ഡീസൽ കാറുകളുടെ യുഗം അവസാനിക്കുന്നുവോ?

Update: 2019-05-05 03:30 GMT

ഇന്ത്യയില്‍ ഇനി ഡീസല്‍ കാറുകളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനകള്‍ വന്നുകഴിഞ്ഞു. രാജ്യത്തെ വാഹനവിപണിയുടെ ഗതി തന്നെ നിയന്ത്രിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഗുരുഗ്രാമിലെ തങ്ങളുടെ ഡീസല്‍ എന്‍ജിന്‍ അസംബ്ലി പ്ലാന്റ് അടച്ചു പൂട്ടി.

അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ മാരുതി സുസുകി ഡീസല്‍ കാറുകള്‍ വില്‍ക്കില്ലെന്നാണ് തീരുമാനം. ആഗോളതലത്തില്‍ പല മോഡലുകളുടെയും ഡീസല്‍ വകഭേദങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്നില്ല. 2025ഓടെ പാരിസ്, മാഡ്രിഡ്, ഏതന്‍സ്, മെക്‌സിക്കോ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഡീസല്‍ കാറുകള്‍ അപ്രത്യക്ഷമാകും. ഡീസല്‍ കാറുകള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന യൂറോപ്യന്‍ നഗരങ്ങളും ഡീസല്‍ കാറുകളെ കൈവിട്ടു. ഇന്ത്യ ഡീസല്‍ കാറുകള്‍ക്ക് നല്‍കിയിരിക്കുന്ന സമയപരിധി 2030 ആണ്.

ബിഎസ്-6 വരും, ഡീസല്‍ വഴിമാറും

അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് - 6മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കുന്ന കാറുകളേ വില്‍ക്കാനാകൂ. 1500 സിസിയില്‍ താഴെ കപ്പാസിറ്റിയുള്ള എന്‍ജിന്‍ ബിഎസ് - 6 ആക്കുമ്പോള്‍ ചെലവേറും. ബിഎസ് - 6 ലേക്കു മാറിയതോടെ യൂറോപ്പില്‍ പോലും ഡീസല്‍ കാറുകള്‍ക്ക് വില കൂടിയിരുന്നു. പെട്രോള്‍ കാറിനേക്കാള്‍ ഗണ്യമായ തോതില്‍ വില വര്‍ധന ഇത്തരം ഡീസല്‍ കാറുകള്‍ക്കുണ്ടാകും. ഇതേ തുടര്‍ന്ന് യൂറോപ്യന്‍ വിപണിയില്‍ ഇത്തരം കാറുകളുടെ വില്‍പ്പന ഇടിയുകയും ചെയ്തിരുന്നു. ഇന്ത്യയിലും സമാന സ്ഥിതി വരാം. വില വ്യത്യാസം ഇന്ത്യന്‍ ഉപഭോക്താക്കളും പരിഗണിക്കും.

മാത്രമല്ല, ഇപ്പോള്‍ തന്നെ പല ഉപഭോക്താക്കളും കാര്‍ വാങ്ങുന്ന തീരുമാനം ദീര്‍ഘിപ്പിക്കുകയാണ്. ഇലക്ട്രിക്, സിഎന്‍ജി, ഹൈബ്രിഡ് മോഡലുകളെ കാത്തിരിക്കുകയാണ് അവര്‍. പെട്രോള്‍, ഡീസല്‍ വാഹനങ്ങളാകില്ല ഭാവിയിലേതെന്ന് വ്യക്തമായ സൂചനകള്‍ ഇപ്പോള്‍ തന്നെയുണ്ട്.

രാജ്യത്ത് ബിഎസ്-6 ഡീസല്‍ കാറുകള്‍ക്ക് മികച്ച വില്‍പ്പന നേടാന്‍ സാധിച്ചാല്‍ മാരുതി അടക്കമുള്ള നിര്‍മാതാക്കള്‍ തീരുമാനം പുനഃപരിശോധിക്കാനും

സാധ്യതയുണ്ട്. അതിന്റെ സൂചന അടുത്തിടെ മാരുതി സുസുകി ചെയര്‍മാന്‍ ആര്‍. സി ഭാര്‍ഗവ നല്‍കി കഴിഞ്ഞു. രാജ്യത്ത് ബിഎസ് - 6 ഡീസല്‍ കാറുകള്‍ക്ക് മികച്ച വില്‍പ്പനയുണ്ടെന്ന് കണ്ടാല്‍ ഡീസല്‍ വിപണിയിലേക്ക് മടങ്ങി വരുമെന്നാണ് അദ്ദേഹം പറയുന്നത്.

നിലവില്‍ മാരുതിയുടെ മൊത്തം വില്‍പ്പനയില്‍ 23 ശതമാനം ഡീസല്‍ കാറുകളാണ്. മാരുതിയുടെ നിലവിലെ എല്ലാ പെട്രോള്‍ മോഡലുകളും ബിഎസ് -6 ആയി പരിഷ്‌കരിക്കും.

വില്‍പ്പന താഴുന്നു

ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ പെട്രോള്‍ കാറുകളുടെ വിപണിവിഹിതം കൂടിക്കൊണ്ടിരിക്കുകയാണ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്‌സ് ഡാറ്റ സൂചിപ്പിക്കുന്നത് പ്രകാരം പെട്രോള്‍ കാറുകളുടെ വിപണിവിഹിതം 2014 സാമ്പത്തികവര്‍ഷം 47 ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2018 സാമ്പത്തികവര്‍ഷം അത് 60 ശതമാനമായി ഉയര്‍ന്നു. അതേസമയം ഡീസല്‍ കാറുകളുടെ വിപണിവിഹിതം 53 ശതമാനത്തില്‍ നിന്ന് 40 ശതമാനത്തിലേക്ക് താഴ്ന്നു. സിഎന്‍ജി കാറുകള്‍ക്കും ഡിമാന്‍ഡ് ഉയരുന്നു.

സിഎന്‍ജി ഇന്ധന ഔട്ട്‌ലെറ്റുകള്‍ രാജ്യത്ത് വളരെ കുറവായിരുന്നിട്ട് പോലും ഈ സാമ്പത്തികവര്‍ഷം മാരുതിയുടെ സിഎന്‍ജി കാറുകളുടെ വില്‍പ്പന 50 ശതമാനം ഉയര്‍ന്നു. ഫുള്‍ ഹൈബ്രിഡ് കാര്‍ അടുത്തുതന്നെ വിപണിയിലിറക്കാനുള്ള തയാറെടുപ്പിലാണ് മാരുതി.

ഇലക്ട്രിക് വെഹിക്കിള്‍ മേഖലയിലേക്കും മാരുതി കടന്നുകഴിഞ്ഞു. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കാന്‍ മാരുതി തങ്ങളുടെ മാതൃകമ്പനിയായ സുസുക്കിയും ടൊയോട്ടയും ആയാണ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മാരുതിയുടെ പാതയില്‍ ഡീസല്‍ കാറുകളില്‍ നിന്ന് മാറി ഇലക്ട്രിക്, സിഎന്‍ജി, ഹൈബ്രിഡ് കാറുകളിലേക്ക് ശ്രദ്ധയൂന്നുകയാണ് മറ്റു വാഹനനിര്‍മാതാക്കളും.

പരിപാലനച്ചെലവ്

ഇന്ധന വില വ്യത്യാസം നേരിയതാകുന്നതും ഇതിന് ഒരു പ്രധാന കാരണമാണ്. ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വിലകള്‍ തമ്മിലുള്ള വളരെ നേരിയതാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയിലെ തന്നെ ചില നഗരങ്ങളില്‍ പെട്രോള്‍ വിലയെക്കാള്‍ കൂടുതലാണ് ഡീസല്‍ വില.

ഈ സാഹചര്യത്തില്‍ പെട്രോള്‍ കാറിനെ അപേക്ഷിച്ച് ഒരു ലക്ഷം രൂപ വരെ കൂടുതലുള്ള ഡീസല്‍ കാര്‍ വാങ്ങണോ എന്ന് ഉപഭോക്താക്കള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. കൂടുതല്‍ വില കൊടുത്ത് വാങ്ങുന്ന ഡീസല്‍ കാറുകളുടെ പരിപാലനച്ചെലവും പെട്രോള്‍ കാറിനെ അപേക്ഷിച്ച് കൂടുതലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ ഡീസല്‍ കാറുകളുടെ ഡിമാന്‍ഡ് കുറഞ്ഞതിന് വലിയൊരു കാരണം ഇതാണ്.

Similar News