10 ലക്ഷം ഇ - കാര്‍ നിര്‍മ്മിച്ച് ടെസ്ല

Update: 2020-03-10 09:42 GMT

പത്തു ലക്ഷം ഇലക്ട്രിക് കാര്‍ നിര്‍മ്മിച്ചിറക്കിയതായി പ്രഖ്യാപിച്ച് ടെസ്ല. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ വാഹന നിര്‍മാണക്കനമ്പനിയെന്ന സ്ഥനമാണ് തങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് ടെസ്ലയുടെ സിഇഒ എലോണ്‍ മസ്‌ക് പറഞ്ഞു.

ഇലക്ട്രിക് വാഹന വിപണി തങ്ങള്‍ കീഴടക്കാന്‍ പോകുന്നതായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെസ്ല നടത്തിയ അവകാശ വാദം പലരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ മോഡല്‍ എസ്, മോഡല്‍ എക്‌സ്, മോഡല്‍ 3 എന്നിവയുമായി കമ്പനി അത്ഭുതം സൃഷ്ടിച്ചു. ഇപ്പോള്‍  നാലാമത്തെ  മോഡല്‍ ആയ വൈ ലോഞ്ച് വിപണിയിലെത്താന്‍ പോകുന്നു.എലോണ്‍ മസ്‌ക് ടെസ്ലയുടെ 1,000,000-ാമത്തെ കാറിന്റെയും മോഡല്‍ വൈയുടെയും അത് നിര്‍മ്മിച്ച ടീമിന്റെയും ചിത്രം പുറത്തിറക്കി.

ലോംഗ് റേഞ്ച് ഇലക്ട്രിക് പാസഞ്ചര്‍ കാറുകളുടെ രംഗത്ത് മറ്റൊരു വാഹന നിര്‍മാതാവും ടെസ്ലയുടെ അടുത്തെത്തിയിട്ടില്ല. 2020 ന്റെ ആദ്യ പാദത്തില്‍ നിര്‍മ്മാണ ക്ഷമത ഉയര്‍ത്തി പുതിയ നാഴികക്കല്ല് പിന്നിടുകയാണ് കമ്പനി.കഴിഞ്ഞ വര്‍ഷം ചൈനയുടെ ബിവൈഡിയെ മറികടന്ന് ടെസ്ല ലോകത്തിലെ ഏറ്റവും വലിയ ഇവി വാഹന നിര്‍മാതാക്കളായി.ടെസ്ല 2019 ഒക്ടോബറില്‍ 807,954 ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്തപ്പോള്‍ ബിവൈഡിയുടെ വിഹിതം 787,150 ആയിരുന്നു.

പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഉള്‍പ്പെടെയാണ് ബിവൈഡിയുടെ ഇലക്ട്രിക് വാഹന വില്‍പ്പനക്കണക്ക്. ടെസ്ലയുടേത് മുഴുവനും ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ്. തങ്ങളുടെ രണ്ടാമത്തെ വാഹന ഉല്‍പാദന സംരംഭമായ ഗിഗാഫാക്ടറി ഷാങ്ഹായില്‍ ആരംഭിച്ചതോടെ ടെസ്ലയുടെ ഉല്‍പാദന ശേഷി  വര്‍ദ്ധിച്ചു.

ഷാങ്ഹായില്‍ ഈ വര്‍ഷം 150,000 ഇലക്ട്രിക് കാറുകളുടെ വാര്‍ഷിക ഉല്‍പാദന നിരക്ക് കൈവരിക്കാന്‍ ടെസ്ല പദ്ധതിയിടുന്നു. ഫ്രീമോണ്ട് ഫാക്ടറിയുടെ ശേഷി വര്‍ഷാവസാനത്തോടെ 500,000 കാറുകളാകും.ഇതോടെ 650,000 കാറുകളുടെ വാര്‍ഷിക ഉല്‍പാദന ശേഷി പ്രതിവര്‍ഷം കൈവരിക്കുകയാണ് ലക്ഷ്യം. 1,000,000 സഞ്ചിത വില്‍പ്പനയില്‍ നിന്ന് പ്രതിവര്‍ഷ ഉല്‍പാദന ശേഷി 1,000,000 ആയി വര്‍ദ്ധിപ്പിക്കുകയാണ് എലോണ്‍ മസ്‌കിന്റെ അടുത്ത ലക്ഷ്യം. 2 വര്‍ഷത്തിനകം അത് സാധ്യമാകുമെന്ന് നിരീക്ഷകര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News