ടെക്കോ ഇലക്ട്രയുടെ 3 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലേക്ക്

Update: 2019-07-17 10:00 GMT

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ടെക്കോ ഇലക്ട്രയുടെ മൂന്ന് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. നിയോ, റാപ്റ്റര്‍, എമേര്‍ജ് എന്നീ മോഡലുകളുടെ വില ആരംഭിക്കുന്ന 43,000 രൂപയിലാണ്. 70-80 കിലോമീറ്റര്‍ റേഞ്ചുള്ളവയാണ് ഇവ.

നിയോയ്ക്ക് 43,000 രൂപ, റാപ്റ്ററിന് 60,771 രൂപ, എമേര്‍ജിന് 72,247 രൂപ എന്നിങ്ങനെയാണ് ഓണ്‍റോഡ് പൂനെ വില. 250 വാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഇവയിലുള്ളത്. എമേര്‍ജിന് ലിഥിയം അയണ്‍ ബാറ്ററിയും റാപ്റ്ററിനും നിയോയ്ക്കും ലെഡ് ആസിഡ് ബാറ്ററികളുമാണ്. എല്ലാത്തിന്റെയും ദൂരപരിധി 70-80 കിലോമീറ്ററാണെന്ന് കമ്പനി പറയുന്നു. 

ഏമേര്‍ജ് മുഴുവനായി ചാര്‍ജ് ചെയ്യാന്‍ വേണ്ട സമയം 4-5 മണിക്കൂറും മറ്റുള്ള മോഡലുകള്‍ക്ക് 5-7 മണിക്കൂറുമാണ്.

250 വാട്ടിന് താഴെയുള്ള മോട്ടോറുകളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതിനാല്‍ ഇത് ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് വേണ്ടെന്ന് കമ്പനിയധികൃതര്‍ പറയുന്നു. ആര്‍.ടി.ഒ രജിസ്‌ട്രേഷനും ആവശ്യമില്ലെന്നത് മറ്റൊരു ആകര്‍ഷണീയതാണ്. 

രാജ്യത്തുടനീളമുള്ള 50 ഡീലര്‍ഷിപ്പുകളില്‍ ഇവ ലഭ്യമാണ്. ഡീലര്‍ഷിപ്പുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു

Similar News