കാറുവാങ്ങുന്നെങ്കിൽ ഇപ്പൊൾ വാങ്ങണം 

Update: 2018-12-15 10:42 GMT

അടുത്തകാലത്തെങ്ങും കണ്ടിട്ടില്ലാത്തവിധം ഡിസ്‌കൗണ്ടുകളുടേയും ഓഫറുകളുടെയും പെരുമഴയാണ് ഈ ഡിസംബറിൽ വാഹന നിർമ്മാതാക്കൾ വെച്ചുനീട്ടുന്നത്.

ഇന്ത്യയിലെ മാർക്കറ്റ് ലീഡറായ മാരുതി സുസുകി മുതൽ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വരെ വലിയ ഡിസ്‌കൗണ്ടുകളുടെ നീണ്ട നിരയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 20 മുതൽ 25 ശതമാനം വരെ അധികം ഡിസ്‌കൗണ്ടാണ് ഇത്തവണ നൽകുന്നത്.

ഇതിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്:

വമ്പൻ ഡിസ്‌കൗണ്ടുകൾ

ഇത്തവണത്തെ ഉത്സവ സീസണിൽ പ്രതീക്ഷിച്ചതിലും മോശം വിൽപ്പനയാണ് വാഹനനിർമാതാക്കൾക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ടുതന്നെ ധാരാളം സ്റ്റോക്ക് പുതുവർഷത്തിന് മുൻപേ വിറ്റ് തീർക്കേണ്ടതായിട്ടുണ്ട്.

ഉല്‍സവ കാലത്തെ 42 ദിവസങ്ങളില്‍ യാത്രാ വാഹന വിൽപനയിൽ 14 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആറ് മുതൽ 10 ആഴ്ചകൾ വരെയുള്ള ഇൻവെന്ററിയാണ് കെട്ടിക്കിടക്കുന്നത്. സാധാരണ ഇത് നാല് മുതൽ ആറ് ആഴ്ച വരെയാണ്. സാധാരണയിലും കൂടുതൽ സ്റ്റോക്ക് ഉള്ളതുകൊണ്ടുതന്നെ ഡിസ്‌കൗണ്ടും വലുതാണ്.

മാരുതി സുസുകി, ഹ്യൂണ്ടായ്, ടാറ്റ മോട്ടോർസ്, മഹിന്ദ്ര, ഫിയറ്റ്, ഹോണ്ട, ടൊയോട്ട എന്നിവരാണ് ഓഫറുകളിൽ മുന്നിൽ. ഏതാണ്ട് 39,000 മുതൽ 93,000 രൂപവരെയാണ് ഡിസ്‌കൗണ്ട് ഓഫറുകൾ. എക്സ്ചേഞ്ച് ബോണസ്, മറ്റ് ഡിസ്‌കൗണ്ടുകൾ എന്നിവചേർത്തുള്ള ഓഫറുകളാണ് മിക്കതും.

ജാഗ്വാർ ലാൻഡ് റോവർ, ഓഡി എന്നിവർ ചില മോഡലുകൾക്ക് 7.5 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് നൽകുന്നുണ്ട്.

വിലകൂടുന്നു

പുതുവർഷത്തിൽ മിക്ക കാർ നിർമാതാക്കളും വിലകൂട്ടുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഫോർഡ്, ടാറ്റ മോട്ടോർസ്, മാരുതി സുസുകി, ടൊയോട്ട, ബിഎംഡബ്ലിയൂ, റെനോ, ഇസൂസു എന്നിവർ വില വർധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു. ഏകദേശം 2.5 ശതമാനം വരെ വില ഉയർത്താനാണ് പദ്ധതി.

Similar News