പുതിയ എം.ഡി ഉടന്‍; സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളില്‍ കുതിപ്പ്

ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 11 ശതമാനത്തോളം മുന്നേറി

Update:2023-06-01 16:05 IST

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികളില്‍ മികച്ച മുന്നേറ്റം. ഇന്ന് ഒരുവേള ഓഹരികള്‍ 11 ശതമാനത്തോളം മുന്നേറി. 17.55 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരികള്‍ 19.10 രൂപവരെയുമെത്തിയിരുന്നു. വ്യാപാരാന്ത്യം ഓഹരിവിലയുള്ളത് 9.68 ശതമാനം നേട്ടവുമായി 18.92 രൂപയിലാണ്. വരും ദിവസങ്ങളിലും ഓഹരിവില ഉയരുമെന്നാണ് വിലയിരുത്തലുകള്‍.

കുതിപ്പിന് പിന്നില്‍
ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായിരുന്ന മുരളി രാമകൃഷ്ണന്റെ കാലാവധി മെയ് 31ന് അവസാനിച്ചിരുന്നു. അദ്ദേഹം തുടര്‍നിയമനത്തിന് ആഗ്രഹിക്കുന്നില്ലെന്ന സൂചന കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ നല്‍കിയ ബാങ്ക്, പുതിയ എം.ഡി ആന്‍ഡ് സി.ഇ.ഒയെ കണ്ടെത്താന്‍ നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. യോഗ്യരായവരുടെ ചുരുക്കപ്പട്ടികയായെന്ന് ബാങ്ക് ഇന്നലെ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഓഹരികളുടെ കുതിപ്പ്. പട്ടിക വൈകാതെ റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കും.
മുരളി രാമകൃഷ്ണന്‍
2020 ഒക്ടോബര്‍ ഒന്നിനാണ് മുരളി രാമകൃഷ്ണന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമാകുന്നത് (സി.ഇ.ഒ). ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് ജനറല്‍ മാനേജരായി 2020 മെയ് 30ന് വിരമിച്ച അദ്ദേഹം ആ വര്‍ഷം ജൂലായ് ഒന്നിനാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിലെത്തിയത്.
അദ്ദേഹത്തിന്റെ കീഴില്‍ മികച്ച നേട്ടങ്ങളെഴുതാന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ബാങ്ക് 775 കോടി രൂപയുടെ റെക്കോഡ് ലാഭമാണ് രേഖപ്പെടുത്തിയത്. നിഷ്‌ക്രിയ ആസ്തി ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞു.
Tags:    

Similar News