മുത്തൂറ്റ് ഫിനാന്‍സ്: ഫിനാന്‍സ് രംഗത്തെ ഭീമന്‍!
കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നീ നാല് ബാങ്കുകളുടെയും വിപണി മൂല്യം മൊത്തമെടുത്താലും മുത്തൂറ്റ് ഫിനാന്‍സിന്റെ പകുതിയോളം വരില്ല. രാജ്യത്തെ സ്വർണ വായ്പ രംഗത്ത് തലയെടുപ്പോടെ നിൽക്കുന്ന മുത്തൂറ്റ് ഫിനാൻസിന്റെ വലുപ്പമെത്ര?
കൊച്ചിയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ കോര്‍പ്പറേറ്റ് ഓഫീസ്, മുത്തൂറ്റ് ചേംബേഴ്‌സില്‍ മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിന്റെ മുറിയിലെത്തുമ്പോള്‍ ചുവരില്‍ കാണാം, കാട്ടുപാത മുറിച്ചുകടക്കുന്ന ആനക്കൂട്ടത്തിന്റെ ചിത്രം; ഒരു നേതാവിനെ പിന്തുടര്‍ന്ന് ആനക്കുട്ടിയടക്കമുള്ള സംഘം. മുത്തൂറ്റ് ഫിനാന്‍സ് എന്താണെന്ന് ഈ ചിത്രം വിളിച്ചോതുന്നുണ്ട്. ഇന്ത്യന്‍ ഗോള്‍ഡ് ലോണ്‍ രംഗത്ത് കരിവീരന്റെ വമ്പുണ്ട് മുത്തൂറ്റ് ഫിനാന്‍സിന്. ഇന്ത്യയിലെ സംഘടിത സ്വര്‍ണപ്പണയ വായ്പാ വിപണിയുടെ ഏതാണ്ട് 14 ശതമാനത്തോളം കൈയാളുന്നത് മുത്തൂറ്റ് ഫിനാന്‍സാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 185 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് പണയ ഉരുപ്പടികളായി മുത്തൂറ്റ് ഫിനാന്‍സിലുള്ളത്. ലോണ്‍ പോര്‍ട്ട്‌ഫോളിയോയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തിയുടെ വലുപ്പം 54,688 കോടി രൂപയും. ഗ്രൂപ്പിന്റെ സംയോജിയ വായ്പാ ആസ്തി 60,896 കോടി രൂപയുടേതാണ്. (2021 ഡിസംബര്‍ 31 അടിസ്ഥാനമാക്കി).
ബിസിനസ് വലുപ്പത്തില്‍ മാത്രമല്ല പാരമ്പര്യത്തിലും മുമ്പിലാണ് മുത്തൂറ്റിന്റെ സ്ഥാനം. ഗ്രൂപ്പിന്റെ വളര്‍ച്ചാചരിത്രം 1887 മുതല്‍ തുടങ്ങുന്നു. 134 വര്‍ഷത്തെ പാരമ്പര്യമുള്ള ഗ്രൂപ്പിന് തുടക്കമിട്ടത് നൈനാന്‍ മത്തായി മുത്തൂറ്റാണ്. അദ്ദേഹത്തിന്റെ മകന്‍ എം. ജോര്‍ജ് മുത്തൂറ്റ്, 1939ല്‍ സുസജ്ജമായൊരു ബാങ്കിംഗ് സേവന രംഗത്തേക്ക് ഗ്രൂപ്പിനെ കൈപിടിച്ചുയര്‍ത്തി. ഇന്ന് മുത്തൂറ്റ് ഫിനാന്‍സ് രാജ്യത്തെ നമ്പര്‍ വണ്‍ ഗോള്‍ഡ് ലോണ്‍ കമ്പനിയായി വാഴുന്നതിന്റെ പിന്നില്‍ ക്രാന്തദര്‍ശിയായ മറ്റൊരു നേതാവിന്റെ കരുത്തുറ്റ കരങ്ങളുണ്ട്; എം ജി ജോര്‍ജ് മുത്തൂറ്റ്. എം. ജോര്‍ജ് മുത്തൂറ്റിന്റെ മൂത്തമകനായ എം ജി ജോര്‍ജ് മുത്തൂറ്റ് സഹോദരന്മാരായ ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് എന്നിവരെ ചേര്‍ത്ത് നിര്‍ത്തി കെട്ടിപ്പടുത്തത് രാജ്യത്തിന് അഭിമാനമായൊരു പ്രസ്ഥാനത്തെയാണ്. എം ജി ജോര്‍ജ് മുത്തൂറ്റിന്റെ വിയോഗത്തിന് ശേഷം ജോര്‍ജ് ജേക്കബ് മുത്തൂറ്റാണ് ചെയര്‍മാന്‍. ജോര്‍ജ് തോമസ് മുത്തൂറ്റ് ഡയറക്റ്ററും. നാലാംതലമുറയും ബിസിനസിന്റെ നേതൃനിരയിലേക്ക് എത്തിക്കഴിഞ്ഞു. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, വെല്‍ത്ത് മാനേജ്‌മെന്റ്, മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച്, സെക്യൂരിറ്റീസ്, മീഡിയ, വെഹിക്ക്ള്‍& അസറ്റ് ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹെല്‍ത്ത്‌കെയര്‍, ഹൗസിംഗ് & ഇന്‍ഫ്രാസ്ട്രക്ചര്‍, എഡ്യുക്കേഷന്‍, പവര്‍ ജനറേഷന്‍, ലീഷര്‍& ഹോസ്പിറ്റാലിറ്റി, വെഹിക്ക്ള്‍ ലോണ്‍, പ്ലാന്റേഷന്‍ & എസ്റ്റേറ്റ്‌സ്, പ്രഷ്യസ് മെറ്റല്‍സ്, ഹൗസിംഗ് ഫിനാന്‍സ്, ഓവര്‍സീസ് ഓപ്പറേഷന്‍സ്, പേഴ്‌സണല്‍ ലോണ്‍സ്, മൈക്രോ ഫിനാന്‍സ് എന്നിങ്ങനെ 20 വ്യത്യസ്ത ബിസിനസ് മേഖലകളില്‍ മുത്തൂറ്റ് ഗ്രൂപ്പുണ്ട്.
രാജ്യത്തിന്റെ മുക്കിലും മൂലയിലും അതിവിപുലമായ ബ്രാഞ്ച് വിന്യാസത്തോടെ കടന്നെത്തിയിരിക്കുന്ന മുത്തൂറ്റ് ടെക്‌നോളജി, ഡിജിറ്റല്‍ രംഗത്തും ഒരുപടി മുന്നിലായാണ് കടന്നുനില്‍ക്കുന്നത്. പത്ത് വര്‍ഷം മുമ്പേ ഗ്രൂപ്പില്‍ രൂപീകൃതമായ മുത്തൂറ്റ് സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് - എംസൈന്‍ (Emsyne) ആണ് ഗ്രൂപ്പിന് വേണ്ട കോര്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. മുത്തൂറ്റ് ഗ്രൂപ്പിന്റെ ഐറ്റി ഡിവിഷനായി തുടങ്ങിയ കമ്പനിക്ക് പുറമേനിന്നുള്ള ക്ലയന്റുകളുമുണ്ട്. പുതുതലമുറ ബാങ്കുകള്‍ക്കൊപ്പം നില്‍ക്കുന്ന മൊബീല്‍ ആപ്ലിക്കേഷനുകളും മുത്തൂറ്റിന് സ്വന്തം. വീട്ടുപടിക്കല്‍ സ്വര്‍ണപ്പണയ വായ്പ സേവനം എത്തിക്കുന്ന ലോണ്‍@ഹോം പോലുള്ള സംവിധാനങ്ങളും മുത്തൂറ്റ് ഫിനാന്‍സിനുണ്ട്.
സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങളിലും മുത്തൂറ്റിന്റെ സ്ഥാനം വേറിട്ട് നില്‍ക്കുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 80 കോടി രൂപയാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടായി ഗ്രൂപ്പ് വിനിയോഗിക്കുന്നത്. ''ഇത് ഔദ്യോഗികമായുള്ള കണക്ക്. അനൗദ്യോഗികമായ ഗ്രൂപ്പ് സാരഥികള്‍ ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടുന്നില്ല,'' ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറയുന്നു.
സമ്പത്ത് സൃഷ്ടിക്കുന്നതിലും അത് വിതരണം ചെയ്യുന്നതിലും മുമ്പേ നടക്കുന്നുണ്ട് മുത്തൂറ്റ് ഗ്രൂപ്പ്. ''2011ല്‍ മുത്തൂറ്റ് ഫിനാന്‍സ് ലിസ്റ്റ് ചെയ്യുമ്പോള്‍ ഓഹരി വില 164 രൂപയായിരുന്നു. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ വില 1640 രൂപയിലെത്തി, പത്തുമടങ്ങ് വര്‍ധന. മാത്രമല്ല ഡിവിഡന്റായും മികച്ച നേട്ടം നിക്ഷേപകര്‍ക്ക് കമ്പനി നല്‍കിയിട്ടുണ്ട്,'' മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും ലണ്ടനിലും വരെ മുത്തൂറ്റ് ശാഖകള്‍ കാണാം. എങ്ങനെ ഇതുപോലെ തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കുന്നു? ഈ ചോദ്യത്തിന് ഉത്തരമായി മൂന്ന് ഘടകങ്ങളാണ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് ചൂണ്ടിക്കാട്ടുന്നത്: ആത്മാര്‍ത്ഥത, സത്യനിഷ്ഠ, മാനേജ്‌മെന്റും ജീവനക്കാരും ഉള്‍പ്പെടുന്ന വിശാലമായ മുത്തൂറ്റ് കുടുംബത്തിന്റെ ആത്മാര്‍പ്പണത്തോടെയുള്ള കഠിനാധ്വാനം.
ഇന്ത്യന്‍ കുടുംബങ്ങളില്‍ 125 ലക്ഷം കോടി രൂപ മൂല്യമുള്ള 25000 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് കണക്ക്. അതില്‍ വെറും 4-5 ശതമാനം മാത്രമാണ് സ്വര്‍ണ്ണപ്പണയത്തിന്റെ രൂപത്തിലൊക്കെ ക്രിയാത്മകമായി വിനിയോഗിക്കപ്പെടുന്നുള്ളൂ. സംഘടിത സ്വര്‍ണപ്പണയ വിപണി ഏകദേശം നാല് ലക്ഷം കോടി രൂപയുടേതാണ്. അതായത് ഇനിയും സ്വര്‍ണപ്പണയ രംഗത്തേക്ക് മറ്റ് ക്രിയാത്മക സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേക്കും വരാത്ത നിഷ്‌ക്രിയ സ്വര്‍ണത്തിന്റെ ഖനി തന്നെയാണ് ഇന്ത്യയിലുള്ളത്. കാലങ്ങളായി, കാതങ്ങള്‍ക്ക് മുമ്പേ നടന്ന് ബിസിനസ് ചെയ്യുന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ മുന്നിലെ അവസരവും ഇതുതന്നെ. ''ഞങ്ങള്‍ ഒരുകാര്യത്തില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത്. മികച്ച രീതിയില്‍ ബിസിനസ് ചെയ്യുക എന്നതിന് മാത്രം. രാജ്യത്ത് നിരവധി വായ്പകളുണ്ടെങ്കിലും അവ ലഭിക്കാന്‍ വായ്പക്കായി സമീപിക്കുന്നവര്‍ക്ക് മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയൊക്കെ വേണം. നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം പേര്‍ക്കും അതൊക്കെ ഇപ്പോഴുമില്ല. എന്നാല്‍ അവരുടെ കൈവശം ഒരുതരി പൊന്നെങ്കിലും കാണും. അവര്‍ക്കൊക്കെ സേവനം നല്‍കുക. ബിസിനസ് നല്ല രീതിയില്‍ കൊണ്ടുപോവുക. അതാണ് ഞങ്ങളുടെ ലക്ഷ്യം,'' മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറയുന്നു.
മുത്തൂറ്റ് ബാങ്കായി മാറുമോ?
ജനങ്ങള്‍ക്ക് ബാങ്കിംഗ് സേവനം നല്‍കികൊണ്ടാണ് മുത്തൂറ്റ് ബാങ്കേഴ്‌സ് എന്ന പേരിലാണ് മുത്തൂറ്റ് പ്രവര്‍ത്തനം തുടങ്ങിയതുതന്നെ. പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തില്‍ നിന്ന് കമ്പനിയായും പിന്നീട് എന്‍ ബി എഫ് സിയായും ലിസ്റ്റഡ് കമ്പനിയായുമെല്ലാം വളര്‍ന്ന മുത്തൂറ്റ് ഇനി ബാങ്കായി മാറുമോ? ഓഹരി വില വിഭജനമുണ്ടാവുമോ? മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് സംസാരിക്കുന്നു.നാളെയൊരിക്കല്‍ ബാങ്കാവുമോ?
ലിസ്റ്റഡ് എന്‍ ബി എഫ് സികള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ബാങ്കിംഗ് ലൈസന്‍സിനായി എപ്പോള്‍ വേണമെങ്കിലും ഇപ്പോള്‍ ശ്രമിക്കാം. ഇതില്‍ എനിക്ക് തനിച്ച് മറുപടി പറയാനാകില്ല. ഡയറക്റ്റര്‍ ബോര്‍ഡാണ് അന്തിമതീരുമാനമെടുക്കുക. എന്നിരുന്നാലും ഇത്തരം കാര്യങ്ങള്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യാറുണ്ട്. ഒരു ഷെഡ്യൂള്‍ഡ് ബാങ്ക് നല്‍കുന്ന ഏതാണ്ടെല്ലാ സേവനങ്ങളും ഇപ്പോള്‍ ഞങ്ങള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ട്. ബാങ്കുകളുടെ മെച്ചം അവയ്ക്ക് കുറഞ്ഞ ചെലവില്‍ ഫണ്ട് ലഭിക്കുമെന്നതാണ്. ഞങ്ങളുടെ റേറ്റിംഗ് വളരെ ഉയര്‍ന്നതായതിനാല്‍ ഫണ്ടിന്റെ ചെലവില്‍ കാര്യമായ കുറവുണ്ട്. രണ്ടര ശതമാനത്തോളം താഴെ വന്നിട്ടുണ്ട് അതിപ്പോള്‍. കമേഴ്‌സ്യല്‍ പേപ്പര്‍, എന്‍ സി ഡി എന്നിവ വഴി കുറഞ്ഞ പലിശ നിരക്കില്‍ ഫണ്ട് കിട്ടുന്നുമുണ്ട്. ബാങ്കായി മാറുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ടെന്നല്ലാതെ അതില്‍ തീരുമാനമൊന്നും ആയിട്ടില്ല.സ്വര്‍ണപ്പണയ വായ്പാ രംഗത്തെ സാധ്യത?
പലവിധ വായ്പകള്‍ ഇന്ന് രാജ്യത്തുണ്ട്. പക്ഷേ കൈയിലുള്ള ഒരു തരി സ്വര്‍ണം ഈട് നല്‍കി അതിവേഗത്തില്‍ വായ്പ ലഭിക്കാനുള്ള സാഹചര്യം സ്വര്‍ണപ്പണയ വായ്പാ രംഗത്ത് മാത്രമാണുള്ളത്. ക്രെഡിറ്റ് സ്‌കോര്‍ എന്ന കടമ്പയൊന്നും സ്വര്‍ണപ്പണയ വായ്പ കിട്ടാന്‍ തടസ്സമല്ല. രാജ്യത്തെ ഒട്ടുമുക്കാല്‍ ജനങ്ങള്‍ക്കും എളുപ്പത്തില്‍ വായ്പ കിട്ടാനുള്ള മാര്‍ഗം സ്വര്‍ണ്ണപ്പണയമാണ്. ഇന്നിപ്പോള്‍ രാജ്യത്തെ വമ്പന്‍ ബാങ്കുകള്‍ വരെ ഈ രംഗത്തുണ്ട്. അതായത് ഏറെ പേര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നു എന്നതാണ്. അതിനര്‍ത്ഥം ഇത് സാധ്യതയുള്ള ബിസിനസ് എന്നത് തന്നെയാണ്.ഗ്രൂപ്പിന്റെ ബിസിനസില്‍ സ്വര്‍ണപ്പണയ ബിസിനസിന്റെ വിഹിതം?
ഞങ്ങളുടെ മൊത്തം പോര്‍ട്ട്‌ഫോളിയോയില്‍ 90 ശതമാനവും ഗോള്‍ഡ് ലോണാണ്. മറ്റ് പല രംഗങ്ങളിലും ഞങ്ങളുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ ഉപവിഭാഗങ്ങളെല്ലാം കൂടുതല്‍ ശക്തമായി ഉയര്‍ന്നു വരും. (മുത്തൂറ്റ് ഗ്രൂപ്പ് കമ്പനികളറിയാന്‍ ബോക്‌സ് നോക്കുക)ഫിന്‍ടെക് രംഗത്തേക്കുള്ള ചുവടുവെപ്പുകള്‍?
ഇപ്പോള്‍ ഫിന്‍ടെക് എന്ന് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ധരിച്ച് വെച്ചിരിക്കുന്നത് ആധാര്‍ നമ്പറോ കാര്‍ഡോ നല്‍കിയാല്‍ അതിവേഗം 5000 രൂപ മുതല്‍ 50,000 രൂപ വരെ വായ്പ കിട്ടുകയും പണം അയക്കാന്‍ സഹായിക്കുകയും ചെയ്യുന്ന സംവിധാനങ്ങളെയാണ്. ടെക്‌നോളജി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതെന്തും ഫിന്‍ടെക്കാണ്. ഞങ്ങള്‍ ഒരുകാര്യം വികസിപ്പിക്കുമ്പോള്‍ തന്നെ അത് ടെക്‌നോളജി ഉപയോഗിച്ച് വിപുലപ്പെടുത്താനാകുമോയെന്നാണ് ചിന്തിക്കുന്നത്. ഇപ്പോള്‍ മുതലല്ല; ദശകങ്ങള്‍ക്ക് മുമ്പേ ഐറ്റി രംഗത്തുണ്ട് ഞങ്ങള്‍. സ്വര്‍ണ്ണപ്പണയ വായ്പയുടെ കാര്യത്തില്‍ ഈടായി സ്വീകരിക്കുന്നത് മൂല്യമുള്ള സ്വര്‍ണമാണ്. അത് ഡിജിറ്റലായി ശാഖകളില്‍ എത്തിക്കാനുള്ള സംവിധാനം ഇതുവരെയുണ്ടായിട്ടില്ല. എന്നാല്‍ വീടുകളില്‍ നേരിട്ടെത്തി നിശ്ചിത ഫീസ് വാങ്ങി സ്വര്‍ണം ഈടായി സ്വീകരിച്ച് വായ്പ ഞങ്ങള്‍ നല്‍കുന്നുണ്ട്. സാധ്യമായ എല്ലാ രംഗത്തും ടെക്‌നോളജി ഉള്‍ക്കൊള്ളിച്ചാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്.സാമ്പത്തിക സേവന രംഗത്ത് ടെക്‌നോളജി കൂടുതലായി ഉപയോഗിക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ കുറയുമോ?
മറ്റെല്ലാ രംഗത്തെന്ന പോലെ ഈ രംഗത്തെയും തൊഴിലുകളുടെ സ്വഭാവം മാറുകയാണ്. ആവര്‍ത്തന സ്വഭാവമുള്ള ജോലികള്‍ ചെയ്യാന്‍ റോബോട്ടിക് പ്രോസസ്സുകള്‍ മതി. മുന്‍പ് ഈ രംഗത്ത് ജോലി ചെയ്യാന്‍ വേണ്ട വൈദഗ്ധ്യമല്ല ഇപ്പോള്‍ വേണ്ടത്. ഞങ്ങള്‍ ജീവനക്കാരുടെ സ്‌കില്ലുകള്‍ തേച്ചുമിനുക്കിയും കൂടുതല്‍ വൈദഗ്ധ്യമുള്ളവരുമാക്കിയുമാണ് മുന്നോട്ട് പോകുന്നത്.മുത്തൂറ്റ് ഓഹരി വിഭജനം നടക്കാനിടയുണ്ടോ?
ഇതിന്റെ തീരുമാനവും ബോര്‍ഡിലാണ് ഉണ്ടാവേണ്ടത്. ഓഹരി വിഭജിക്കുന്നതുകൊണ്ട് സൈക്കോളജിക്കലായ ഒരു സ്വാധീനമുണ്ടാവുമെന്നതല്ലാതെ മറ്റെന്താണുണ്ടാവുക? മുത്തൂറ്റിന്റെ 73 ശതമാനം ഓഹരികളും പ്രെമോര്‍ട്ടര്‍മാരുടെ കൈകളിലാണ്. രണ്ട് ശതമാനത്തോളം ESOP ആയി വിതരണം ചെയ്തിട്ടുണ്ട്. ബാക്കി ഓഹരികളാണ് നിക്ഷേപകരുടെ കൈവശമുള്ളത്. ഓഹരി വില കൂടുമ്പോള്‍ വിപണി മൂല്യമുള്ള കമ്പനിയെന്ന നിലയില്‍ ബഹുമാന്യത കിട്ടും. പക്ഷേ ഞങ്ങള്‍ അതിനേക്കാളുപരി ബിസിനസ് നല്ല നിലയില്‍ കൊണ്ടുപോകാനാണ് ശ്രദ്ധിക്കുന്നത്.ഇലയനക്കമില്ലാതെ നടന്ന മാറ്റം
മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യമെമ്പാടും പടര്‍ത്തിയത് മുന്‍ ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റായിരുന്നു. മൂന്നര - നാല് പതിറ്റാണ്ടുകളോളം ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ ഒരു മലയാളി കമ്പനിയുടെ വേര് പടര്‍ത്തി അദ്ദേഹം. സാധാരണക്കാര്‍ മുതല്‍ രാജ്യത്തിന്റെ ഭരണാധികാരികളും ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്മാരും വരെ അടുത്ത ബന്ധം അദ്ദേഹത്തോട് പുലര്‍ത്തിയിരുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ ട്രസ്റ്റി എന്ന നിലയില്‍ തുടര്‍ച്ചയായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച എം ജി ജോര്‍ജ് മുത്തൂറ്റ്, ഏറെക്കാലം മുമ്പേ ബിസിനസ് ഉത്തരവാദിത്തങ്ങള്‍ പുതുതലമുറയ്ക്ക് നല്‍കി അവരെ ശാക്തീകരിക്കുകയും ചെയ്തിരുന്നു. ''ഓടുന്ന കപ്പലിന്റെ കപ്പിത്താന്‍ മാറുന്ന പ്രതീതയേ ഉണ്ടായുള്ളൂ. അങ്ങേയറ്റം പ്രൊഫഷണലായി നടക്കുന്ന പ്രസ്ഥാനമായതിനാല്‍ ആ മാറ്റം ബിസിനസിനെ സ്വാധീനിക്കുന്നതുമായില്ല,'' ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറയുന്നു.കുടുംബ ബിസിനസില്‍ വേണ്ടത്
നാലാം തലമുറയിലെത്തി നില്‍ക്കുന്ന കുടുംബ ബിസിനസിന്റെ കാരണവര്‍ സ്ഥാനമാണ് ജോര്‍ജ് ജേക്കബ് മുത്തൂറ്റിനുള്ളത്. ''കുടുംബ ബിസിനസ് വിജയകരമായി മുന്നോട്ട് പോകാന്‍ വേണ്ടത് കുടുംബാംഗങ്ങള്‍ക്കിടയില്‍ വേണ്ട അണ്ടര്‍സ്റ്റാന്‍ഡിംഗാണ്. ഒരിക്കലും താരതമ്യം അവിടെ പാടില്ല. എല്ലാവര്‍ക്കും എല്ലാ കഴിവും കാണില്ല. ഓരോരുത്തരുടെ കഴിവും പ്രാഗത്ഭ്യവും നോക്കിവേണം മുന്നോട്ട് പോകാന്‍. എല്ലാത്തിനുമുപരി വേണ്ട ഒന്നുണ്ട്; ദൈവാധീനം.''രാജ്യത്തെ സ്വര്‍ണപ്പണയ വായ്പാ വിപണിയുടെ 12-14 ശതമാനം കൈയാളുമ്പോഴും കേരളത്തിലെ വിപണി വിഹിതം ഏകദേശം മൂന്ന് ശതമാനം മാത്രമേയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും കേരള വിപണിയിലും സ്വര്‍ണപ്പണയ വായ്പാ രംഗത്ത് മുന്നില്‍ മുത്തൂറ്റ് ഫിനാന്‍സാണ് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറയുന്നു.
മനുഷ്യപറ്റുള്ള സേവനങ്ങള്‍
മറ്റുള്ളവരെ സേവിക്കുക എന്നത് മുത്തൂറ്റിന്റെ വെറും മുദ്രാവാക്യമല്ല. 1993ല്‍ സ്ഥാപിതമായ മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷനിലൂടെ അതിവിപുലമായ സി എസ് ആര്‍ പ്രവര്‍ത്തനങ്ങളാണ് ഗ്രൂപ്പ് ചെയ്യുന്നത്. കൈത്താങ്ങ് വേണ്ട വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഗ്രൂപ്പ് സഹായമെത്തിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന ആഷിയാന ഹൗസിംഗ് പ്രോജക്റ്റ്, ഭിന്നശേഷിയുള്ളവര്‍ക്ക് പിന്തുണ നല്‍കാന്‍ സ്‌നേഹ സഞ്ചാരി പ്രോജക്റ്റ്, ഹെല്‍ത്ത് കെയര്‍ സൗകര്യം ഒരുക്കുന്ന സ്‌നേഹാശ്രയ പ്രോജക്റ്റ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത പഠനം നടത്തുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പും പഠനത്തിന് പിന്തുണയും, വിദൂര ഗ്രാമങ്ങളിലുള്ളവര്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ തയ്യല്‍ മെഷീന്‍, ഉന്തുവണ്ടികള്‍ എന്നിങ്ങനെ പലവിധ സേവനങ്ങള്‍ നല്‍കുന്ന പ്രോഗ്രാം, സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നിന്നുകൊണ്ട് ശുചിമുറികള്‍ ഒരുക്കി നല്‍കല്‍ എന്നിങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഗ്രൂപ്പ് ഓരോ വര്‍ഷവും നടത്തുന്നത്.കേരളത്തില്‍ വെള്ളപ്പൊക്ക ബാധിതരായ 200 ലേറെ കുടുംബങ്ങള്‍ക്ക് ആഷിയാന ഹൗസിംഗ് പദ്ധതി പ്രകാരം ഗ്രൂപ്പ് വീട് വെച്ച് നല്‍കിയിട്ടുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 80 കോടി രൂപയാണ് ഗ്രൂപ്പ് സി എസ് ആര്‍ ഫണ്ടായി വിനിയോഗിച്ചത്.