ഡിജിറ്റല്‍ വായ്പാ രംഗത്തും മൂക്കുകയര്‍ വീഴും!

ഡിജിറ്റല്‍ വായ്പാ തട്ടിപ്പ് തടയാന്‍ നിയമനിര്‍മാണം നടത്തിയേക്കും

Update:2021-12-04 10:40 IST
ബാങ്കിംഗ് ആവശ്യമാണ്, എന്നാല്‍ ബാങ്കുകള്‍ അല്ല
1994 ല്‍ മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ് പറഞ്ഞതാണിത്. എന്നാല്‍ അദ്ദേഹം അര്‍ത്ഥമാക്കിയത് എന്താണെന്ന് പൂര്‍ണമായി മനസ്സിലാക്കാന്‍ ലോകം ഏകദേശം രണ്ടു പതിറ്റാണ്ടു കാലമെടുത്തു. ഇന്ന് പരമ്പരാഗത ബാങ്കിംഗ് സംവിധാനത്തിന്റെ സുസ്ഥിരതയെയും ഭാവി ബാങ്കിംഗിന്റെ (ബാങ്ക് 4.0) പരിണാമത്തില്‍ ടെക്നോളജി, ഫിന്‍ടെക്, ഓണ്‍ലൈന്‍, മൊബീല്‍ ബാങ്കിംഗ് മുതലായവയുടെ പങ്കിനെയും കുറിച്ച് സജീവമായി ചര്‍ച്ച ചെയ്ത് വരികയാണ്. 2021 ല്‍ ബാങ്ക് 5.0 നെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
ഡിജിറ്റല്‍ വായ്പകളാണ്(Digital Lending) ഇന്ത്യയിലെ ഫിന്‍ടെക് വിപ്ലവത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്ന്. ഡിജിറ്റല്‍ വായ്പകളില്‍ സാധാരണയായി ഇലക്ട്രോണിക് പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തിയുള്ള എല്ലാവിധ വായ്പാ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്നു. അതിലൂടെ കടം വാങ്ങുന്നയാള്‍ വായ്പാദാതാവുമായി നേരിട്ട് ബന്ധപ്പെടുന്നു.

ആകെ വായ്പയുടെ ഒരു ചെറിയ ശതമാനം മാത്രമാണെങ്കിലും ഡിജിറ്റല്‍ വായ്പ ഇന്ന് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ വിതരണം ചെയ്യുന്ന വായ്പകളില്‍ ഭൂരിഭാഗവും വ്യക്തിഗത വായ്പകളാണ്. ബാങ്കുകള്‍ വിതരണം ചെയ്യുന്ന ഡിജിറ്റല്‍ വായ്പകളില്‍ 87 ശതമാനവും ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവിലേക്കുള്ളത്. എന്നാല്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (NBFC) കാര്യത്തില്‍ ഡിജിറ്റലായി വിതരണം ചെയ്യുന്ന വായ്പകളില്‍ ഭൂരിഭാഗവും 30 ദിവസത്തില്‍ കുറഞ്ഞ കാലയളവിലേക്കുള്ളതാണ് (37.5 ശതമാനം).
2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 80 ആപ്ലിക്കേഷന്‍ സ്റ്റോറുകളിലായി ഇന്ത്യന്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഏകദേശം 1100 വായ്പാ ആപ്പുകള്‍ ലഭ്യമാണ്.
കാലക്രമേണ പരാതികളുടെ എണ്ണവും കൂടി വരുന്നുണ്ട്. 2020 ജനുവരി മുതല്‍ 2021 മാര്‍ത്ത് വരെയുള്ള കാലയളവില്‍ 2500 ലേറെ പരാതികളാണ് സ്റ്റേറ്റ് ലെവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് (SLCC) കീഴില്‍ റിസര്‍വ് ബാങ്ക് സ്ഥാപിച്ച Sachet എന്ന പോര്‍ട്ടലില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ ലോക്കല്‍ പോലീസിനും മറ്റ് വിവിധ നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും മുമ്പാകെ ഫയല്‍ ചെയ്ത കേസുകള്‍ വേറെ.
ഈ പശ്ചാത്തലത്തില്‍ നിയന്ത്രിത സാമ്പത്തിക മേഖലയിലെയും അനിയന്ത്രിത കമ്പനികളുടെയും ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവിധ വശങ്ങള്‍ പഠിക്കുന്നതിനായി 2021 ജനുവരിയില്‍ ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. നിയമപരവും നിയന്ത്രണവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങള്‍, സാങ്കേതികവിദ്യ, ഉപഭോക്തൃ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് ശുപാര്‍ശകള്‍ നല്‍കി. വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ശുപാര്‍ശകള്‍ പൊതുജനങ്ങളുടെയും ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങള്‍ അറിയുന്നതിനായി ആര്‍ബിഐ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശുപാര്‍ശകള്‍ പൂര്‍ണമായി അംഗീകരിക്കപ്പെട്ടാല്‍ നിലവിലുള്ള ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമൂലമായ മാറ്റം ഉണ്ടാകുകയും ഉപയോക്താക്കള്‍ക്ക് ഗുണം ലഭിക്കുകയും ചെയ്യും.

നിയമപരവും നിയന്ത്രണ പരവുമായ പ്രധാന ശുപാര്‍ശകള്‍

  • ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്ലിക്കേഷനുകളുടെ പ്രാഥമിക സാങ്കേതിക യോഗ്യത പരിശോധിക്കുന്നതിനായി നോഡല്‍ ഏജന്‍സിയെ നിയമിക്കണം. പരിശോധന നടത്തിയ ആപ്ലിക്കേഷനുകളുടെ പൊതു രജിസ്റ്റര്‍ വെബ്സൈറ്റില്‍ ലഭ്യമാക്കണം.
  • ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ വഴിയുള്ള ബാലന്‍സ് ഷീറ്റ് ലെന്‍ഡിംഗ് ആര്‍ബിഐ നിയന്ത്രിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കോ മാത്രമായി പരിമിതപ്പെടുത്തണം.
  • ഡിജിറ്റല്‍ ലെന്‍ഡിംഗ് ഇക്കോസിസ്റ്റത്തില്‍ പെടുന്നവരെ ഉള്‍പ്പെടുത്തി ഒരു എസ് ആര്‍ ഒ രൂപീകരിക്കണം.
  • Banning of Unregulated Lending Activities Act കൊണ്ടു വന്ന് നിയമവിരുദ്ധ വായ്പാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയേക്കാം.
  • വായ്പാ വിതരണം വായ്പക്കാരന്റെ ബാങ്ക് എക്കൗണ്ടിലൂടെയാവണം. ഡിജിറ്റല്‍ വായ്പയെടുക്കുന്നവരുടെ ബാങ്ക് എക്കൗണ്ട് മുഖേന മാത്രമേ വായ്പയുടെ വിതരണവും അനുബന്ധ സേവനങ്ങളും നടത്താവൂ.
  • ക്രെഡിറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച ക്രെഡിറ്റ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ഡിജിറ്റല്‍ വായ്പാ സ്ഥാപനങ്ങള്‍ നടത്തുന്ന ലോണ്‍ മാര്‍ക്കറ്റിംഗ് തടയുന്നതിന് ഏതെങ്കിലും സാമ്പത്തിക മേഖലാ റഗുലേറ്റര്‍മാര്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളെ മാത്രം വായ്പക്കാരന്റെ ഏജന്റായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിനായി ഉചിതമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ക്രെഡിറ്റ് വിവരങ്ങള്‍ ശേഖരിക്കുകയോ അന്വേഷിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് നിര്‍ദ്ദിഷ്ട സ്ഥാപനങ്ങള്‍ ഇലക്ട്രോണിക് ചാനലിലൂടെ വായ്പക്കാരനെ അറിയിച്ചിരിക്കണം.
ടെക്നോളജി സംബന്ധമായ പ്രധാന ശുപാര്‍ശകള്‍
  • ഡിജിറ്റല്‍ ലെന്‍ഡിംഗ് സൊലൂഷന്‍സ് വാഗ്ദാനം ചെയ്യുന്നതിനും ആ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ചില അടിസ്ഥാന മാനദണ്ഡങ്ങള്‍ വികസിപ്പിക്കുക
  • എല്ലാ ഡാറ്റകളും ഇന്ത്യയിലെ സെര്‍വറുകളില്‍ തന്നെ സൂക്ഷിക്കണം.
  • വായ്പക്കാരനെയോ വായ്പയെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവരെയോ സംബന്ധിച്ച ഡാറ്റ ശേഖരിക്കുന്നതിന് മുമ്പ് ആവശ്യവും ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങള്‍ അവരെ ധരിപ്പിക്കുകയും അനുമതി നേടുകയും വേണം.
  • ഫിന്‍ടെക്, ടെക് ഫിന്‍സ് കമ്പനികള്‍ക്കായി സമഗ്രമായ നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കുക
ഉപഭോക്തൃ നിയമവുമായി ബന്ധപ്പെട്ട പ്രധാന ശുപാര്‍ശകള്‍ ഇവയാണ്

  • ഓരോ വായ്പാ ദാതാവും നിശ്ചിത ഫോര്‍മാറ്റില്‍ വസ്തുതാ പ്രസ്താവന നല്‍കിയിരിക്കണം. പലിശ നിരക്ക്, മറ്റു ചാര്‍ജുകള്‍ തുടങ്ങി വായ്പ സംബന്ധിച്ച എല്ലാ പ്രധാന വിവരങ്ങളും അതില്‍ അടങ്ങിയിരിക്കണം.
  • പിഴയില്ലാതെ ആനുപാതികമായ എപിആര്‍ അടച്ച് വായ്പയില്‍ നിന്ന് ഒഴിവാകാനുള്ള ഓപ്ഷനോട് കൂടി എല്ലാ ഡിജിറ്റല്‍ വായ്പകള്‍ക്കും നിശ്ചിത ദിവസത്തെ ലുക്ക് അപ്പ് കാലയളവ് നല്‍കണം.
  • നിര്‍ദ്ദിഷ്ട എസ്ആര്‍ഒ യോ മറ്റോ തയാറാക്കുന്ന നിബന്ധനകളും വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്ന ലളിതമായയും നിശ്ചിത ഘടനയുള്ളതുമായ വായ്പാ കരാര്‍ തയാറാക്കണം. വായ്പാ കരാര്‍ വായ്പയെടുക്കുന്നയാളിന് മനസ്സിലാകുന്ന ഭാഷയില്‍ ആയിരിക്കണം. ആവശ്യമെങ്കില്‍ പ്രാദേശിക ഭാഷയില്‍.
  • ഡിജിറ്റല്‍ വായ്പകള്‍ക്കായുള്ള ആവശ്യപ്പെടാതെയുള്ള വാണിജ്യ ആശയവിനിമയങ്ങള്‍ ഒരു പെരുമാറ്റച്ചട്ടത്താല്‍ നിയന്ത്രിക്കപ്പെടണം.
  • ഡിജിറ്റല്‍ വായ്പയ്ക്കായുള്ള ആപ്പുകള്‍ വഴിയുള്ള വായ്പാ അപേക്ഷ നിരസിക്കാനുള്ള കാരണം ഉപഭോക്താക്കളെ നിര്‍ബന്ധമായും അറിയിച്ചിരിക്കണം.
  • ആര്‍ബിഐയുമായി കൂടിയാലോചിച്ചായിരിക്കണം നിര്‍ദ്ദിഷ്ട എസ്ആര്‍ഒ വായ്പ തിരിച്ചുപിടിക്കലിനായുള്ള പെരുമാറ്റച്ചട്ടം തയാറാക്കേണ്ടത്.
  • പലിശ തുക ഒരിക്കലും മുന്‍കൂറായി ഈടാക്കുകയോ എക്കൗണ്ടില്‍ നിന്ന് പിടിക്കുകയോ ചെയ്യരുത്. യഥാര്‍ത്ഥ ദിവസങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം പലിശ കണക്കാക്കേണ്ടത്. അതുപോലെ, പ്രീപേമെന്റ് ചെയ്യുമ്പോള്‍ നല്‍കുന്ന പലിശയിളവിന്റെ ആനൂകൂല്യം അടുത്ത ഇഎംഐയുമായി ബന്ധപ്പെടുത്താതെ അതാത് ദിവസം തന്നെ നല്‍കണം.
  • ഹ്രസ്വകാല വായ്പകളില്‍ പൂര്‍ണമായോ ഭാഗികമായോ പ്രി പേമെന്റ് നടത്തുമ്പോള്‍ നാമമാത്രമായ അഡ്മിനിസ്ട്രേറ്റീവ് ഫീസ് ഒഴികെ പിഴപ്പലിശ ഈടാക്കാന്‍ പാടില്ല.


(യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് ലേഖകന്‍. ഫോണ്‍: 7558891177)


Tags:    

Similar News