വാഹന വില വീണ്ടും കുറയ്ക്കും; വിപണി വീണ്ടെടുക്കാന്‍ നീക്കം

Update: 2019-09-21 11:22 GMT

രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ വില ഗണ്യമായി കുറയ്ക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നവരാത്രി, ദീപാവലി ഉത്സവങ്ങള്‍ ആസന്നമാകവേ കോര്‍പ്പറേറ്റ് നികുതി സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ കമ്പനികളുടെ ലാഭക്ഷമത ഉയരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇരു ചക്ര വാഹനങ്ങളുടേതുള്‍പ്പെടെ വിലക്കുറവിനു കളമൊരുങ്ങുന്നത്. പല മോഡലുകള്‍ക്കും നേരത്തെ തന്നെ വില കുറച്ചിരുന്നു.

ഏതാണ്ട് ഒരു വര്‍ഷത്തിലേറെയായി വില്‍പ്പനയില്‍ ഉണ്ടായ ഇടിവിനെ ഏറ്റവും കൂടുതല്‍ ബാധിച്ച ഓട്ടോമൊബൈല്‍ ഘടക നിര്‍മാണ മേഖലയ്ക്കും ഈ നീക്കത്തിന്റെ ഗുണം ലഭിക്കും. കോര്‍പ്പറേറ്റ് നികുതി ബാധ്യത കുറയുന്ന സാഹചര്യത്തില്‍ ഉല്‍പ്പന്നങ്ങളിലും ബിസിനസ്സിന്റെ മറ്റ് വശങ്ങളിലും ഗവേഷണ-വികസന രംഗത്തും കൂടുതല്‍ പണം ചെലവഴിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കു കഴിയും.

ഒരു ദശകത്തിലെ ഏറ്റവും മോശം സാമ്പത്തികാവസ്ഥയെ നേരിടുന്ന വാഹന കമ്പനികളുടെ നെഗറ്റീവ് വികാരം മാറിവരുന്നതായാണ് സൂചന.വെള്ളിയാഴ്ചത്തെ   എന്‍എസ്ഇ നിഫ്റ്റി 50 ബെഞ്ച്മാര്‍ക്കിലെ മികച്ച അഞ്ച് നേട്ടക്കാരില്‍ മൂന്നും വാഹന കമ്പനികളാണ്. ഐഷര്‍ മോട്ടോഴ്സ് 13.38 ശതമാനം, ഹീറോ മോട്ടോകോര്‍പ്പ് 12.34 ശതമാനം്, മാരുതി സുസുക്കി ഇന്ത്യ 10.54 ശതമാനം വീതം.

ഇന്ത്യയില്‍ ഉല്‍പാദന അവസരം അന്വേഷിക്കുന്ന ഓട്ടോമൊബൈല്‍ കമ്പനികള്‍ 2023 മാര്‍ച്ച് 31 നകം ഉല്‍പാദനം ആരംഭിക്കുകയാണെങ്കില്‍  കുറഞ്ഞ നികുതി നിരക്ക് (15 % )നല്‍കിയാല്‍ മതിയാകും.രാജ്യത്ത് നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്ന കമ്പനികളെ ഇത് ആകര്‍ഷിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ ഫലപ്രദമായ നികുതി നിരക്ക് 17.5 % മാത്രവും ആയിരിക്കും.

ഉയര്‍ന്ന കോര്‍പ്പറേറ്റ് നികുതി എല്ലായ്‌പ്പോഴും ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ നേരിട്ടുപോന്ന പ്രധാന പ്രശ്‌നമാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ഭാര്‍ഗവ പറഞ്ഞു.പുതിയ പ്രഖ്യാപനങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ വളരെ പ്രധാനപ്പെട്ട രണ്ട് സന്ദേശങ്ങള്‍ നല്‍കിയിരിക്കുന്നു. മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിനായി അടിയന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുക, വിപണിയില്‍ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ തരം നടപടികള്‍ എടുക്കുന്നതിനുള്ള അധിക ദ്രവ്യക്ഷമതയ്ക്ക് അവരെ പ്രാപ്തമാക്കുക എന്നിവ.

Similar News