ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കും; വന്‍ പദ്ധതിയുമായി നിസ്സാന്‍ മോട്ടോര്‍

ഇവി ബാറ്ററികള്‍ക്കായുള്ള ഗിഗാ ഫാക്ടറിയും ഇന്ത്യയില്‍ സജ്ജമാകും.

Update:2021-07-02 19:27 IST

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. ഇലക്ട്രിക് കാറുകളിലുപയോഗിക്കുന്ന ബാറ്ററികളുടെ വന്‍തോതിലുള്ള ഉല്‍പാദനത്തിനായി ഒരു 'ഗിഗാഫാക്ടറി' സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വന്‍ പദ്ധതിയാകും ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് മാസം മുമ്പ് ഇതിനായി കമ്പനി ഒരു പഠന വിഭാഗത്തെ നിയമിച്ചിരുന്നുവെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വനി ഗുപ്ത ഒരു കൂട്ടം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ പഠനം അവസാനിക്കും. ഈ പഠന റിപ്പോര്‍ട്ട് നിര്‍മാണത്തിനായുള്ള പച്ചക്കൊടി നല്‍കിയാല്‍ പ്രാദേശിക, ആഗോള വിപണികള്‍ക്കായി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വിശദമാക്കി.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഉള്‍പ്പെടുന്ന അനുബന്ധ ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ താങ്ങാവുന്ന വിലയില്‍ ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ ഇവികളെത്തിക്കാമെന്നും, ആ ലക്ഷ്യത്തിലേക്കാണ് തങ്ങള്‍ നടന്നടുക്കുന്നതെന്നും ഗുപ്ത വിശദമാക്കി. നിസ്സാന്‍ മാഗ്‌നൈറ്റ്, റെനോ ക്വിഡ് എന്നിവ പോലെയുള്ള ഇവികളും പൂര്‍ണ്ണമായും പ്രാദേശികവല്‍ക്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മിത്സുബിഷി പങ്കാളിത്തത്തില്‍ നിസ്സാന്‍ ഒരു ചെറിയ ഇലക്ട്രിക് കെ കാര്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്, ഈ മോഡല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനാണ് സാധ്യത. യുകെയിലെ സണ്ടര്‍ലാന്‍ഡില്‍ ലോകത്തെ ആദ്യത്തെ ഇവി നിര്‍മാണ ഹബ് ആയ ഒരു ബില്യണ്‍ ഡോളറിന്റെ വി 36 സീറോ എന്ന പദ്ധതി പ്രഖ്യാപിച്ചതിന് ശേഷമാണ് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ നിസ്സാന്‍ സിഒഒ വ്യക്തമാക്കിയത്.


Tags:    

Similar News