സ്‌ക്രാപ്പേജ് നയം തയ്യാര്‍; പഴയ വാഹനങ്ങളെ 'പൊളിച്ചടുക്കും'

Update: 2019-09-24 11:54 GMT

ഗതാഗത മന്ത്രാലയം തയ്യാറാക്കിയ സ്‌ക്രാപ്പേജ് നയം അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വന്നേക്കുമെന്നു റിപ്പോര്‍ട്ട്. പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ ഉപയോഗം പരമാവധി നിരുല്‍സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയതാണു നയം.

മലിനീകരണ തോത് കുറയ്ക്കുന്നതിനു വേണ്ടി പഴയ വാഹനങ്ങളെ റോഡില്‍ നിന്ന് നീക്കംചെയ്യാനുള്ള നടപടി വാഹന വ്യവസായ മേഖലയ്ക്ക് ' മെഗാ ബൂസ്റ്ററാ'യി മാറുമെന്നാണ് പൊതുവേയുള്ള നിരീക്ഷണം. ഇത് പുതിയ വാഹനങ്ങളുടെ വലിയ ഡിമാന്‍ഡ് സൃഷ്ടിക്കും. നയം നടപ്പിലാകുന്നതോടെ, 15 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ വന്‍ ഫീസ് നല്‍കി രജിസ്‌ട്രേഷന്‍ പുതുക്കേണ്ടിവരും.

ഇങ്ങനെ പുതുക്കുന്നതിന് സ്വകാര്യ ഫോര്‍ വീലറുകളുടെ നിര്‍ദ്ദിഷ്ട ഫീസ് 15,000 രൂപ. നിലവില്‍ 600 രൂപയാണ് റീ രജിസ്‌ട്രേഷന്‍ ഫീസ്. വാണിജ്യ ഫോര്‍ വീലറുകളുടെ റീ രജിസ്‌ട്രേഷന്‍ ഫീസ് നിലവിലെ 1,000 രൂപയില്‍ നിന്ന് 20,000 രൂപയാക്കണമെന്നാണു നിര്‍ദ്ദേശിച്ചിട്ടുള്ളത്.

വാണിജ്യ വിഭാഗത്തില്‍ വരുന്ന ഇടത്തരം നാലുചക്ര വാഹനങ്ങളുടെ പുനര്‍ രജിസ്‌ട്രേഷന് നിലവിലുള്ള 1.500 രൂപ ഫീസ് 40,000 രൂപയായേക്കും.12 ടണ്ണില്‍ കൂടുതല്‍ ലോഡ് ക്ഷമതയുള്ള ഹെവി വാണിജ്യ വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍ ഫീസാകട്ടെ 1,500 രൂപയില്‍ നിന്ന് 40,000 രൂപയായി ഉയര്‍ത്താനും  നിര്‍ദ്ദേശമുണ്ട്.

മലിനീകരണ നിയന്ത്രണത്തിന് സമ്മര്‍ദ്ദം ഏറിവന്നതോടെയാണ് കൃത്യമായ സ്‌ക്രാപ്പേജ് നയം എത്രയും വേഗം രൂപീകരിക്കണമെന്ന് മോദി സര്‍ക്കാര്‍ തീരുമാനിച്ചത്.
വാഹനങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അല്ലാതെ നയം നിലവിലില്ല. അതിനാല്‍ പഴക്കം ചെന്ന വാഹനങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിന് വാഹന ഉടമയെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. അതേസമയം, കനത്ത ഫീസ് നല്‍കിയുള്ള പുനര്‍ രജിസ്‌ട്രേഷന്‍ മുതലാകാതെ വരുന്നതോടെ റീസൈക്കിള്‍ ചെയ്യാതെ പോംവഴിയില്ലാതാകും.

സര്‍ക്കാര്‍ സ്‌ക്രാപ്പേജ് നയം നടപ്പാക്കുമെന്നുറപ്പായതോടെ ടൊയോട്ടയുടെ അനുബന്ധ കമ്പനിയുമായി സഹകരിച്ച്  പഴയ വാഹനങ്ങള്‍ പൊളിക്കുന്ന പ്ലാന്റ് സ്ഥാപിക്കാന്‍ മാരുതി സുസുക്കി ഈയിടെ തീരുമാനമെടുത്തു. കാലഹരണപ്പെട്ട  വാഹനങ്ങള്‍ പ്രതിഫലം നല്‍കി ഏറ്റെടുത്ത് പൊളിക്കുക, പ്രോസസ്സ് ചെയ്യുക, അതു വഴി ലഭിക്കുന്ന സ്‌ക്രാപ്പും മറ്റ് ഉല്‍പ്പന്നങ്ങളും വിപണനം ചെയ്യുക എന്നിവയാണ് മാരുതിയും ടൊയോട്ട സുഷോ ഇന്ത്യയും ചേര്‍ന്നുള്ള സംരംഭത്തിന്റെ ദൗത്യം.

മാരുതി - ടൊയോട്ട സുഷോ സംരംഭത്തിനു മുമ്പുതന്നെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സബ്സിഡിയറിയായ മഹീന്ദ്ര അക്‌സെലോ പൊതുമേഖലാ സ്ഥാപനമായ എംഎസ്ടിസിയുടെ പങ്കാളിത്തത്തോടെ ഗ്രേറ്റര്‍ നോയിഡയില്‍ റീസൈക്ലിംഗ് പ്ലാന്റ് സ്ഥാപിച്ചുകഴിഞ്ഞു.

2020 ഏപ്രില്‍ മുതല്‍ രാജ്യത്ത്  ബിഎസ് -6 ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ സാധിക്കൂവെന്നു സുപ്രീം കോടതി ഉത്തരവിട്ടതോടെ സ്‌ക്രാപ്പേജ് നയം അനിവാര്യമായി. നിലവില്‍ ബിഎസ് ഫോര്‍ വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നത്. ഓരോ വാഹനങ്ങളില്‍ നിന്നു പുറത്തേയ്ക്കു തള്ളുന്ന പുകയുടെ അളവ് നിശ്ചയിക്കുന്നത് ഭാരത് സ്റ്റേജ് എമിഷന്‍ മാനദണ്ഡ പ്രകാരമാണ്. 2020 ഏപ്രില്‍ 1 മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ബിഎസ് -6 നിര്‍ബന്ധമാകുന്നതോടെ  ബിഎസ് -4  വാഹനങ്ങളുടെ വില്‍പ്പനയ്ക്ക്  വിരാമമാകും.

Similar News