പ്രവാസിപ്പണമൊഴുക്കില്‍ ഇന്ത്യ തന്നെ ഒന്നാമത്; മെക്‌സിക്കോയും ചൈനയും ഏഴയലത്തില്ല
ഏറ്റവുമധികം പ്രവാസിപ്പണമെത്തുന്നത് അമേരിക്കയില്‍ നിന്ന്; ഈജിപ്തിന് വന്‍ തളര്‍ച്ച
ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന നേട്ടം തുടര്‍ച്ചയായി നിലനിറുത്തി ഇന്ത്യ. ലോകബാങ്കിന്റെ 2023ലെ കണക്കുപ്രകാരം ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത് 12,500 കോടി ഡോളറാണ് (ഏകദേശം 10.41 ലക്ഷം കോടി രൂപ). ഇത് എക്കാലത്തെയും റെക്കോഡാണ്.
2021ല്‍ 8,700 കോടി ഡോളറും (7.24 ലക്ഷം കോടി രൂപ) 2022ല്‍ 11,122 കോടി ഡോളറുമാണ് (9.24 ലക്ഷം കോടി രൂപ) ലഭിച്ചിരുന്നത്. 2022ലാണ് ആദ്യമായി പ്രവാസിപ്പണമൊഴുക്കില്‍ ഇന്ത്യ 10,000 കോടി ഡോളറെന്ന നാഴികക്കല്ല് പിന്നിട്ടത്.
ഇന്ത്യ അതിവേഗം, ബഹുദൂരം
പ്രവാസിപ്പണം (Inward Remittances) നേടുന്നതില്‍ മറ്റ് രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിയുള്ള കുതിപ്പാണ് 2023ലും ഇന്ത്യ കാഴ്ചവച്ചതെന്ന് ലോക ബാങ്ക് (World Bank) വ്യക്തമാക്കുന്നു.
മെക്‌സിക്കോ (6,700 കോടി ഡോളര്‍), ചൈന (5,000 കോടി ഡോളര്‍), ഫിലിപ്പൈന്‍സ് (4,000 കോടി ഡോളര്‍), ഈജിപ്ത് (2,400 കോടി ഡോളര്‍) എന്നിവയാണ് ടോപ് 5ല്‍ ഇന്ത്യക്ക് തൊട്ടുപിന്നാലെയുള്ളത്.
മെക്‌സിക്കോ 2022ലെ 6,100 കോടി ഡോളറില്‍ നിന്ന് നേരിയ വളര്‍ച്ച കാഴ്ചവച്ചപ്പോള്‍ ചൈന രേഖപ്പെടുത്തിയത് 100 കോടി ഡോളറിന്റെ ഇടിവാണ്. ഫിലിപ്പൈന്‍സും നേരിയ വളര്‍ച്ച നേടി. എന്നാല്‍, ഈജിപ്റ്റിലേക്കുള്ള പ്രവാസിപ്പണമൊഴുക്ക് 2022ലെ 3,000 കോടി ഡോളറില്‍ നിന്നാണ് 2023ല്‍ 2,400 കോടി ഡോളറിലേക്ക് ഇടിഞ്ഞത്. 3,000 കോടി ഡോളറില്‍ നിന്ന് 2,400 കോടി ഡോളറിലേക്ക് പാകിസ്ഥാനിലേക്കുള്ള പ്രവാസിപ്പണം വരവ് 2023ല്‍ കുറഞ്ഞു.
ആഗോള പ്രവാസിപ്പണവും ട്രെന്‍ഡും
ഇന്ത്യ അടക്കമുള്ള ലോവര്‍-മിഡില്‍ ഇന്‍കം രാജ്യങ്ങളിലേക്ക് (LMIC) 3.8 ശതമാനം വളര്‍ച്ചയോടെ 66,900 കോടി ഡോളര്‍ പ്രവാസിപ്പണമാണ് 2023ല്‍ ഒഴുകിയത്. വികസിത രാജ്യങ്ങള്‍, ഗള്‍ഫ് രാഷ്ട്രങ്ങള്‍ (GCC) എന്നിവയുടെ സമ്പദ്‌വ്യവസ്ഥയിലെ ഉണര്‍വാണ് നേട്ടമായതെന്ന് ലോകബാങ്ക് പറയുന്നു.
ലാറ്റിന്‍ ആമേരിക്ക ആന്‍ഡ് കരീബിയന്‍ രാഷ്ട്രങ്ങള്‍ എട്ട് ശതമാനവും ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യ 7.2 ശതമാനവും വളര്‍ച്ച പ്രവാസിപ്പണമൊഴുക്കില്‍ ഈവര്‍ഷം രേഖപ്പെടുത്തി.
ഈസ്റ്റ് ഏഷ്യ ആന്‍ഡ് പസഫിക് 3 ശതമാനവും സബ് സഹാറന്‍ ആഫ്രിക്ക 1.9 ശതമാനവും വളര്‍ച്ച കുറിച്ചു. എന്നാല്‍ മിഡില്‍ ഈസ്റ്റിലേക്കും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള പ്രവാസിപ്പണമൊഴുക്ക് 5.3 ശതമാനം ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് ഇടിവ്. ഈജിപ്റ്റിന്റെ തളര്‍ച്ചയാണ് ഈ വര്‍ഷവും തിരിച്ചടിയായത്.
യൂറോപ്പിലേക്കും സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള പണമൊഴുക്ക് 1.4 ശതമാനവും കുറഞ്ഞു. 2022ല്‍ 18 ശതമാനം വളര്‍ച്ച ഈ മേഖല രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ സ്രോതസ്സുകള്‍
പരമ്പരാഗതമായി ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തിയിരുന്നത് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നായിരുന്നു. ഈ ട്രെന്‍ഡ് പക്ഷേ 2022ല്‍ തിരുത്തപ്പെട്ടു. അമേരിക്ക മുന്നിലെത്തി. ഇതേ ട്രെന്‍ഡാണ് 2023ലും കണ്ടതെന്ന് ലോകബാങ്ക് പറയുന്നു. അമേരിക്ക കഴിഞ്ഞാല്‍ യു.എ.ഇ., സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ പ്രവാസിപ്പണം നേടുന്നത്. ഈ അഞ്ച് രാജ്യങ്ങളുടെ സംയുക്ത വിഹിതം 11 ശതമാനമാണ്.
ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം പുറത്തേക്ക് ഒഴുകിയ രാജ്യവും അമേരിക്കയാണ്. 2024ല്‍ പക്ഷേ, ആഗോള പ്രവാസിപ്പണമൊഴുക്ക് കുറയുമെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. അമേരിക്ക, ജി.സി.സി രാഷ്ട്രങ്ങള്‍ എന്നിവയുടെ സാമ്പത്തികമേഖല നേരിടുന്ന തളര്‍ച്ചയാണ് തിരിച്ചടിയാവുകയെന്നും ലോകബാങ്ക് പറയുന്നു.
ഇന്ത്യയുടെ ജി.ഡി.പിയില്‍ പ്രവാസിപ്പണത്തിന്റെ പങ്ക് പക്ഷേ വെറും 3.4 ശതമാനമേയുള്ളൂ. പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഇത് 7 ശതമാനവും ബംഗ്ലാദേശില്‍ 5.2 ശതമാനവുമാണ്.