നമ്പര്‍ 7777 ലേലം ഉറപ്പിച്ചു; പൃഥിരാജിനെ കടത്തിവെട്ടി, 7.89 ലക്ഷം രൂപയ്ക്ക് ഇഷ്ടനമ്പര്‍ സ്വന്തമാക്കി യുവസംരംഭക

മനസിനിണങ്ങിയ ഫാന്‍സി നമ്പര്‍ ഏജന്റിന്റെ സഹായമില്ലാതെ സ്വന്തമാക്കുന്നതെങ്ങനെ?

Update:2024-09-17 12:02 IST

image credit : muthoot Motors

ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കുന്ന വണ്ടിപ്രേമികളില്‍ മിക്കവര്‍ക്കും ഫേവറിറ്റ് നമ്പരുമുണ്ടാകും. വണ്ടിയുടെ നമ്പര്‍ കണ്ടാല്‍ ഇതാരുടേതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തില്‍ ഈ ഭ്രാന്ത് വളര്‍ത്തിയവരുമുണ്ട്. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയവരെല്ലാം വാഹനത്തിന് ഇഷ്ട നമ്പര്‍ കൂടി സ്വന്തമാക്കുന്നവരാണ്. എന്നാല്‍ പുതിയ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്.എസ്.ഇയ്ക്ക് വേണ്ടി കെ.എല്‍. 27 എം 7777 എന്ന നമ്പര്‍ സ്വന്തമാക്കിയ യുവസംരംഭകയാണ് ഇപ്പോള്‍ വാഹനലോകത്തെ താരം. 7.85 ലക്ഷം രൂപ മുടക്കിയാണ് തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് ഡയറക്ടറുമായ നിരഞ്ജന ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്.
കേരളത്തിലെ ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. തിരുവല്ല ആര്‍.ടി.ഒയ്ക്ക് കീഴിലായിരുന്നു ലേലം. നേരത്തെ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ ചലച്ചിത്ര താരം പൃഥ്വിരാജ് 7.5 ലക്ഷം രൂപ മുടക്കിയിരുന്നു. ഈ റെക്കോര്‍ഡ് കൂടിയാണ് നിരഞ്ജന മറിടകന്നത്. 1.78 കോടി രൂപയ്ക്കാണ് ഡിഫന്‍ഡര്‍ വാങ്ങിയത്.

ഫാന്‍സി നമ്പര്‍ എങ്ങനെ കിട്ടും

ഏജന്റുമാരുടെ സഹായമില്ലാതെ തന്നെ നിലവില്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. നിങ്ങള്‍ക്ക് ആവശ്യമായ നമ്പര്‍ ലഭ്യമാണോ എന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ വെബ്‌സൈറ്റിലെത്തി പരിശോധിക്കുകയാണ് ആദ്യ കടമ്പ. തുടര്‍ന്ന് വാഹന്‍ ഫാന്‍സി നമ്പര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ഏത് ആര്‍.ടി.ഒയ്ക്ക് കീഴിലെ നമ്പരാണോ വേണ്ടത് അത് തിരഞ്ഞെടുക്കണം. ഓരോ സീരീസുകള്‍ക്കും അടിസ്ഥാന വില നിശ്ചയിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട നമ്പര്‍ തിരഞ്ഞെടുത്ത ശേഷം പുതിയ വാഹനത്തിന്റെ താത്കാലിക രജിസ്‌ട്രേഷന്‍ സംബന്ധിച്ച ആപ്ലിക്കേഷന്‍ നമ്പര്‍ പോര്‍ട്ടലില്‍ എന്റര്‍ ചെയ്ത് പണം അടയ്ക്കണം. വാഹനത്തിന്റെ ടാക്‌സ് അടയ്ക്കുന്ന സമയത്ത് വാഹന്‍ സൈറ്റില്‍ നിന്നും എസ്.എം.എസായി ആപ്ലിക്കേഷന്‍ നമ്പര്‍ ലഭിക്കും. ഇതോടെ നിങ്ങളുടെ ഫാന്‍സി നമ്പരിനായുള്ള അപേക്ഷ നടപടികള്‍ പൂര്‍ത്തിയായി.
നിങ്ങള്‍ക്കിഷ്ടപ്പെട്ട നമ്പര്‍ ആവശ്യപ്പെട്ട് മറ്റാരും എത്തിയില്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടിസ്ഥാന വിലയില്‍ തന്നെ നമ്പര്‍ ലഭിക്കും. കൂടുതല്‍ പേരുണ്ടെങ്കില്‍ ലേല നടപടികളിലേക്ക് കടക്കും. ലേലമുറപ്പിച്ച തുക അടച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫാന്‍സി നമ്പര്‍ വച്ച വാഹനത്തില്‍ ചെത്തിനടക്കാം.
Tags:    

Similar News