മൈക്രോഫൈനാന്‍സ് വായ്പ: റിസ്‌ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ കേരളവും
വായ്പ തിരിച്ചടയ്ക്കുന്നതില്‍ കേരളീയര്‍ക്ക് മടിയില്ലെന്നാണ് റിസ്‌ക് അനുപാതം വ്യക്തമാക്കുന്നത്.
രാജ്യത്ത് മൈക്രോഫൈനാന്‍സ് വായ്പകളില്‍ ഏറ്റവും റിസ്‌ക് കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം. 30 ദിവസത്തിലധികം തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ അനുപാതം (പോര്‍ട്ട്‌ഫോളിയോ അറ്റ് റിസ്‌ക്/PAR 30+) കേരളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) വിപണിയുടെ ശരാശരിയായ 2.16 ശതമാനത്തിലും താഴെയാണെന്ന് മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങളുടെ കൂട്ടായ്മയും നിയന്ത്രണ അതോറിറ്റിയുമായ സാ-ധന്‍ (Sa-Dhan) വ്യക്തമാക്കുന്നു.
കര്‍ണാടക, തമിഴ്‌നാട്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും റിസ്‌ക് അനുപാതം 2.16 ശതമാനത്തിലും താഴെയാണ്. സാ-ധനിന്റെ ത്രൈമാസ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ ശരാശരി മൈക്രോഫിനാന്‍സ് വായ്പാത്തുക (ആവറേജ് ടിക്കറ്റ് സൈസ്) 49,800 രൂപയാണ്.
50 ലക്ഷത്തോളം മൈക്രോഫൈനാന്‍സ് വായ്പാ ഇടപാട് അക്കൗണ്ടുകളാണ് കേരളത്തിലുള്ളത്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ കേരളീയര്‍ക്ക് മടിയില്ലെന്നാണ് ഏറ്റവും കുറഞ്ഞ റിസ്‌ക് അനുപാതം വ്യക്തമാക്കുന്നത്. 2021-22ല്‍ കേരളത്തിന്റെ അനുപാതം 5 ശതമാനത്തിന് മുകളിലായിരുന്നു. ഇതാണ് കഴിഞ്ഞവര്‍ഷം രണ്ട് ശതമാനത്തോളമായി കുത്തനെ കുറഞ്ഞത്.
കൂടുതലും ചെറുബാങ്ക് വായ്പകള്‍
12,000 കോടിയിലധികം രൂപയുടെ മൈക്രോഫൈനാന്‍സ് വായ്പയാണ് കേരളത്തില്‍ ബാങ്കിതര മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ (എന്‍.ബി.എഫ്.സി എം.എഫ്.ഐ), ബാങ്കുകള്‍, സ്‌മോള്‍ ബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍, ലാഭേച്ഛയില്ലാത്ത ഫൈനാന്സ്മൈക്രോഫൈനാന്സ് സ്ഥാപനങ്ങള്‍ (എന്‍.എഫ്.പി/Not-for-Profit) എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തിട്ടുള്ളത്.
കേരളത്തിലെ മൊത്തം മൈക്രോഫൈനാന്‍സ് വായ്പകളില്‍ 4,000-5,000 കോടി രൂപയോളവും വിതരണം ചെയ്തത് സ്‌മോള്‍ ഫൈനാന്‍സ് ബാങ്കുകളാണ്. സ്‌മോള്‍ ഫൈനാന്‍സ് ബാങ്കുകള്‍ ഏറ്റവുമധികം വായ്പകള്‍ വിതരണം ചെയ്തിട്ടുള്ള സംസ്ഥാനങ്ങളിലും കേരളം മുന്‍നിരയിലുണ്ട്. 1,100-1,500 കോടി രൂപ വായ്പകളുമായി എന്‍.ബി.എഫ്.സികളാണ് കേരളത്തില്‍ രണ്ടാമത്.