ്റാര്‍ ബോണറ്റില്‍ വരുന്ന ഏക മോഡലാണ് എസ് ക്ലാസ്. വലിയ എലഗന്റ് ഗ്രില്ല്, 1.3 കോടി ടൈനി മിററുകളുള്ള ഡിജിറ്റല്‍ എല്‍ഇഡി ലൈറ്റ് എന്നിവ പുതിയ എസ്സിന്റെ സവിശേഷതയാണ്.
വശങ്ങളിലെ പ്രത്യേകതയാണ് ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലും 19 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളും. പിന്‍വശത്തെ വ്യത്യസ്തമാക്കുന്നത് പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റും. പിന്‍വശത്തിന്റെ ഡിസൈനും മറ്റുള്ള ബെന്‍സുകളെ പോലെയല്ല.
ഇന്‍ഫോടെയ്ന്‍മെന്റ് വിസ്മയം
പുറമെ വലിയ മാറ്റമൊന്നും ഇല്ലെങ്കിലും ഉള്‍വശം പൂര്‍ണ്ണമായും മാറ്റിയിട്ടാണ് പുതിയ എസ് ക്ലാസ് വന്നിട്ടുള്ളത്. ടെക്‌നോളജി കുത്തി നിറച്ചിട്ടുള്ള ഈ ഉള്‍വശം അത്യാഡംബരപൂര്‍ണ്ണമാക്കാനും മെ്‌ഴ്‌സിഡിസ് ശ്രമിച്ചിട്ടുണ്ട്.
ഇന്ന് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന കാറുകളിലെ ഏറ്റവും വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ പുതിയ എസ്- ക്ലാസിലുള്ളത്. ഇത് തന്നെയാണ് ഈ കാറിന്റെ ഇന്റീരിയറിന്റെ മുഖ്യ ആകര്‍ഷണം. ഈ ടച്ച് സ്‌ക്രീനിലൂടെ കാറിലെ ഒട്ടുമിക്ക ഫീച്ചറുകളും ഉപയോഗിക്കാനും സാധിക്കും.
ബെമെഴ്സ്റ്ററിന്റെ 3ഡി സൗണ്ട് സിസ്റ്റവും 4സോണ്‍ എസിയും 64 നിറത്തിലുള്ള ആമ്പിയന്റ് ലൈറ്റിംഗുമെല്ലാം എംബിയു എക്‌സ് എന്ന ഇന്‍ഫോടെയ്ന്‍മെന്റിലൂടെ കണ്‍ട്രോള്‍ ചെയ്യാം. വളരെ കണ്‍ഫര്‍ട്ടായിട്ടുള്ള സീറ്റുകളാണ് ഇതിലുള്ളത്. ഏതൊരു എസ് ക്ലാസ് ഉടമയുടെയും സീറ്റായി അറിയപ്പെടുന്ന പിന്നിലെ ഇടതുവശത്തെ സീറ്റ് 40 ഡിഗ്രി വരെ റിക്ലൈന്‍ ചെയ്യാന്‍ സാധിക്കും. ഇതിനു പുറമെ മസാജിംഗും കൂളിംഗും ഹീറ്റിംഗും സൗകര്യപ്പെടുത്തിയിട്ടുണ്ട്. റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റും പനോരമിക് സണ്‍റൂഫും എല്ലാം കൂടിച്ചേരുമ്പള്‍ എസ്- ക്ലാസിനെ മറ്റൊരു തലത്തിലെത്തിക്കുന്നുണ്ട്.
ഇന്ത്യന്‍ റോഡിന് വേണ്ടി
എസ് 350 ഡി വരുന്നത് 3 ലിറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബൊ ഡീസല്‍ എന്‍ജിനോടെയാണ്. 286 എച്ച് പി കരുത്തും 600 എന്‍എം ടോര്‍്ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഈ എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത് 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. ഇത് സിബിയു മോഡലിനേക്കാള്‍ അല്‍പ്പം കുറവാണെങ്കിലും ഇന്ത്യന്‍ റോഡുകളിലേക്ക് ഇത് ധാരാളമാണ്. പ്രത്യേകിച്ചും 90 ശതമാനവും പിന്‍സീറ്റ് യാത്രക്കാരായ ഉടമകളുള്ള ഇന്ത്യന്‍ വിപണിയില്‍ ഇത്രയും മതിയാകും.
നാല് വീലിലുള്ളതും എയര്‍ ഡസ്പന്‍ ഫാനായതു കൊണ്ടും അതിന്റെ അഡാപ്റ്റീവ് ക്രമീകരണവും എസ്- ക്ലാസിന്റെ റൈഡ് ഏറ്റവും മികച്ചതാക്കുന്നു. ഓട്ടോണമസ് ഡ്രൈവിംഗ് ഫീച്ചേഴ്‌സിന്റെ ലെവല്‍ 2 സാങ്കേതികവിദ്യകളും ഏറ്റവും മികച്ച സുരക്ഷാകവചങ്ങളും പുതിയ എസ്- ക്ലാസിലുണ്ട്. ഇതെല്ലാം കൂടിച്ചേരുമ്പോള്‍ എസ്- ക്ലാസിന് കിട്ടിയിരിക്കുന്ന എല്ലാ ബഹുമതികള്‍ക്കും ഏറ്റവും അനുയോജ്യനായ താരമാണെന്നതില്‍ ഒരു തര്‍ക്കവുമില്ല.