എം.ജി കോമെറ്റ് ഇ.വി എത്തി; വില ₹7.98 ലക്ഷം

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാര്‍; ബുക്കിംഗ് അടുത്തമാസം മുതല്‍

Update:2023-04-26 15:19 IST

Image : https://www.mgmotor.co.in/

വൈദ്യുത വാഹന (ഇ.വി) വിപണിയിലെ മത്സരത്തിന് ചൂടുപകര്‍ന്ന് എം.ജി മോട്ടോറിന്റെ പുത്തന്‍ മോഡലായ കോമെറ്റ് ഇ.വി വിപണിയിലെത്തി. നാളെ മുതല്‍ ഉപഭോക്താക്കള്‍ക്ക് കോമെറ്റ് ഇ.വി ടെസ്റ്റ് ഡ്രൈവിന് ലഭിക്കും. മേയ് 15 മുതലാണ് ബുക്കിംഗ് ആരംഭിക്കുക. മേയ് അവസാനത്തോടെ വിതരണവും തുടങ്ങും.

ആകര്‍ഷക ലുക്ക്
എം.ജിയുടെ ചൈനീസ് സഹോദര ബ്രാന്‍ഡായ വൂളിംഗ് അവതരിപ്പിച്ച വൂളിംഗ് എയര്‍ ഇ.വിയുടെ ഇന്ത്യന്‍ വകഭേദമാണ് കോമെറ്റ് ഇ.വി. വശങ്ങളില്‍ ഒന്നുവീതം ഡോറുകളുള്ളതും നഗരനിരത്തുകള്‍ക്ക് അനുയോജ്യവുമായ വൈദ്യുത കാറാണിത്. മുന്നില്‍ ബോണറ്റിന് മുകളിലായി വീതിയിലുള്ള ഫുള്‍ എല്‍.ഇ.ഡി എക്സ്റ്റന്‍ഡഡ് ഹൊറൈസണ്‍ ലൈറ്റിംഗ് ബാര്‍ ആരുടെയും ശ്രദ്ധനേടും. അവയില്‍ നിന്ന് വിംഗ് മിററുകളിലേക്ക് ഒഴുകിവീഴും പോലെ ക്രോമും പിയാനോ ബ്ലാക്ക് നിറവും ചേര്‍ന്ന സ്ട്രിപ്പും നല്‍കിയിരിക്കുന്നു.
ലൈറ്റിംഗ് ബാറിന് താഴെയാണ് വൈദ്യുത ചാര്‍ജിംഗ് പോര്‍ട്ട്. അതിന്റെ ഫ്‌ളാപ്പിലാണ് എം.ജിയുടെ ലോഗോ ഇടംപിടിച്ചിരിക്കുന്നത്. വെറും 12-ഇഞ്ചാണ് അലോയ് വീലുകള്‍. അതാകട്ടെ, വിപണിയിലെ ഏറ്റവും കുഞ്ഞനുമാണ്. പിന്നിലെ വിന്‍ഡോകള്‍ ചതുരാകൃതിയില്‍ ആണെന്നത് വിപണിയിലെ മറ്റ് മോഡലുകളില്‍ നിന്ന് വേറിട്ട ലുക്കും കോമെറ്റ് ഇ.വിക്ക് സമ്മാനിക്കുന്നു.
പിന്നിലും എക്സ്റ്റന്‍ഡഡ് ഹൊറൈസണ്‍ ലൈറ്റിംഗുണ്ട്. വെള്ള, കറുപ്പ്, സില്‍വര്‍, പച്ച, വെള്ളയും കറുപ്പും ചേര്‍ന്ന ഡ്യുവല്‍ടോണ്‍ എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളില്‍ കോമെറ്റ് ഇ.വി ലഭ്യമാണ്.
വിനോദവും സുരക്ഷയും
വിനോദത്തിനും സുരക്ഷയ്ക്കും പ്രാമുഖ്യം നല്‍കിയിട്ടുള്ളതാണ് കോമെറ്റ് ഇ.വിയുടെ അകത്തളം. 10.25 ഇഞ്ചിന്റെ രണ്ട് ടച്ച് സ്‌ക്രീനുകളാണ് പ്രധാന ആകര്‍ഷണം. ഒന്ന്, ഇന്‍ഫോടെയ്ന്‍മെന്റിനുള്ളതാണ്. മറ്റൊന്ന് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയുണ്ട്.

കോമെറ്റ് ഇ.വിയിലെ ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് സ്‌ക്രീനുകള്‍


 

കീലെസ് എന്‍ട്രി, സ്റ്റിയറിംഗില്‍ കണ്‍ട്രോള്‍ ബട്ടണുകള്‍, മൂന്ന് യു.എസ്.ബി പോര്‍ട്ടുകള്‍, 55 കണക്റ്റഡ് ഫീച്ചറുകള്‍ എന്നിവയുമുണ്ട്. സീറ്റുകള്‍ സിന്തറ്റിക് ലെതറില്‍ തീര്‍ത്തിരിക്കുന്നു. സ്റ്റിയറിംഗ് വീലിലും കാണാം ലെതര്‍. എ.ബി.എസ്., ഇ.ബി.ഡി., ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം, റിയര്‍വ്യൂ ക്യാമറ, പാര്‍ക്കിംഗ് സെന്‍സര്‍, മുന്നില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍ എന്നിങ്ങനെ സുരക്ഷയ്ക്കും മുന്‍തൂക്കം കോമെറ്റില്‍ കാണാം.
നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന കാറാണിത്. മുന്നിലെ പാസഞ്ചര്‍ സീറ്റ് ഒറ്റ-ടച്ചിലൂടെ മടക്കാം. ഇത് പിന്‍സീറ്റ് യാത്രികരുടെ ഉള്ളിലേക്കുള്ള പ്രവേശനം ആയാസരഹിതമാക്കും.
റേഞ്ച് 230 കിലോമീറ്റര്‍
42 എച്ച്.പി കരുത്തും പരമാവധി 110 എന്‍.എം ടോര്‍ക്കുമുള്ളതാണ് കോമെറ്റിന്റെ സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍. ഒപ്പമുള്ളത് 17 കെ.ഡബ്ല്യു.എച്ച് ബാറ്ററിയാണ്. 3.3 കെ.ഡബ്ല്യുവിന്റേതാണ് ചാര്‍ജാണ്. 7 മണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാം. എ.ആര്‍.എ.ഐ സര്‍ട്ടിഫൈഡ് റേഞ്ച് ബാറ്ററി ഒറ്റത്തവണ ഫുള്‍ചാര്‍ജില്‍ 230 കിലോമീറ്ററാണ്. 
മൂന്ന് ഡ്രൈവിംഗ് മോഡുകളുമുണ്ട്.
ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ്, 4.2 മീറ്റര്‍ ടേണിംഗ് റേഡിയസ് എന്നിങ്ങനെ ഡ്രൈവിംഗ് ആയാസരഹിതമാക്കുന്ന മികവുകളുമുണ്ട്. 2.9 മീറ്റര്‍ മാത്രമാണ് കോമെറ്റിന്റെ നീളം, വീതി 1.5 മീറ്റര്‍, ഉയരം 1.6 മീറ്റര്‍. അതേസമയം, 2 മീറ്റര്‍ വീല്‍ബെയ്‌സുണ്ടെന്നത് അകത്തളത്തെ മോശമല്ലാത്തവിധം വിശാലമാക്കുന്നുമുണ്ട്.
വിലയും എതിരാളികളും
7.98 ലക്ഷം രൂപയാണ് എം.ജി കോമെറ്റ് ഇ.വിയുടെ എക്‌സ്‌ഷോറൂം വില.ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറാണിത്. ടാറ്റാ ടിയോഗോ ഇ.വി (വില 8.69 ലക്ഷം രൂപ മുതല്‍), സിട്രോണ്‍ ഇസി3 (വില 11.50 ലക്ഷം രൂപ മുതല്‍) എന്നിവയാണ് വിപണിയിലെ മുഖ്യ എതിരാളികള്‍.

Similar News