ടിവിഎസിന്റെ ഇലക്ട്രിക് ഇരുചക്ര വാഹനമായ ഐക്യൂബ് കൊച്ചിയിലും, വിശദാംശങ്ങള്‍ അറിയാം

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ വഴിയോ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ 5,000 രൂപ നല്‍കി ഐക്യൂബ് ബുക്ക് ചെയ്യാവുന്നതാണ്

Update: 2021-07-26 09:52 GMT

രാജ്യത്തെ ഇരുചക്ര വാഹന വിപണിയില്‍ ഇത് ഇലക്ട്രിക് തരംഗത്തിന്റെ കാലമാണ്. രാജ്യത്തെ ഒട്ടുമിക്ക പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളും ഇലക്ട്രിക്കിലേക്ക് ചുവടുവയ്ക്കുകയും ഒല, റിവോള്‍ട്ട്, ആതര്‍ അടക്കമുള്ള ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കള്‍ ഈ മേഖലയില്‍ ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലും ഈ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ആതര്‍ അടക്കമുള്ള നിര്‍മാതാക്കള്‍ പുതിയ ഡീലര്‍ഷിപ്പുകളും തുടങ്ങിയിട്ടുണ്ട്. അവസാനമായി കഴിഞ്ഞദിവസം മോഹിപ്പിക്കുന്ന വിലയില്‍ തങ്ങളുടെ ഇലക്ട്രിക് മോഡലായ ഐക്യൂബ് കേരളത്തിലെത്തിച്ചിരിക്കുകയാണ് രാജ്യത്തെ മുന്‍നിര ഇരുചക്രവാഹ നിര്‍മാതാക്കളായ ടിവിഎസ്. സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ സുദര്‍ശന്‍ വേണു എന്നിവര്‍ സംയുക്തമായാണ് വാഹനം കേരളത്തില്‍ അവതരിപ്പിച്ചത്.

ഓണ്‍റോഡ് 1,23,917 രൂപയ്ക്ക് ഐക്യൂബ് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. നഗരത്തിലുടനീളമുള്ള തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ വഴിയോ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ 5,000 രൂപ നല്‍കി ഐക്യൂബ് ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി അറിയിച്ചു. 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറോടെയാണ് ടിവിഎസ് ഐക്യൂബ് ലഭ്യമാവുന്നത്. 8 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാനാകുന്ന ഈ മോഡലിന് ഫുള്‍ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരപരിധിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്്. കൂടാതെ, 4.2 സെക്കന്‍ഡിനുള്ളില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നും ടിവിഎസ് ഐക്യൂബിന്റെ പ്രത്യേകതയാണ്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ലൈവ് ചാര്‍ജിംഗ് സ്റ്റാറ്റസ്, ആര്‍എഫ്ഐഡി സുരക്ഷ എന്നിവയ്ക്കൊപ്പം ഹോം ചാര്‍ജിംഗ് ചെയ്യാവുന്ന സ്മാര്‍ട്ട് എക്സ്‌ഹോം ഉള്‍പ്പെടെ സമഗ്രമായ ചാര്‍ജിംഗ് പിന്തുണയും കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. സ്‌കൂട്ടറിനായുള്ള ചാര്‍ജിംഗ് യൂണിറ്റുകള്‍ കൊച്ചിയിലെ ടിവിഎസ് ഡീലര്‍ഷിപ്പില്‍ സ്ഥാപിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. നഗരത്തിലുടനീളം പബ്ലിക് ചാര്‍ജിംഗ് സംവിധാനങ്ങള്‍ വികസിപ്പിക്കാനും വിപുലീകരിക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്.



Tags:    

Similar News