ശിശുവും കിഷോറും തരുണും: മലയാളിക്കും മുദ്രാ വായ്പയോട് ഇഷ്ടം
ഈ വര്‍ഷം ഇതുവരെ ആറര ലക്ഷത്തിലേറെ അപേക്ഷകര്‍
ചെറുകിട സംരംഭകര്‍ക്ക് മൂലധനം ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വായ്പാ പദ്ധതിയായ പ്രധാനമന്ത്രി മുദ്രാ യോജനയ്ക്ക് കേരളത്തിലും (PMMY/പി.എം.എം.വൈ) ആവശ്യക്കാര്‍ ഏറെ. നടപ്പു സാമ്പത്തിക വര്‍ഷം (2023-24) ആദ്യ 5 മാസം പിന്നിടുമ്പോൾ ഇതുവരെ 6.65 ലക്ഷം സംരംഭകര്‍ മുദ്രാ വായ്പയ്ക്കായി അപേക്ഷിച്ചിട്ടുണ്ടെന്ന് ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മുദ്രാ പോര്‍ട്ടലിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആകെ 5,964 കോടി രൂപയുടെ അപേക്ഷകളാണ് മുദ്രാ വായ്പയ്ക്കായി കേരളത്തിലെ ബാങ്കുകളിലെത്തിയത്. ഇതില്‍ 5,840 കോടി രൂപ വിതരണം ചെയ്തു.
കൂടുതല്‍ അപേക്ഷകര്‍ ശിശുവിന്
മുദ്രാ പദ്ധതിയില്‍ മൂന്നുതരം വായ്പകളാണുള്ളത്. 50,000 രൂപവരെ ലഭിക്കുന്ന ശിശു (Shishu), 50,001 രൂപ മുതല്‍ 5 ലക്ഷം രൂപവരെ ലഭിക്കുന്ന കിഷോര്‍ (Kishor), 5 ലക്ഷത്തിന് മുകളില്‍ മുതല്‍ 10 ലക്ഷം രൂപവരെ നേടാവുന്ന തരുണ്‍ (Tarun) എന്നിവയാണവ.
കേരളത്തില്‍ ഏറ്റവുമധികം അപേക്ഷകര്‍ ഈ വര്‍ഷം ശിശു വിഭാഗത്തിലാണ്; 3.69 ലക്ഷം പേര്‍. 1,338 കോടി രൂപയുടെ വായ്പാ അപേക്ഷ ഈ വിഭാഗത്തില്‍ ലഭിച്ചു; 1,327 കോടി രൂപ വിതരണം ചെയ്തു.
കിഷോര്‍ വായ്പാ വിഭാഗത്തിലാണ് കൂടുതല്‍ തുക അനുവദിച്ചത്. 2.81 ലക്ഷം പേരില്‍ നിന്നായി 3,066.07 കോടി രൂപയുടെ അപേക്ഷ ഈ ഇനത്തില്‍ ലഭിച്ചതില്‍ 2,993 കോടി രൂപ വിതരണം ചെയ്തു.
14,976 അപേക്ഷകളാണ് തരുണ്‍ വിഭാഗത്തില്‍ ലഭിച്ചത്. 1,559 കോടി രൂപയ്ക്കായിരുന്നു അപേക്ഷ. ഇതില്‍ 1,520 കോടി രൂപ ഇതിനകം വിതരണം ചെയ്തുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
ബാങ്കുകള്‍ക്ക് പുറമേ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍.ബി.എഫ്.സി), മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ (MFIs) എന്നിവ വഴിയാണ് മുദ്രാ വായ്പകളുടെ വിതരണം.
കഴിഞ്ഞവര്‍ഷം ₹15,000 കോടി
കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) മൂന്ന് വിഭാഗങ്ങളിലുമായി ആകെ 17.81 ലക്ഷം പേര്‍ മുദ്രാ വായ്പ നേടി. 15,079 കോടി രൂപയാണ് ഇവര്‍ക്ക് വിതരണം ചെയ്തത്.
ശിശു വിഭാഗത്തില്‍ 3,741 കോടി രൂപയും കിഷോര്‍ വിഭാഗത്തില്‍ 7,851 കോടി രൂപയും തരുണ്‍ വിഭാഗത്തില്‍ 3,632 കോടി രൂപയുമാണ് കഴിഞ്ഞവര്‍ഷം കേരളത്തില്‍ നല്‍കിയത്.